Latest News

സമരം ചെയ്യുന്ന കേരളത്തിലെ നഴ്‌സുമാര്‍ക്കായി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നൊരു കൈത്താങ്

2017-07-20 02:29:34am | സോബിച്ചൻ കോശി

ലണ്ടൻ∙മാന്യമായ ശമ്പളത്തിനായി സമരം ചെയ്യുന്ന കേരളത്തിലെ നഴ്സുമാർക്കായി സ്റ്റോക്ക് ഓൺ ട്രെന്റിലെ  (യുകെ) കെസിഎയുടെ (കേരള കൾച്ചറൽ അസോസിയേഷൻ) സഹായ ഹസ്തം. നഴ്സിങ്ങ് സമരം രൂക്ഷമായിരിക്കുന്ന ഈ സമയത്ത് അവരുടെ അധ്വാനഫലത്തെ ചൂഷണം ചെയ്യുന്ന സാമൂഹ്യ നീതിയോടുള്ള വെല്ലുവിളിക്കെതിരെ പൊതുസമൂഹം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജോലി മേഖലയിലുള്ള അവഗണയും  അതിക്രമങ്ങളും അസംഘടിത വർഗ്ഗമായതു കൊണ്ട് ആർക്കും ഇവരെ ചൂഷണം ചെയ്യുന്ന മേഖലയായി മാറുന്നതു കണ്ടതു കൊണ്ടും ഈ സമര മുഖത്തെ നിങ്ങളുടെ വേദനയോടൊപ്പം ഞങ്ങളും (കെസിഎ)യും ഉണ്ടെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് സോബിച്ചൻ കോശിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റിന്റോ റോക്കി ഈ സമരമുഖത്ത് യുഎൻഎ സഹായിക്കേണ്ട ആവശ്യകതയെക്കുറിച്ച് അഭ്യർത്ഥിച്ചു. ബിനോയി ചാക്കോ, സജി വർഗീസ്, ജോതിസ്, അനിൽ  പുതുശ്ശേരി തുടങ്ങിയ കെസിഎ അംഗങ്ങളുടെ നേതൃത്വത്തിൽ തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ഒരു ലക്ഷത്തിൽപ്പരം രൂപ സംഭാവന സ്വീകരിക്കുകയും കെസിഎ എക്സിക്യൂട്ടീവ് മെമ്പർ ആയ സോക്രട്ടിസിനെ (Socratice) ഈ പണം നാട്ടിലെത്തിക്കുന്നതിനുവേണ്ടി ചുമതലപ്പെടുത്തി.

ഇന്നലെ യുഎൻഎ നേതാക്കന്മാർക്ക്  പ്രസിഡന്റ്  ജാസ്മിൻഷാ, സെക്രട്ടറി സുദീപ്,  ട്രഷറർ ബിബിൻ എന്നിവർ തൃശൂരിൽ വച്ച് സോക്രട്ടീസിൽ നിന്നും ചെക്ക് കൈമാറി.

2017 എന്തുകൊണ്ടും ആത്മാഭിമാനത്തിന്റെ ദിനങ്ങളാണ്. കഴിഞ്ഞ ദിവസം  സ്റ്റോക്ക് സിറ്റി ഫുഡ് ബാങ്കിലേക്ക് ആവശ്യമായ  ഫുഡ് സപ്ലേ ചെയ്യുവാനും സാധിച്ചു. കെസിഎയുടെ 13 വർഷത്തെ സന്തോഷത്തിന്റെ സുന്ദരനിമിഷമായി ഒരു ചാരിറ്റി ട്രസ്റ്റായി കെസിഎ രജിസ്റ്റർ ചെയ്യാനും സാധിച്ചു.അകമഴിഞ്ഞ് കെസിഎ(യുകെ) സഹായിക്കുന്ന എല്ലാ സ്റ്റോക്ക്  മലയാളികൾ ക്കും സ്നേഹത്തിന്റെ ഭാഷയിൽ ഒരിക്കൽ കൂടി നന്ദി രേഖപ്പെടുത്തുന്നു.