Latest News

വെസ്റ്റേണ്‍ സൂപ്പര്‍മെയര്‍ കമ്മ്യൂണിറ്റി സംഗീത ലഹരിയില്‍ സ്വരരാഗസന്ധ്യ ശനിയാഴ്ച

2017-06-09 08:29:48am | സുധാകരന്‍ പാലാ

ബ്രിസ്റ്റോള്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന് പുകള്‍ പെട്ട ബ്രിട്ടന്റെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വെസ്റ്റേണ്‍ സൂപ്പര്‍മെയറില്‍ സംഗീത സൗഹൃദത്തിന്റെ ‘സ്വരരാഗ സന്ധ്യക്ക്’ തിരി തെളിയും.

മലയാളസംഗീതത്തിന്റെ രാജശില്പിയായ സംഗീത ചക്രവര്‍ത്തി പരവൂര്‍ ജി ദേവാരാജന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ട് വെസ്റ്റേണ്‍ സൂപ്പര്‍മെയറില്‍ ആദ്യമായി നടക്കുന്ന സ്വരരാഗസന്ധ്യയില്‍ മുപ്പതില്‍ പരം ഗായകര്‍ പങ്കെടുക്കും.

ജൂണ്‍ പത്ത് ശനിയാഴ്ച പകല്‍ 4 മണിക്ക് സെന്റ്. ജോര്‍ജ് കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിക്കുന്ന സംഗീത വിരുന്ന് രാത്രി 10 മണിക്ക് അവസാനിക്കും.

ഗാനഗന്ധര്‍വന്‍ പത്മശ്രീ കെ. ജെ. യേശുദാസിന്റെ മുന്‍ പേഴ്സണല്‍ സെക്രട്ടറിയും ഗായകനുമായ പി.എസ്. രാജഗോപാല്‍ അധ്യക്ഷത വഹിക്കുന്ന ‘സ്വരരാഗസന്ധ്യാ സമ്മേളനം’ മലയാളം സാംസ്‌കാരിക സമിതിയുടെ യുകെ ഓര്‍ഗനൈസര്‍ സുധാകരന്‍ പാലാ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യും.

കലാഹാംപ്ഷെയര്‍ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ നായര്‍, ബ്രിസ്റ്റോള്‍ സണ്‍ മ്യൂസിക് ഡയറക്ടര്‍ ജോസ് ജെയിംസ്, ലണ്ടന്‍ മലയാളം റേഡിയോ ഡയറക്ടര്‍ ജെറീഷ് കുര്യന്‍, അക്ഷര ഗ്രന്ഥാലയം ഡയറക്ടര്‍ അജിത്ത് പാലിയത്ത്, എക്‌സിറ്റര്‍ മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് പിള്ള എന്നിവര്‍ ദേവരാജന്‍ മാസ്റ്ററെ അനുസ്മരിക്കുകയും ആശംസകളര്‍പ്പിച്ചു സംസാരിക്കുകയും ചെയ്യും. ശ്രീമതി. ഡിഷാ ടോമി സ്വാഗതവും മാര്‍ട്ടിന്‍ ചാക്കു കൃതജ്ഞതയും പറയും.

അമ്പിളിന്‍ റോയ്, അമിബിച്ചു, ബ്രീസ് ജയേഷ്, ആഗ്‌നസ് ലാലു, സാനിയ സജി, ഗ്ലോറിയ ഗ്രോമിക്കോ, ജ്വാലാ റോസ് വിന്‍സന്റ്, മേഖാ ബോബി, സായാഹ്ന ഷിബു എന്നീ ഒന്‍പതു കുരുന്നു പ്രതിഭകള്‍ ആലപിക്കുന്ന പ്രാര്‍ത്ഥനാ ഗാനത്തോടെ സ്വരരാഗ സന്ധ്യക്ക് തുടക്കം കുറിക്കും.

കുമാരി തുഷാര സതീശന്‍, അഞ്ചു അനില്‍, അല്‍ക്കാ ഷാജി, ആഷ്ലി ടോമി, ജോനാ ജോര്‍ജ്, സോനാ ടോമി എന്നിവരുടെ നൃത്തനൃത്യങ്ങള്‍ സംഗീത സായാഹ്നത്തിന് ചാരുലത പകരും.

കുമാരി സിമി സിറിയക് അവതരികയാകും. പി.എസ്.രാജഗോപാല്‍, ഷിബു സെബാസ്റ്റ്യന്‍, അനീഷ് മാത്യു, മാര്‍ട്ടിന്‍ ചാക്കോ, ജെയിംസ് ചാണ്ടി, ജിജോ ജേക്കബ്, ബിജു എബ്രഹാം, അനില്‍ തോമസ്, ഡാന്‍ ഡാനിയേല്‍, ബിനു ചാക്കോ, ഡിഷാ ടോമി, ആലീസ് വിന്‍സന്റ്, മായ ജയേഷ് എന്നിവര്‍ ചേര്‍ന്ന് രൂപം കൊടുത്ത സ്വരരാഗ സന്ധ്യ സംഗീതപ്രേമികള്‍ക്കായി എല്ലാ വര്‍ഷവും മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകരുടെ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് നടത്തുവാന്‍ ഉദ്ദേശിക്കുന്നതായി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 07490393949 എന്ന നമ്പറില്‍ ബന്ധപ്പെടുക.

വിലാസം:

ST. GEORGE COMMUNITY CENTRE

WESTERN SUPERMARE

BS22 7XF