Latest News

അക്ഷര കേരളത്തിത്തിന് അവിസ്മരണീയ തുടക്കം! കലാകേരളം ഗ്ലാസ് ഗോയുടെ സ്വപ്ന പദ്ധതിക്ക് ഞായറാഴ്ച തുടക്കമായി

2017-06-09 01:54:45am | വക്കച്ചൻ കൊട്ടാരം.
    കലാകേരളം ഗ്ലാസ് ഗോയുടെ അക്ഷര കേരളം എന്ന സ്വപ്ന പദ്ധതിക്ക് 4/6/17 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഈസ്റ്റ്കിൽ ബ്രൈഡ് Our Lady of Lourd Hall ൽ തുടക്കമായ.  ഒന്നരപതിറ്റാണ്ട് പിന്നിടുന്ന മലയാളി പ്രവാസ സമൂഹം നടത്തിയ ഏറ്റവും വ്യത്യസ്തമായ ഒരു തുടക്കം എന്ന് ഇതിനെ വിശേഷിപ്പിക്കാം.
 
പാരമ്പര്യമായി കൈമുതലായ ഒരു സംസ്കാരവും ,പൗരസ്ത്യമായ മറ്റൊരു സംസ്കാരവും ഒരേ പോലെ കോർത്തിണക്കി കൊണ്ടു പോകേണ്ടി വരുമ്പോൾ മാതാപിതാക്കളും അതിലേറെ പുതുതലമുറയും അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്നങ്ങൾ ഒരു തുറന്ന ചർച്ചയ്ക് വേദിയായപ്പോൾ സമീപ ഭാവിയിൽ മലയാളി സമൂഹം നേരിട്ടേക്കാവുന്ന വലിയൊരു ആശയസംഘർഷത്തിന്റെ മതിൽക്കെട്ട് ഇല്ലാതെയാവുകയായിരുന്നു.
 
തികഞ്ഞ ആത്മവിശ്വാസത്തോടെ പുതു തലമുറ ഡിബേറ്റിന് നേതൃത്വം നൽകിയപ്പോൾ എന്നും ചർച്ചക്ക് വിധേയമാകേണ്ടതും എന്നാൽ ഇതുവരെ ചർച്ച ചെയ്യപ്പെടാതെ പോയതുമായ സുപ്രധാന വിഷയങ്ങൾ ഒന്നൊന്നായി അവതരിപ്പിക്കപ്പെടുകയും അവ എങ്ങനെ പരിഹരിക്കാമെന്ന് ഒന്നിച്ച് ആലോചിക്കുകയും ചെയ്തു.  ഇത്തരം ചർച്ചകൾ മാസത്തിൽ ഒരു തവണയെങ്കിലും ഉണ്ടാവണമെന്ന് ഏവരും ഒരുപോലെ അഭിപ്രായപ്പെട്ടു.
 
ചിത്രരചനയുടെ ബാലപാഠങ്ങൾ ചെറിയ കുട്ടികൾക്കായി ചിത്രരചനയിൽ പ്രാവീണ്യം നേടിയ കലാകേരളത്തിന്റെ പ്രിയ പ്രവർത്തകർ പകർന്ന് നൽകിയപ്പോൾ കുട്ടികൾക്ക് അതൊരു വേറിട്ട പാഠമായി മാറി.   അക്ഷര കേരളത്തിന്റെ തുടർന്നുള്ള സംഗമങ്ങളിൽ പുതുതലമുറയുടെ നാനാവിധമായ കഴിവുകളെ വികസിപ്പിക്കുന്നതിനും, പ്രോൽസാഹിപ്പിക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾക്ക് മുൻഗണന കൊടുക്കുമെന്ന് സംഘാടകർ അറിയിച്ചു.