Latest News

യുക്മ സ്റ്റാർ സിംഗർ 3 ക്ക് കേളികൊട്ടുയരുകയായി! ഒഡിഷൻ സെപ്റ്റംബർ രണ്ട് ശനിയാഴ്ച ലണ്ടനിൽ

2017-06-05 02:07:18am | സജീഷ് ടോം (യുക്മ പി.ആർ.ഒ.)
യു കെ മലയാളികൾക്കിടയിലെ ഏറ്റവും വലിയ മ്യൂസിക്കൽ റിയാലിറ്റി ഷോ ആയ യുക്മ സ്റ്റാർ സിംഗറിന്റെ മൂന്നാം പരമ്പര ഔദ്യോഗീകമായി പ്രഖ്യാപനം ചെയ്യപ്പെട്ടു. കഴിഞ്ഞ തവണത്തേതിന് സമാനമായി ഗർഷോം ടി വി തന്നെയാണ് ഇത്തവണയും സ്റ്റാർ സിംഗർ പ്രോഗ്രാം അണിയിച്ചൊരുക്കുന്നത്. യുക്മ ദേശീയ സമിതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കപ്പെടുക.   
 
 
 2014 ൽ ആയിരുന്നു യു കെ മലയാളികൾക്കിടയിലെ ആദ്യ മ്യൂസിക്കൽ റിയാലിറ്റി ഷോ യുക്മ അവതരിപ്പിച്ചത്. യുക്മ സാംസ്ക്കാരികവേദി ആയിരുന്നു അന്ന് പരിപാടിയുടെ നേതൃത്വം ഏറ്റെടുത്തു നടപ്പിലാക്കിയത്.  ആദ്യ സ്റ്റാർ സിംഗർ പരമ്പരക്ക് സമാപനം കുറിച്ചുകൊണ്ട് നടന്ന ഗ്രാൻഡ് ഫിനാലെ പദ്മശ്രീ കെ എസ് ചിത്ര പ്രധാന വിധികർത്താവായി പങ്കെടുത്തു എന്ന വലിയ സവിശേഷത കൊണ്ട് ഇന്നും അവിസ്മരണീയമായി നിലകൊള്ളുന്നു. റീജാ ഷിജോ സ്റ്റാർ സിംഗർ പട്ടം നേടിയ ഒന്നാം പരമ്പരയിൽ ആരുഷി ജെയ്‌മോൻ ഫസ്റ്റ് റണ്ണർ അപ്പ് ആയി. പ്രിയാ ജോമോൻ, അലൻ ആന്റണി, സിബി ജോസഫ് എന്നിവരായിരുന്നു ഗ്രാൻഡ് ഫിനാലെയിലെത്തിയ മറ്റ് ഗായക പ്രതിഭകൾ.
 
 
 2016 നടന്ന യുക്മ സ്റ്റാർ സിംഗറിന്റെ രണ്ടാം പരമ്പര ആയിരുന്നു ഏറെ ശ്രദ്ധേയമായത്. നടനും നർത്തകനുമായ വിനീത് ഉദ്ഘാടനം ചെയ്ത രണ്ടാം പരമ്പരയുടെ ഗ്രാൻഡ് ഫിനാലെയിൽ മുഖ്യാതിഥി ആയെത്തിയത് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ ആയിരുന്നു. പ്രവാസി മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധേയമായ ഗർഷോം ടി വി പങ്കാളികളായെത്തി എന്നത് രണ്ടാം പരമ്പരയുടെ സവിശേഷതയായി.  യു കെ യുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയ വേദികളിൽ, വിധികർത്താക്കളുടെയും തെരഞ്ഞെടുക്കപ്പെട്ട പ്രേക്ഷകരുടെയും മുന്നിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചാണ് മത്സരാർഥികൾ ഗ്രാൻഡ് ഫിനാലെയിൽ എത്തിയത്. 
 
 
മത്സരങ്ങളുടെ എല്ലാ എപ്പിസോഡുകളും തികഞ്ഞ സാങ്കേതിക മികവോടെ ഗർഷോം ടി വി യു കെ മലയാളി കുടുംബങ്ങളുടെ സ്വീകരണ മുറിയിലെത്തിക്കുകവഴി പരിപാടിയെ വളരെയേറെ ജനകീയമാക്കുവാൻ സാധിച്ചു എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. അനു ചന്ദ്ര സ്റ്റാർ സിംഗർ ആയ രണ്ടാം പരമ്പരയിൽ അലീന സജീഷ് ഫസ്റ്റ് റണ്ണർ അപ്പ് ആയി. ഡോക്ടർ വിപിൻ നായർ, സന്ദീപ് കുമാർ, സത്യനാരായണൻ എന്നിവരായിരുന്നു ഗ്രാൻഡ് ഫിനാലെയിലെത്തിയ ഇതര ഗായകർ.
 
 
ഏറെ പുതുമകളുമായി ഗർഷോം ടി വി യുടെ സഹകരണത്തോടെ തന്നെ, മൂന്നാം സംഗീത പരമ്പരയുമായി യുക്മ ഇതാ എത്തുകയായി. "ഗർഷോം ടി വി- യുക്മ സ്റ്റാർ സിംഗർ : 3" എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയുടെ ഒഡിഷനിലേക്ക് പതിനാറ് വയസിന് മുകളിൽ പ്രായമുള്ള യു കെ മലയാളി ഗായകരെ യുക്മ ക്ഷണിക്കുകയാണ്. ഒക്റ്റോബർ ഇരുപത്തെട്ടിന് നടക്കുന്ന യുക്മ ദേശീയ കലാമേള വേദിയിൽ വച്ച്  "ഗർഷോം ടി വി- യുക്മ സ്റ്റാർ സിംഗർ : 3" ന്റെ ഔപചാരികമായ ഉദ്ഘാടനം നടക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് അറിയിച്ചു.  
 
