Latest News

പകരം വയ്ക്കാനില്ലാത്ത മാതൃകയായി പതിനഞ്ചാം വർഷത്തിൽ ജി.എം.എ - ക്രിസ്റ്റൽ ഇയർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകാൻ നവ സാരഥികൾ.

2017-03-19 04:32:52am |
ഗ്ലോസ്റ്റർഷെയർ മലയാളികളുടെ ഹൃദയസ്പന്ദനമായ ജി.എം.എ  അതിന്റെ പതിനഞ്ചാം വർഷത്തിലേക്കു കടക്കുന്നു. 2002 മെയ്  26 - ന് സമാരംഭം കുറിച്ച ജി.എം.എ, നിസ്വാർത്ഥമായ സേവനങ്ങളും  നിരന്തരമായ ചാരിറ്റി പ്രവർത്തനങ്ങളും വഴി ഗ്ലോസ്റ്റർഷെയർ മലയാളികളുടെ നിത്യ  ജീവിതത്തിൽ  നിറസാന്നിദ്ധ്യമാകുമ്പോൾ യു.കെ - യിലെ മറ്റ് അസോസിയേഷനുകൾ  ജി.എം.എ - യെ ഒരു മാതൃകയായി നോക്കി കാണുന്നു. ഒപ്പം, പ്രവത്തനങ്ങളും ഇടപെടലുകളും മലയാളി സമൂഹത്തിനപ്പുറത്തേക്കു വ്യാപിക്കുമ്പോൾ ഇഗ്ളീഷുകാരടക്കമുള്ള മൊത്തം  ജനവിഭാഗത്തിന്റെ പ്രശംസക്ക് പാത്രമാകുന്നതോടൊപ്പം ഗ്ലോസ്ടർഷെയറിലെ  ഒഴിച്ച്  കൂടാനാകാത്ത  സാന്നിദ്ധ്യമായും മാറുന്നു ജി.എം.എ.
 
കർമ്മ പഥത്തിൽ  15 വർഷങ്ങൾ തികയുമ്പോൾ അതിന് ചുക്കാൻ പിടിക്കാൻ കഴിവുറ്റ  നവസാരഥികളെ തന്നെ ജി.എം.എ കണ്ടെത്തിയിരിക്കുന്നു. ജി.എം.എ യുടെ കഴിഞ്ഞ കാല പ്രവത്തനങ്ങളിൽ സജീവ പങ്കാളികളും മുൻ ഭാരവാഹികളുമായ ടോം ശങ്കൂരിക്കൽ പ്രസിഡന്റും മനോജ് വേണുഗോപാലൻ സെക്രട്ടറിയും അനിൽ തോമസ് ട്രഷറുമായ കമ്മിറ്റിയാണ് ഈ ക്രിസ്റ്റൽ ഇയർ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അവർക്കു പൂർണ പിന്തുണയുമായി വൈസ് പ്രസിഡന്റായി ഡോ. ബീന ജ്യോതിഷും ജോയിന്റ് സെക്രട്ടറിയായി പോൾസൺ ജോസും ജോയിന്റ് ട്രഷററായി തോമസ് കോടങ്കണ്ടത്തും അടങ്ങുന്ന ഓഫീസ് ഭാരവാഹികളും 36 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റയും പ്രവർത്തിക്കുന്നു. ജി.എം.എ ക്ക് എന്നും മാർഗ ദീപമായി സ്ഥാപക പ്രസിഡന്റായ ഡോ. തിയോഡോർ ഗബ്രിയേൽ  പാട്രനായും തുടരുന്നു.
 
