Latest News

യുക്മ ദേശീയ സാരഥികൾക്ക് ലിംകയുടെ ആഭിമുഖ്യത്തിൽ ലിവർപൂൾ മലയാളികളുടെ സ്വീകരണം

2017-03-10 11:24:35am |
വർദ്ധിത പ്രതിബദ്ധതയോടെ പുതിയ ദിശാബോധത്തോടെ നൂതന കർമ്മ പ്രവർത്തനങ്ങളുമായി യുകെ മലയാളി സമൂഹത്തിൻറെ നാഡീസ്പന്ദനമായി മാറിയിരിക്കുന്ന യുക്മയുടെ നവ സാരഥികൾക്കു ലിംകയുടെ ആഭിമുഖ്യത്തിൽ ഊഷ്‌മളമായ വരവേൽപ്പ് നൽകുകയുണ്ടായി. എന്നും എപ്പോഴും നല്ല പൊതുജന സംരംഭത്തിന് ശക്തമായ അടിത്തറയും നിർലോഭമായ പിന്തുണയും നൽകിവരുന്ന ലിംക, കാലത്തിൻറെ തികവിനൊപ്പം ശ്ലാഹനീയമായ കർമ്മ പരിപാടികളും പ്രതിശ്ചായയുമായി യുക്മക്ക് ഒരു പുത്തൻ ഉണർവ്വും തേജസ്സും പകരുന്നത് വെളിവാക്കുന്നതായിരുന്നു ലിംക നൽകിയ സ്വീകരണം.

വേറിട്ടതും കാലികപ്രസക്തിയുമുള്ള സ്വപ്ന സമാനമായ ഒരു പ്രവർത്തന പന്ഥാവാണ് യുക്മ വരുന്ന രണ്ടു വർഷത്തിലേക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് യുക്മ ട്രഷറർ ശ്രീ അലക്സ് വര്ഗീസ് പ്രഖ്യാപിച്ചു. ഒത്തൊരുമയോടെയും ലക്ഷ്യബോധത്തോടെയും യുകെ മലയാളി സമൂഹത്തെ ഒന്നായിക്കണ്ട് രൂപ കല്പന ചെയ്തിരിക്കുന്ന ഒരു പ്രവർത്തന സംവിധാനമാണ് യുക്മ കരുപ്പിടിപ്പിച്ചെടുത്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ഇദംപ്രഥമമായി യുകെ മലയാളി യുവതലമുറക്കായി യുക്മ ഒരു വേദി ഒരുക്കുകയാണ് യൂത്ത് യുക്മയിലൂടെ. അതിന് നേതൃത്വം നൽകുന്നത് യുക്മയുടെ ദേശീയ വൈസ് പ്രസിഡന്റ് ഡോ: ദീപ ജേക്കബും ദേശീയ നിർവാഹക സമിതി അംഗമായ ഡോ: ബിജുവും. മാറി മാറി വരുന്ന കാലത്തിന്റെ വെല്ലുവിളികളെ നേരിടുവാൻ നമ്മുടെ യുവ തലമുറയെ സജ്ജമാക്കുന്ന ഒരുപാട് ആവേശോജ്ജ്വലമായ പരിപാടികളെക്കുറിച്ചും അവക്കുവേണ്ട പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതിനെപ്പറ്റിയും ഡോ: ദീപ സ്വീകരണത്തിന് നൽകിയ മറുപടി പ്രസംഗത്തിൽ അക്കമിട്ടു നിരത്തി. യുക്മയുടെ സ്വപ്ന പദ്ധതിയായ റാപിഡ് റെസ്പോൺസ് പ്രോജെക്ടിനെക്കുറിച്ചു ഡോ: ദീപ അവതരിപ്പിച്ചത് തീഷ്ണതയും നിശ്ചയ ദാർഢ്യവും വ്യക്തമാക്കിക്കൊണ്ടാണ്. മാരക രോഗത്താലും സ്വന്തപ്പെട്ടവരുടെ ആകസ്മിക വിയോഗത്താലും മറ്റു ജീവിത ദുരവസ്ഥയിലും നട്ടം തിരിയുന്നവർക്ക് ഒരാശ്വാസത്തിന്റെയും സഹാനുഭൂതിയുടെയും സഹവർത്തിത്വത്തിന്റെയും കൈത്താങ്ങാവുന്ന ഒരു പദ്ധതിയാണ് റാപിഡ് റെസ്പോൺസ്. ഒച്ചപ്പാടും ബഹളവുമില്ലാതെ ദുരന്തങ്ങളെ വിൽപനച്ചരക്കാക്കാതെ അനുഭവസ്ഥർക്കൊപ്പം മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ചേർന്ന് നിൽക്കുന്ന ഈർപ്പമുള്ള കനിവിന്റെ ഒരു കിരണമായി മാറും ഈ പ്രസ്ഥാനമെന്നു ഡോ: ദീപ അടിവരയിട്ട് ആവർത്തിച്ചു.യുക്മ ദേശീയ ജോയിൻറ് സെക്രട്ടറി ആയ ശ്രീമതി സിന്ധു ഉണ്ണി യുക്മ നഴ്‌സസ് ഫോറത്തിൻറെ കോർഡിനേറ്റർ കൂടിയാണ്. യുകെയിലെ മലയാളി നേഴ്സുമാരും മറ്റ് ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവരും നേരിടുന്ന ഗുരുതര പ്രശ്നങ്ങളെക്കുറിച്ചുള്ള വ്യക്തമായ അവഗാധ ബോധത്തോടെയാണ് ശ്രീമതി സിന്ധു ഉണ്ണി സംസാരിച്ചത്. അവയെ നേരിടുവാനുള്ള ഒരു കര്‍മ്മ പദ്ധതിയും സിന്ദു സ്വീകരണ യോഗത്തിൽ അവതരിപ്പിക്കുകയുണ്ടായി. അതിന്റെ ആദ്യപടിയായി ഏപ്രിൽ മാസം 28 ന് ലണ്ടനിൽ വച്ച് യുക്മയുടെ നേതൃത്വത്തിൽ ചേരുന്ന നേഴ്സസ് കൺവെൻഷൻ സംഘടിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി. യുക്മ നഴ്‌സസ് ഫോറത്തിനെ അതിൻറെ ലക്ഷ്യ പ്രാപ്തിയിലെത്തിക്കുവാനുള്ള ഒരു നിശ്ചയ ധാർഢ്യവും വളരെ ശക്തമായി മുഴങ്ങികേട്ടിരുന്നു ശ്രീമതി സിന്ധുവിൻറെ വാക്കുകളിൽ.

