Latest News

യുക്മ ദേശീയ കായികമേള ജൂൺ 24 ശനിയാഴ്ച ബിർമിംഗ്ഹാമിൽ - ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

2017-06-06 02:59:23am | ജയകുമാർ നായർ (ദേശീയ കായികമേള കോ-ഓർഡിനേറ്റർ)
'യുക്മ ദേശീയ  കായികമേള- 2017'  ബർമിംഗ്ഹാം സർട്ടൻ കോൾഫീൽഡിലെ വിൻഡ്‌ലി ലെഷർ സെന്ററിൽ  അരങ്ങേറും.  ജൂണ്‍ 24 ശനിയാഴ്ച നടക്കുന്ന മേള കുറ്റമറ്റതാക്കുവാൻ വേണ്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി യുക്മ ദേശീയ കമ്മിറ്റി അറിയിച്ചു. ഇത് തുടർച്ചയായ ആറാം തവണയാണ് വിൻഡ്‌ലി ലെഷർ സെന്റർ യുക്മ ദേശീയ കായികമേളക്ക് അരങ്ങൊരുക്കുന്നത്.
 
യുക്മ മിഡ് ലാൻഡസ് റീജിയനും മിഡ്‌ലാൻഡ്‌സ്‌ലെ പ്രബല അസ്സോസിയേഷനായ ഇ എം എ ഏർഡിങ് ടണും ചേർന്നാണ് ഇത്തവണത്തെ  മേള ഏറ്റെടുത്തു നടത്തുന്നത്. മേളയുടെ കാര്യക്ഷമമായ നടത്തിപ്പിനുവേണ്ട അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് ആതിഥേയർ. യുക്മ റീജണൽ  കായികമേളകളിൽ   ഒന്നും രണ്ടും  മൂന്നും  സ്ഥാനങ്ങൾ  നേടുന്ന കായിക താരങ്ങൾക്കാണ്  ദേശീയ  മേളയിൽ  പങ്കെടുക്കുവാൻ  അവസരം ലഭിക്കുക. മിഡ് ലാൻഡസ് ,ഈസ്റ്റ് ആംഗ്ലിയ ,യോക് ഷെയർ ,സൗത്ത് ഈസ്റ്റ് റീജിയണുകളിലെ കായികമേളകൾ വിജയ പ്രദമായി അവസാനിച്ചപ്പോൾ തന്നെ ദേശീയ കായികമേളയിലെ മത്സരങ്ങൾ വാശിയേറിയതാകും എന്നുറപ്പായിക്കഴിഞ്ഞു. സൗത്ത് വെസ്റ്റ്, നോർത്ത് വെസ്റ്റ് , വെയിൽസ്  റീജിയണുകളിലെ മേളകൾകൂടി അവസാനിക്കുന്നതോടെ  പൂർണമായ ചിത്രം തെളിയും.
 
രാവിലെ പത്തു  മണിക്ക്  രജിസ്‌ട്രേഷൻ ആരംഭിക്കും. വടംവലി ഒഴികെയുള്ള എല്ലാ ഇനങ്ങൾക്കും മുന്ന്  പൗണ്ട് ആണ് രജിസ്‌ട്രേഷൻ  ഫീസ്‌. വടംവലി മത്സരത്തിന് ടീം ഒന്നിന് ഇരുപത്തഞ്ചു പൗണ്ട് ആയിരിക്കും രജിസ്‌ട്രേഷൻ ഫീസ്ആയി നൽകേണ്ടത്. അൻപതു വയസിനുമുകളിൽ പ്രായമുള്ളവർക്കായി ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയിരിക്കുന്ന പുതിയ മത്സര ഗ്രൂപ്പ് കായികമേളയുടെ ആവേശം പതിന്മടങ്ങു വർദ്ധിപ്പിക്കുമെന്നാണ് ഇതുവരെ പൂർത്തിയായ റീജിയണൽ മൽസരങ്ങൾക്കുശേഷം ലഭിക്കുന്ന സൂചനകൾ വ്യക്തമാക്കുന്നത്.
 
പതിനൊന്നു  മണിക്ക് മാർച്ചു പാസ്റ്റോടെ  മത്സരങ്ങൾ ആരംഭിക്കും.ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് മെഡലും പ്രശംസാപത്രവും നൾകുന്നതാണ്. വടംവലി മത്സരത്തിലെ വിജയികൾക്ക് സമ്മാന തുകയും ഉണ്ടായിരിക്കുന്നതാണ്. സമ്മാന തുക പിന്നീട് അറിയിക്കും. ഓരോ വിഭാഗത്തിലും കൂടുതൽ വിജയങ്ങൾ നേടുന്നവർക്ക് ചാമ്പ്യൻഷിപ്പും കൂടുതൽ വിജയങ്ങൾ നേടുന്ന അസോസിയേഷനും  റീജയണും എവർറോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.
 
കൂടുതൽ വിവരങ്ങൾക്ക്  ദേശീയ കായികമേള കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ് (07403223066). വേദിയുടെ വിലാസം:-
 
Wyndley Leisure Centre,  Sutton Coldfield, Birmingham - B73 6 EB