ക്രിസ്റ്റൽ ജൂബിലിയോട്  അനുബന്ധിച്ചു  ഒരു  വർഷം  നീണ്ടുനിൽക്കുന്ന  ആഘോഷ  പാർട്ടികൾക്ക്  ജി.എം.എ യുടെ  പുതു നേതൃത്വം രൂപ രേഖ  തയ്യാറാക്കി കഴിഞ്ഞു. യുക്മ  - റീജിയണലും നാഷണലും  അടക്കം  പങ്കെടുക്കുന്ന മത്സര വേദിയിൽ നിന്നെല്ലാം ഒന്നാം സ്ഥാനവുമായി മടങ്ങി വരുന്ന പതിവ് തുടരാൻ തന്നെ തീരുമാനിച്ചുള്ള പരിശീലന കളരിക്ക് ആരംഭം കുറിച്ച് കഴിഞ്ഞു. ഇവിടെ വളർന്നു വരുന്ന യുവ തലമുറയ്ക്ക് മികച്ച വ്യക്തിത്വ രൂപീകരണത്തിനും, സമ്പുഷ്ടമായ മലയാളി സംസ്കാരവും ഇവിടുത്തെ ഇഗ്ളീഷു സംസ്കാരവുമായി സമരസപെട്ടു പോകാൻ അവരെ പ്രാപ്തരാക്കുന്നതുമാണ് ജി.എം.എ യുടെ കലാ സാസ്കാരിക സ്പോർട്സ്  പ്രവർത്തനങ്ങളും  ക്ലാസ്സുകളും. മാർച്ചു 18 – ന് 9 മണിക്ക്  ഉദ്ഘാടനം  ചെയ്യപ്പെടുന്ന ഇൻഡോർ ആർട്സ്  & ഗെയിംസ് മത്സരങ്ങളോടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ തുടക്കം കുറിക്കപ്പെടുന്നു.
 
മത്സര ശേഷം സമാപന യോഗത്തിൽ, വിശ്രമ ജീവിതം നയിക്കുന്നതിനായി നാട്ടിലേക്ക്  മടങ്ങി പോകുന്ന, തികഞ്ഞ മനുഷ്യ സ്നേഹിയും കഴിഞ്ഞ ആറ് വർഷങ്ങൾ  കൊണ്ട് ഗ്ലോസ്റ്റർഷെയർ മലയാളികളുടെ സന്തത സഹചാരിയായി മാറിയ ഫാ. സക്കറിയക്ക് യാത്രയയപ്പ്‌ നല്കുന്നതുമായിരിക്കും. 
 
സഹജീവികളോടുള്ള സഹാനുഭൂതി വാട്സാപ്പിലും എഫ്.ബി യിലുമായി ഒതുങ്ങിപോകുന്ന ഇക്കാലത്തു ക്രിയാത്‌മകമായ ചാരിറ്റി പ്രവർത്തനങ്ങളിൽ കൂടി ജി.എം.എ എന്നും ഒരു നന്മ മരമായി നിലകൊള്ളുന്നു. ചെറുതും വലുതുമായ ഏതൊരു പരിപാടിയിലും ചാരിറ്റിയുടെ അനന്ത സാധ്യതകൾ കാണുകയും അതിലൂടെ ലഭിക്കുന്ന ഫണ്ട് നിർധനരായവർക്ക് സ്നേഹസ്പർശിയായ ഒരു തലോടലാകാൻ അവസരമൊരുക്കുകയും ചെയ്യുന്നു.  ഇതോടൊപ്പം അവയവ ദാനമെന്ന മഹാസന്ദേശം വിളിച്ചോതിക്കൊണ്ടുള്ള ബോധവത്കരണ സെമിനാറുകൾ വർഷങ്ങളായി സംഘടിപ്പിച്ചു വരുന്നു. അതിന്റെ ഭാഗമായി 2016 - ൽ എൻ.എച്ച്‌.എസ്സ് ബ്ലഡ് & ട്രാൻസ്‌പ്ലാന്റും  ഫാ. ഡേവിസ് ചിറമേൽ നേതൃത്വം നൽകുന്ന ഉപഹാറുമായി സഹകരിച്ചു ജി.എം.എ - യിലെ 100 % അംഗങ്ങളും അവയവ സ്റ്റം സെൽ  ഡോനെഷൻ രജിസ്റ്ററിൽ ഒപ്പു വച്ചപ്പോൾ  ആ നേട്ടം കൈവരിക്കുന്ന യു.കെ. യിലെ ആദ്യ അസ്സോസ്സിയേഷൻ ആയി മാറി ജി.എം.എ. ഇങ്ങനെ, ഒരു കമ്മ്യൂണിറ്റി അസ്സോസിയയേഷൻ എന്നതിലുപരി മുഴുവൻ സമയ ജീവകാരുണ്ണ്യ സംരംഭമായി മാറിയിരിക്കുന്നു ജി.എം.എ.

വളർത്തി വലുതാക്കിയ സ്വന്തം നാടിനോടുള്ള നന്ദിയും കടപ്പാടും മനസ്സിൽ മാത്രം സൂക്ഷിച്ചാൽ പോരാ, അത് അവശത അനുഭവിക്കുന്നവർക്കും അർഹതപ്പെട്ടവർക്കുമുള്ള കൈത്താങ്ങായി മാറണം എന്ന തിരിച്ചറിവിൽ നിന്നായിരുന്നു 2010 - ൽ 'എ ചാരിറ്റി ഫോർ ഡിസ്ട്രിക്ട് ഹോസ്പിറ്റൽസ് ഇൻ കേരള' എന്ന സ്വപ്ന പദ്ധതിക്ക് തുടക്കമിട്ടത്. 'ടുഗെദർ വി കാൻ മെയ്‌ക്ക് എ ഡിഫറെൻസ്' എന്ന ആപ്തവാക്യം അന്വർഥമാക്കി ഈ പദ്ധതിയുടെ ഏഴാം വർഷത്തിലേക്കു കടക്കുമ്പോൾ നിരാലംബരായ പലർക്കും ആശ്വാസമാകാൻ കഴിഞ്ഞതിലുള്ള ചാരിതാർഥ്യത്തിലാണ് ഗ്ലോസ്റ്റർഷെയർ മലയാളികൾ.
 
ഓരോ വർഷവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ജില്ലാ ആസ്പത്രിയും അവിടുത്തെ രോഗികളുമാണ് ഇതിന്റെ ഗുണഭോക്താക്കളാകുന്നത്. ഇവിടെ യു.കെ - യിൽ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ശാസ്ത്ര  സാങ്കേതികതയും ആധുനിക ചികിത്സാ രീതികളും ഒരു പരിധി വരെ സൗജന്യമായി തന്നെ അനുഭവിച്ച്‌ വരുന്ന  നമുക്ക് കേരളത്തിലെ പാവപ്പെട്ടവന്റെ ഏക ആശ്രയമായ ജില്ലാ ആസ്പത്രിയുടെ  ശോചനീയാവസ്ഥ ഏറെ ബോധ്യമുള്ളതാണ്. ആ അവസ്ഥ തങ്ങൾക്കാകുന്ന തരത്തിൽ മെച്ചപ്പെടുത്തുക എന്ന ആത്മാർത്ഥമായ ശ്രമമാണ് ജി.എം.എ  ഈ പദ്ധതിയിൽ കൂടി ലക്ഷ്യമിടുന്നത്. ചാരിറ്റി ഫണ്ട് ഏതെങ്കിലും വ്യക്തികൾക്കോ ആസ്പത്രി മാനേജ്മെന്റിനോ അയച്ചുകൊടുക്കാതെ, ആസ്പത്രി സൂപ്രണ്ടുമായുള്ള ചർച്ചകൾക്ക് ശേഷം  എന്ത് സേവനമാണോ തീരുമാനിച്ചിട്ടുള്ളത്  അതിന്റെ കുറ്റമറ്റ  നിർവഹണം ജി.എം.എ - യുടെ തിരഞ്ഞെടുത്ത പ്രധിനിധി നേരിൽ പോയി ചെയ്തു കൊടുക്കുന്നു എന്നത് എടുത്തു പറയേണ്ടതാണ്.
 