സംഘടനാ പാടവത്തിൽ മികവുറ്റ സംഭാവനകൾ നൽകിയ യുക്മയുടെ സജീവ സാന്നിദ്ധ്യമായ ശ്രീ എസ് ജയകുമാർ ഇപ്പോൾ യുക്മയുടെ ജോയിൻറ് ട്രഷറർ ആണ്. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്വങ്ങളും തന്റെ കൈയ്യൊപ്പോടെ വൻ വിജയഗാഥയാക്കി മാറ്റിയ ജയകുമാർ യുക്മയുടെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാം ആയ സാന്ത്വനത്തെപ്പറ്റി സദസ്സിനോട് സംസാരിച്ചു. ആകസ്മിക മരണത്തിൽ തളരുന്ന മലയാളിക്ക് ആശ്വാസത്തിന്റെയും സഹായത്തിന്റെയും സാന്ത്വനം നൽകുന്ന യുക്മയുടെ ഈ പുതിയ ചാരിറ്റി സംവിധാനം യുകെ മലയാളികളോടുള്ള യുക്മയുടെ പ്രതിബദ്ധതയുടെ പരിശ്ചേദമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. അചിന്തനീയമായ ശക്തമായ അനുകൂല പ്രതികരണങ്ങളാണ് എല്ലാ മേഖലകളിൽനിന്നും സാന്ത്വനത്തിന് ലഭിച്ചത് അത് യുക്മയെ വിനയാന്വിതരാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

യുകെയിലെ ഏറ്റവും ശക്തമായ റീജിയൻ ആയി വളർത്തിയെടുക്കാനുള്ള ദുഷ്കരമായ ദൗത്യം ശിരസ്സാ വഹിച്ചുകൊണ്ടാണ് യുക്മ നോർത്തുവെസ്റ് റീജിയൻ പ്രസിഡന്റ് ശ്രീ ഷീജോ വർഗ്ഗീസ് എത്തിയത്. വളരെ കരുതലോടെയുള്ള ഒരു പ്രവർത്തന കലണ്ടർ തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപപ്പെടുത്തി പ്രവർത്തനവും ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. സഹവർത്തിത്വത്തിലൂന്നി പൊതുനന്മ മാത്രം ലക്ഷ്യമാക്കിയുള്ള ഈ മുന്നേറ്റത്തിന് എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യർത്ഥിച്ചു.ലിംക ചെയർപേഴ്സൺ ശ്രീ ബിജുമോൻ മാത്യുവിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ യുക്മ ദേശീയ നിർവാഹക സമിതി അംഗം ശ്രീ തമ്പി ജോസ് അതിഥികളെ പരിചയപ്പെടുത്തി സ്വാഗതം ചെയ്യുകയുണ്ടായി. ലിംകയുടെ കുഞ്ഞു പ്രതിഭകളായ ജൊഹാന ജേക്കബും അമേലിയ മാത്യുവും ചേർന്നൊരുക്കിയ സംഗീത വിരുന്ന് യോഗത്തിനു മാറ്റ് കൂട്ടുകയുണ്ടായി.ലിംകയുടെ നിയുക്ത പ്രസിഡന്റും
യുക്മ റെപ്രസെന്റേറ്റീവും ആയ ശ്രീ മനോജ് വടക്കേടത്തു നന്ദിപറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.