Latest News

യുക്മയുടെ ആദ്യ സാന്ത്വനം ഉഷ മേനോന്റെ കുടുംബത്തിന്

2017-03-15 08:24:54am | ബാല സജീവ്കുമാർ, യുക്മ പി ആർ ഒ

യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ യുക്മ നാഷണൽ കമ്മിറ്റി ആവിഷ്കരിച്ച യുക്മ സാന്ത്വനം പദ്ധതി ഇതിനോടകം യു കെ മലയാളികളുടെ ഇടയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. യു കെ മലയാളികളെ ദുരന്തങ്ങൾ വേട്ടയാടുമ്പോൾ നമ്മളുടെ സഹായ ഹസ്തമായാണ് സാന്ത്വനം പദ്ധതി അവതരിപ്പിക്കപ്പെട്ടത്. യുക്മയുടെ ആദ്യ നാഷണൽ കമ്മിറ്റി യോഗത്തിൽ തന്നെ പങ്കെടുത്ത അംഗങ്ങൾ സമാഹരിച്ച് 2500 പൗണ്ട് സ്വരുക്കൂട്ടുകയും ഈ സഹായ പദ്ധതിക്ക് തുടക്കമിടുകയും ചെയ്തു. യുക്മ സാന്ത്വനം എന്ന പേരിൽ ഈ ആവശ്യത്തിലേക്ക് തുടങ്ങിയ വാട്ട്സ്ആപ്പ് ഗ്രൂപ്പിനും നല്ല പ്രതികരണമാണ് ലഭിച്ചത്.യുക്മയുടെ ഈ സംരംഭത്തിന് പിന്തുണ നൽകിയ നല്ലവരായ എല്ലാ യു കെ മലയാളികളോടുമുള്ള യുക്മ നാഷണൽ കമ്മിറ്റിയുടെ അകൈതവമായ നന്ദി അറിയിക്കട്ടെ. ഷ്രോപ്പ്‌ഷെയറിലെ ടെൽഫോർഡിൽ കഴിഞ്ഞ ദിവസം നിര്യാതയായ ഉഷ മേനോന്റെ കുടുംബത്തിനാണ് യുക്മ സാന്ത്വനം ആദ്യം സഹായകമാകുന്നത്.2013-ൽ രോഗനിർണ്ണയം നടത്തി ക്യാൻസർ എന്ന രോഗമാണെന്ന് എന്ന് കണ്ടെത്തി കേരളത്തിലും യു കെ യിലുമായി തുടർ ചികിത്സകളുമായി പടവെട്ടി പരാജയപ്പെട്ട് ദുഃഖത്തിലാഴ്ന്ന ഈ കുടുംബത്തിന്റെ ആഗ്രഹപ്രകാരം ഉഷാ മേനോന്റെ ഭൗതിക ശരീരം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിന്റെ ആവശ്യത്തിലേക്കാണ് യുക്മയുടെ സഹായം കൈമാറുന്നത്. അതനുസരിച്ച് ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനും ഫ്യുണറൽ ഡയറക്ടേഴ്സ് -നു വേണ്ടുന്നതുമായ ചിലവാണ് ഈ അവസരത്തിൽ യുക്മ വഹിക്കുക. യുക്മ സാന്ത്വനം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നവരിൽ നിന്നും താല്പര്യമുള്ളവരിൽ നിന്നും സമാഹരിക്കുന്ന തുകയാണ് ഇതിനായി വിനിയോഗിക്കുന്നത്. യുക്മ സാന്ത്വനം സംരംഭത്തിലെ വരവ് ചിലവ് കണക്കുകൾ കൃത്യമായി അംഗങ്ങളെ അറിയിക്കുന്നതാണ്.