Latest News

യുക്മ നോർത്ത് ഈസ്റ്റ് റീജിയൺ പുനഃസംഘടനയും പ്രവർത്തനവർഷ ഉദ്ഘാടനവും ജൂൺ ഇരുപത്തഞ്ച് ഞായറാഴ്ച ന്യൂകാസിലിൽ

2017-06-14 02:52:43am | സജീഷ് ടോം (യുക്മ പി.ആർ.ഒ.)
കൂടുതൽ സംഘടനകൾ യുക്മയിലേക്ക് കടന്നു വരുന്നതിന്റെ തുടർച്ചയായി പുതിയ റീജിയണുകൾ രൂപീകരിക്കുകയും, കാര്യക്ഷമമല്ലാത്ത റീജിയനുകൾ പുനഃസംഘടിപ്പിക്കുകകയും ചെയ്യുമെന്ന പ്രഖ്യാപനം യാഥാർഥ്യമാകുന്നു. യുക്മ രൂപീകൃതമായ 2009 ൽ രൂപംകൊണ്ടെങ്കിലും, കഴിഞ്ഞ നാല് വർഷത്തോളമായി  യാതൊരു പ്രവർത്തനവും ഇല്ലാതിരുന്ന നോർത്ത് ഈസ്റ്റ് റീജിയൺ ആണ് പുനഃസംഘടിപ്പിക്കപ്പെടുന്നത്.
 
മലയാളി അസോസിയേഷൻ സണ്ടർലാൻഡ്, ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ സണ്ടർലാൻഡ് എന്നീ നിലവിലുണ്ടായിരുന്ന രണ്ട് അസ്സോസിയേഷനുകളോടൊപ്പം, സ്കോട്ട്ലൻഡിൽ നിന്നുള്ള സ്കോട്ട്ലൻഡ് മലയാളി അസോസിയേഷൻ, എഡിൻബറോ മലയാളി അസോസിയേഷൻ എന്നീ സംഘടനകളും, ന്യൂകാസിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന "ഓണം" (ഔർ ന്യൂകാസിൽ അസോസിയേഷൻ  ഓഫ് മലയാളീസ്), ന്യൂകാസിലിൽതന്നെ പ്രവർത്തിക്കുന്ന  "മാൻ" (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ്) എന്നീ ശക്തരായ രണ്ട് അസോസിയേഷനുകളും  കൂടി ചേർന്ന് ആറ് അസ്സോസിയേഷനുകളുള്ള ഒരു റീജിയണായി ആണ്  നോർത്ത് ഈസ്റ്റ്  പുനഃസംഘടിപ്പിക്കപ്പെടുന്നത്. 
 
 
ജൂൺ ഇരുപത്തഞ്ചാം തീയതി ഞായറാഴ്ച യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് പുനഃസംഘടിപ്പിക്കപ്പെട്ട നോർത്ത് ഈസ്റ്റ് റീജിയന്റെ പ്രവർത്തന വര്ഷ ഉദ്ഘാടനം നിർവഹിക്കും. ഞായറാഴ്ച വൈകുന്നേരം മൂന്ന്മണിക്ക് ന്യൂകാസിലിൽ ത്രോക്ക് ലി യൂണിയൻ ജാക്ക് സോഷ്യൽ ക്ലബ്ബിൽ  നടക്കുന്ന ചടങ്ങിൽ യുക്മയിലേക്ക് പുതുതായി കടന്നു വരുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റിന്റെ അംഗത്വവിതരണവും യുക്മ പ്രസിഡന്റ് നിർവഹിക്കും.  യുക്മ ദേശീയ ജനറൽ സെക്രട്ടറി റോജിമോൻ വർഗീസ്, ദേശീയ ട്രഷറർ അലക്സ് വര്ഗീസ്, ദേശീയ വൈസ് പ്രസിഡന്റ് ഡോക്ടർ ദീപ ജേക്കബ് തുടങ്ങിയവർ പങ്കെടുക്കുന്ന ഉദ്ഘാടന സമ്മേളനം, ദേശീയ നേതൃത്വത്തിന്റെ ശക്തമായ സാന്നിധ്യവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമാകും.