Latest News

യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ കമ്മിറ്റി സമാപിച്ചു.

2017-03-16 02:23:42am | സന്തോഷ് തോമസ്
യുക്മ മിഡ്‌ലാൻഡ്‌സ് റീജിയന്റെ പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം 2017 മാർച്ച് 12 ന് ഞായറാഴ്ച നോട്ടിംഗ്ഹാമിൽ വച്ച് ചേർന്നു. റീജിയണൽ പ്രസിഡന്റ് ഡിക്സ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൂരിഭാഗം കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. മിഡ്‌ലാൻഡ്‌സ് റീജിയന്റെ പ്രതിനിധിയും യുക്മ നാഷണൽ പ്രസിഡന്റുമായ മാമ്മൻ ഫിലിപ്പിനെയും , യുക്മ നാഷണൽ ജോയിന്റ് ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട ജയകുമാർ നായരെയും അനുമോദിച്ചുകൊണ്ടും ആശംസിച്ചു കൊണ്ടുമാണ് യോഗം ആരംഭിച്ചത്.
 
യുക്മ നാഷണൽ കമ്മിറ്റിയുടെ എല്ലാ വിധ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിൻതുണ റീജിയണൽ കമ്മിറ്റി ഒന്നടങ്കം വാഗ്ദാനം ചെയ്തു. മറുപടി പ്രസംഗത്തിൽ മാമ്മൻ ഫിലിപ്പ് യുക്മ നാഷണൽ കമ്മിറ്റിയുടെ ആലോചനയിലുള്ളതും, തീരുമാനിച്ചതുമായ പ്രവർത്തനപരിപാടികൾ റീജിയണൽ കമ്മിറ്റിയിൽ വിശദീകരിക്കുകയും പൂർണ്ണ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുകയും ചെയ്തു. 
 
തുടർന്ന് നടന്ന കമ്മിറ്റിയിൽ റീജിയന്റെ ഈ വർഷത്തെ പ്രവർത്തന പരിപാടികളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും, പ്രവർത്തന പരിപാടികളുടെ കരട് രൂപരേഖ തയ്യാറാക്കുകയും ചെയ്തു. 
യുക്മ നാഷണൽ കായികമേളക്ക് മുന്നോടിയായി നടക്കുന്ന റീജിയണൽ കായികമേള സംഘടിപ്പിക്കുന്നതിനുള്ള ചുമതല ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണൽ ട്രഷറർ പോൾ ജോസഫ്, ജോയിൻ്റ് ട്രഷറർ ഷിജു ജോസ് എന്നിവരെ ഏൽപ്പിച്ചു.  കായികമേള നടക്കുന്ന തീയതിയും , സ്ഥലവും ഉടൻ തന്നെ അറിയിക്കുന്നതായിരിക്കും .
 
യുക്മയുടെ ആഘോഷമായ നാഷണൽ കലാമേളക്ക് മുന്നോടിയായി നടക്കുന്ന റീജിയണൽ കലാമേള സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം റീജിയണൽ സെക്രട്ടറി സന്തോഷ് തോമസ്, ജോയിന്റ് സെക്രട്ടറി നോബി ജോസ് എന്നിവർക്കാണ്. റീജിയന്റെ പ്രവർത്തനങ്ങൾക്കായുള്ള പ്രവർത്തന ഫണ്ട് സമാഹരിക്കുന്നതിന് റീജിയണൽ വൈസ് പ്രസിഡണ്ട് ജോർജ്ജ് മാത്യുവിനെ ഉത്തരവാദിത്തം ഏൽപ്പിക്കുകയും, റീജിയണൽ പി ആർ ഓ ആയി സെക്രട്ടറി സന്തോഷ് തോമസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. 
 
 
 2017  ഏപ്രിൽ 28 ന്  ലണ്ടനിൽ  വെച്ചു നടക്കുന്ന   യുക്‌മ  നേഴ്സസ് ഫോറം കൺവെൻഷൻ  യുക്‌മ യുടെ  ഈവർഷത്തെ  പ്രമുഖ   പൊതുപരിപാടിയാണ്. യുക്മയുടെ-യു കെ മലയാളികളുടെ മുഖശബ്ദമായി ഉയരുന്ന നേഴ്‌സുമാരുടെ ഈ സമ്മേളനത്തിൽ പങ്കെടുത്ത് നേഴ്‌സസ് കൺവെൻഷനെ വിജയിപ്പിക്കണമെന്ന് റീജിയണൽ കമ്മിറ്റി ഒന്നടങ്കം അഭ്യർത്ഥിച്ചു. നേഴ്‌സസ് ഡേ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കായി റീജിയനിൽ നിന്നും പൊതുവായി വാഹനസൗകര്യം ഏർപ്പെടുത്തുന്നുണ്ട് എന്നും,   ഇതുമായി  ബന്ധപ്പെട്ട  കൂടുതൽ  വിവരങ്ങൾഅറിയുവാൻ  താല്പര്യ മുള്ളവർ റീജനൽ  കമ്മിറ്റിയുമായി  ബദ്ധപ്പെടേണ്ടതാണ് എന്നും കമ്മിറ്റി അറിയിച്ചു.  .
 
ഇപ്പോൾത്തന്നെ  യുകെ  മലയാളികൾക്കിടയിൽ  പരക്കെ  ചർച്ച  ചെയ്യപ്പെട്ടു കഴിഞ്ഞ സ്വാന്തനം  സഹായ  പദ്ധതിക്ക് സാദ്ധ്യമായ  എല്ലാ  സഹായ  സഹകരങ്ങളും  യോഗം  ഉറപ്പുനൽകി. യുക്മ സാന്ത്വനം പദ്ധതിയുമായി എല്ലാ മലയാളികളും സഹകരിക്കണമെന്നും, വേദനിക്കുന്നവർക്ക് സാന്ത്വനമാകാൻ യുക്മയോടോത്ത് സഹകരിക്കണമെന്നും റീജിയണൽ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ഡിക്സ് ജോർജ്ജ് അഭ്യർത്ഥിച്ചു. റീജിയണൽ കമ്മിറ്റിയിൽ ചർച്ച ചെയ്തു തീരുമാനിച്ച ഈവർഷത്തെ  വിവിധ പരിപാടികളുടെ  വിശദ വിവരങ്ങൾ  അംഗ അസ്സോസിയേഷനുകളെയും അഭ്യുദയകാംക്ഷികളെയും പിന്നീടറിയിക്കുന്നതായിരിക്കും.