 
അപേക്ഷിക്കുന്നവർ തങ്ങളുടെ പൂർണ്ണമായ പേരും മേൽവിലാസവും ഫോൺ നമ്പർ, വയസ്സ്, ജനനതീയതി എന്നീ വിവരങ്ങൾ സഹിതം uukmastarsinger3@gmail.com എന്ന ഇ- മെയിൽ വിലാസത്തിലേക്ക് അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 07706913887, 07500058024 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവർ സെപ്റ്റംബർ രണ്ട് ശനിയാഴ്ച ലണ്ടനിൽ നടക്കുന്ന ഒഡിഷനിൽ പങ്കെടുക്കേണ്ടതാണെന്ന് സ്റ്റാർ സിംഗർ ചീഫ് പ്രോഗ്രാം കോ- ഓർഡിനേറ്റർ സജീഷ് ടോം, മീഡിയ കോ- ഓർഡിനേറ്റർ ജോമോൻ കുന്നേൽ എന്നിവർ അറിയിച്ചു. ഒഡിഷൻ നടക്കുന്ന സ്ഥലത്തിൽ മാറ്റം വരുത്തുകയോ, ഒന്നിലധികം വേദികളിൽ സംഘടിപ്പിക്കപ്പെടുകയോ  ചെയ്യാവുന്നതാണ്.   
 
 
അപേക്ഷ അയക്കേണ്ടുന്ന അവസാന തീയതി ജൂലൈ പതിനഞ്ച് ശനിയാഴ്ച ആയിരിക്കും. കൂടുതൽ പുതിയ പ്രതിഭകൾക്ക് അവസരം ലഭിക്കുന്നതിന് വേണ്ടി ആദ്യ രണ്ട് പരമ്പരകളിലും ഗ്രാൻഡ് ഫിനാലെയിൽ എത്തിയവർ ഒഡിഷന് അപേക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് അഭ്യർത്ഥിച്ചു. ഇതാദ്യമായാണ് സ്റ്റാർ സിംഗർ മത്സരാർത്ഥികളെ കണ്ടെത്താനുള്ള ഒഡിഷൻ പൊതു വേദിയിൽ വച്ച് സംഘടിപ്പിക്കപ്പെട്ടുന്നത്. ഒഡിഷനിൽ തെരഞ്ഞെടുക്കപ്പെടുന്നവർ, യു കെ യുടെ മൂന്ന് വ്യത്യസ്തമായ സ്ഥലങ്ങളിൽ ഒരുക്കുന്ന വേദികളിൽ, ക്ഷണിക്കപ്പെട്ട പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും സാന്നിദ്ധ്യത്തിൽ,  പുതുമയാർന്ന വിവിധ റൗണ്ടുകളിലൂടെ മത്സരിച്ചു വിജയിച്ചതാണ് ഗ്രാൻഡ് ഫിനാലെയിൽ എത്തേണ്ടത്. മുൻ വർഷങ്ങളിൽനിന്നും വ്യത്യസ്ഥമായി, യുക്മ ദേശീയ കമ്മറ്റിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടക്കുന്നു എന്നതുകൊണ്ടുതന്നെ യുക്മ ദേശീയ- റീജിയണൽ നേതൃത്വത്തിൻറെ പൂർണ്ണമായ പങ്കാളിത്തം പരിപാടിയുടെ എല്ലാഘട്ടത്തിലും ഉണ്ടാകുമെന്ന് യുക്മ ദേശീയ ട്രഷറർ അലക്സ് വർഗീസ് പറഞ്ഞു.        
 
 
കോ-ഓർഡിനേറ്റേഴ്‌സിന് പുറമെ യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് ചെയർമാനും ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ് വൈസ് ചെയർമാനും ഗർഷോം ടി വി മാനേജിങ് ഡയറക്ടർ ബിനു ജോർജ് പ്രൊഡക്ഷൻ കൺട്രോളറുമായുള്ള സമിതി ആയിരിക്കും "ഗർഷോം ടി വി- യുക്മ സ്റ്റാർ സിംഗർ : 3" നിയന്ത്രിക്കുക. യു കെ പ്രവാസി മലയാളി സമൂഹത്തിലെ ഗായകർക്ക് കേരളത്തിൽ ആയിരിക്കുമ്പോൾ ലഭിക്കുന്നതിന് തുല്യമായ അവതരണത്തിനും പ്രകടനത്തിനും അവസരമൊരുക്കുന്നു എന്നത് തന്നെയാണ്  സ്റ്റാർ സിംഗർ പരിപാടിയുടെ ഏറ്റവും വലിയ സവിശേഷത. ഉദ്ഘാടനം മുതൽ ഗ്രാൻഡ് ഫിനാലെ വരെ എട്ട് മാസങ്ങൾ കൊണ്ട് പൂർത്തിയാക്കുന്ന രീതിയിലാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഒഡിഷൻ മുതൽ  എല്ലാ ഗാനങ്ങളും ഗർഷോം ടി വി സംപ്രക്ഷേപണം ചെയ്യുന്നതായിരിക്കും.