Latest News

യുക്മയുടെ "ഇ" തിലകക്കുറിയായ "ജ്വാല" ഇ-മാഗസിന് പുതിയ സാരഥികൾ - റെജി നന്തികാട്ട് ചീഫ് എഡിറ്ററായി തുടരും

2017-03-16 02:28:55am | വർഗീസ് ഡാനിയേൽ (യുക്മ പി.ആർ.ഒ.)
യുക്മ സാംസ്കാരീക വേദിയുടെ ആഭിമുഖ്യത്തിൽ  പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന  ജനപ്രിയ ഇ - മാഗസിനായ "ജ്വാല" യുടെ 2017-19 കാലയളവിലേക്കുള്ള എഡിറ്റോറിയൽ ബോർഡിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ കാലയളവിലെ മികവുറ്റ പ്രവർത്തനത്തിന്റെ അംഗീകാരമായി  മാനേജിംഗ്‌ എഡിറ്റർ സജീഷ്‌ ടോമിനെയും  ചീഫ്‌ എഡിറ്റർ റെജി നന്തിക്കാട്ടിനെയും  തൽസ്ഥാനങ്ങളിൽ നിലനിർത്തി കൊണ്ടാണു പുതിയ എഡിറ്റോറിയൽ ബോർഡിനെ പ്രഖ്യാപിച്ചിരിക്കുന്നത് ജെയിസൺ ജോർജ്ജ്‌,  ബീന റോയി,  സി.എ. ജോസഫ്‌ എന്നിവരാണ് എഡിറ്റോറിയൽ ബോർഡിലെ മറ്റംഗങ്ങൾ. 
 
2014 സെപ്റ്റംബറിൽ പ്രസിദ്ധീകരണം ആരംഭിച്ച "ജ്വാല" കഴിഞ്ഞ രണ്ടര വർഷങ്ങൾ കൊണ്ട് യു.കെ.യുടെ അതിർത്തികൾ കടന്ന് ലോക പ്രവാസി മലയാളികൾക്ക് ആകെ പ്രിയങ്കരമായി തീർന്നു കഴിഞ്ഞു. യു.കെ.യുടെ അതിർത്തികൾ കടന്ന് ലോക പ്രവാസി മലയാളികൾക്ക് ആകെ പ്രിയങ്കരമായി തീർന്നു, കഴിഞ്ഞ രണ്ടര വർഷങ്ങൾ കൊണ്ട്.   ഈ കാലയളവിൽ ഇരുപത്തിയേഴ് പതിപ്പുകൾ പുറത്തിറക്കാനായി. 2015-17 കാലയളവിലെ ജ്വാല ചീഫ്‌ എഡിറ്റർ ആയി പ്രവർത്തിച്ചുകൊണ്ട്, ഇരുപത് പതിപ്പുകളുടെയും പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകിയത് റെജി നന്തികാട്ട് തന്നെയായിരുന്നു. മാധ്യമ പ്രവർത്തന രംഗത്തു അനേക വർഷങ്ങളുടെ പാരമ്പര്യമുള്ള ശ്രീ.റെജിയുടെ നേതൃത്വം "ജ്വാല"യെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നതിന് സംശയമില്ല. യുക്മ ഈസ്റ്റ്‌ ആഗ്ലിയ റിജിയന്റെ പി.ആർ.ഒ. കൂടിയാണു റെജി. 
 
യുകെ മലയാളികൾക്ക്‌ സുപരിചിതനും യുക്മയുടെ മുൻ ജനറൽ സെക്രട്ടറിയുമായ സജീഷ്‌ ടോം ഒരു  മികച്ച സംഘാടകനും എഴുത്തുകാരനും കൂടിയാണ്. ഗദ്യവും പദ്യവും ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുള്ള അദ്ദേഹം അക്ഷരങ്ങളുടെ ലോകത്ത്‌ ആരവങ്ങൾ ഉയർത്താത്ത യാത്രികനാണ്. കഴിഞ്ഞ രണ്ട് വർഷങ്ങൾ "ജ്വാല"യുടെ മാനേജിംഗ് എഡിറ്റർ ആയിരുന്നതുകൊണ്ട് മാഗസിന്റെ പ്രചാരണത്തിൽ പ്രധാന പങ്കു വഹിച്ച സജീഷിന്റെ അനുഭവസമ്പത്ത്‌ ജ്വാലക്ക്‌ ഒരു മുതൽക്കൂട്ടാവും എന്നതിൽ സംശയം ഇല്ല. ശരാശരി രണ്ടായിരത്തിൽപരം വായനക്കാരുള്ള "ജ്വാല"യെ പ്രതിമാസം അയ്യായിരം വായനക്കാരിലെത്തിക്കുക എന്ന ദൗത്യമാണു പുതിയ എഡിറ്റോറിയൽ ബോർഡ്‌ ഏറ്റെടുത്തിരിക്കുന്നതെന്ന് ആത്മവിശ്വാസത്തോടെ അദ്ദേഹം പറയുന്നു.
 
കഴിഞ്ഞ കാലയളവിൽ "ജ്വാല" എഡിറ്റോറിയൽ ബോർഡ് അംഗം ആയിരുന്ന സി.എ.ജോസഫിനോടൊപ്പം യു.കെ.യുടെ കലാ സാംസ്ക്കാരിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച  രണ്ട്  വ്യക്തികൾ കൂടി ജ്വാല പത്രാധിപ സമിതിയിൽ എത്തുന്നു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ലണ്ടനിലെ ഈസ്റ്റ്‌ ഹാമിൽ താമസിക്കുന്ന ജെയിസൺ ജോർജ്ജ്‌ സാംസ്കാരീക രംഗത്തെ പേരുകേട്ട ഒരു പ്രതിഭയാണു. നാടക രചയിതാവു, സംവിധായകൻ, അഭിനേതാവ്‌ എന്നീ നിലകളിൽ പ്രശസ്തനായ ജെയിസൺ മികച്ച ടെലിവിഷൻ അവതാരകൻ കൂടിയാണു. സോഷ്യൽ മീഡിയകളിലൂടെയുള്ള അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകൾ എടുത്തുപറയേണ്ടുന്ന ഒന്നാണ്. മികച്ച ഒരു വാഗ്മിയും സംഘാടകനും കൂടിയാണ് ജെയ്‌സൺ.
 
തന്റേതായ ലോകത്തിൽ കാല്പനികതയുടെ കയ്യൊപ്പുചാർത്തിക്കഴിഞ്ഞ പ്രവാസി എഴുത്തുകാരിയാണ് ബീന റോയി. യു.കെ.യിൽ കെന്റിൽ താമസിക്കുന്ന ബീന  മലയാള സാഹിത്യത്തിലും ഇംഗ്ലീഷ്‌ സാഹിത്യത്തിലും ഒരേ പോലെ പ്രാവിണ്യമുള്ള എഴുത്തുകാരുടെ പട്ടികയിൽപ്പെടുന്നു. ബീനയുടെ മലയാളം കവിതകൾ കേരളത്തിലെ പ്രമുഖ മലയാളം പ്രസിദ്ധീകരങ്ങളിലൂടെയും ഇംഗ്ലീഷ് കവിതകൾ സോഷ്യൽ മീഡിയകളിലൂടെയും മലയാളികൾ നെഞ്ചിലേറ്റിയവയാണ്. 
 
 
യു.കെ. മലയാളികൾക്ക് മുഖവുര ആവശ്യമില്ലാത്ത സാംസ്ക്കാരിക നായകനായ ശ്രീ.സി.എ.ജോസഫ് കഴിഞ്ഞ രണ്ട് വർഷക്കാലം യുക്മ സാംസ്ക്കാരിക വേദിയുടെ ജനറൽ കൺവീനർ എന്ന നിലയിൽ സംഘാടക മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. നിരവധി ഹൃസ്വ ചിത്രങ്ങളിൽ അഭിനയ ചാതുര്യം തെളിയിച്ച ശ്രീ.ജോസഫ്, യു.കെ.മലയാളികൾ പുറത്തിറക്കിയ  സമീപകാല ചലച്ചിത്രത്തിലും സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ കാലയളവിലെ  ജ്വാലയുടെ പ്രചാരണത്തിൽ  മുഖ്യ പങ്ക് വഹിച്ച വ്യക്തികൂടിയാണ് അദ്ദേഹം.
 
 
"ജ്വാല"യുടെ പുതിയ സാരഥികൾക്ക് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ.മാമ്മൻ ഫിലിപ്പ്, ജനറൽ സെക്രട്ടറി ശ്രീ.റോജിമോൻ വർഗീസ്, ട്രഷറർ ശ്രീ.അലക്സ് വർഗീസ് എന്നിവർ ആശംസകൾ നേർന്നു. യു.കെ. യിലെ മലയാളികളായ സാഹിത്യകാരുടെയും സാംസ്കാരീക പ്രവർത്തകരുടെയും തൂലികയിൽ നിന്നും ഉരുത്തിരിയുന്ന രചനകൾ വായനക്കാരിൽ എത്തിക്കുക എന്നതിനൊപ്പം, ശ്രദ്ധേയരായ സാഹിത്യകാരുടെ രചനകൾ വായനക്കാർക്ക് പരിചയപ്പെടുത്തുവാനും "ജ്വാല" പ്രത്യേകം ശ്രദ്ധിക്കുന്നു. എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്ന പ്രതിഭകൾക്ക് അവസരം ഒരുക്കിക്കൊണ്ട് ലോക പ്രവാസി മലയാളികൾക്ക് അക്ഷര വിരുന്നൊരുക്കാൻ  റെജി നന്തിക്കാട്ടിന്റെ മേൽനോട്ടത്തിലുള്ള എഡിറ്റോറിയൽ ബോർഡിനു സാധിക്കട്ടെ എന്ന് യുക്മ ദേശീയ നിർവാഹക സമിതി ആശംസിച്ചു.  "ജ്വാല"യുടെ മാർച്ച് മാസത്തെ പതിപ്പ് ഇരുപതാം തീയതി തിങ്കളാഴ്ച പുറത്തിറങ്ങും. തുടർന്നുള്ള ലക്കങ്ങൾ എല്ലാ മാസവും പതിനഞ്ചാം തീയതി പ്രസിദ്ധീകരിക്കുന്നതായിരിക്കും.