2011 - ൽ  തിരുവനന്തപുരം ജില്ലാ ആസ്പത്രിയിലെ ഓരോ ബ്ലോക്കുകളിലെയും രോഗികൾക്കും മറ്റും ആവശ്യമായ ശീതീകരിച്ച കുടിവെള്ള സംവിധാനം ഒരുക്കികൊടുത്തുകൊണ്ടാണ് ജി.എം.എ ചാരിറ്റിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അതുവരെയും അവിടുത്തെ അന്തേവാസികൾ കുടിവെള്ളത്തിനായി  ആശ്രയിച്ചിരുന്നത് വൃത്തി ഹീനമായ ടോയ്‌ലറ്റുകളെയായിരുന്നു. ആറ് വർഷങ്ങൾക്കിപ്പുറം 2017 - ലും അവിടെ  കുടിവെള്ളത്തിനായി രോഗികൾ ഈ വാട്ടർ കൂളിംഗ് സംവിധാനങ്ങളെ ആശ്രയിക്കുന്നത് കാണുമ്പോൾ അത് ജി.എം.എ - യെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നു.
 
അതിനു ശേഷം ഇടുക്കി, കോട്ടയം, തൃശൂർ, വയനാട്, കാസർകോട് തുടങ്ങിയ ജില്ലാ ആസ്പത്രികളിലേക്കായിരുന്നു ജി.എം.എ -യുടെ സഹായഹസ്തം തേടി ചെന്നത്. പലപ്പോഴും ഇലക്ടിസിറ്റി ലഭ്യത  ഇല്ലാത്തതിന്റെ പേരിൽ ഓപ്പറേഷൻ പോലും ഇടക്ക് വച്ച് നിർത്തേണ്ടി വന്നിരുന്ന അവസ്ഥക്ക് വിരാമമിട്ടുകൊണ്ട്  ഹൈ പവർ ഇൻവെർട്ടറുകൾ 2012  - ൽ ഇടുക്കിയിലും 2013 - ൽ തൃശൂരും സ്ഥാപിക്കുകയായിരുന്നു ജി.എം.എ ചെയ്തത്.  ബെഡുകളുടെ അഭാവം അലട്ടിയിരുന്ന കോട്ടയം ജില്ലാ ആസ്പത്രിയിൽ 2014  - ൽ ആവശ്യമായ പുതിയ ബെഡുകൾ വാങ്ങി നൽകുകയായിരുന്നു ജി.എം.എ ചാരിറ്റി ഫണ്ടിന്റെ ഉദ്യമം. ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള വലിയ പാത്രങ്ങൾ, വാർഡുകളിലേക്കു  വിതരണം ചെയ്യുന്നതിന് ആവശ്യമായ ട്രോളികൾ തുടങ്ങിയവ ഇല്ലാതെ ഭക്ഷണ വിതരണം തന്നെ മുടങ്ങിയിരുന്ന വയനാട് സർക്കാർ ആസ്പത്രിയിൽ അതിനുള്ള പരിഹാരമായി മാറി 2015 - ൽ ഗ്ലോസ്റ്റർഷെയർ മലയാളികളുടെ പ്രതിബദ്ധത. 2016 - ൽ കാസർകോടിനായിരുന്നു അതിന്റെ നിയോഗം.
 
ഈ വർഷം, 2017 - ൽ മലപ്പുറം ജില്ലാ ആസ്പത്രിയെയാണ് ഇതിനായി ജി.എം.എ തിരഞ്ഞെടുത്തിരിക്കുന്നത്. അതിനുള്ള  ഫണ്ട്  ശേഖരണത്തിന്റെ ഭാഗമായി  എല്ലാ  വർഷവും  നടന്നു വരുന്ന ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ചു, ഇദംപ്രഥമമായി മെയ്  27 – നു ആൾ യു. കെ അടിസ്ഥാനത്തിലുള്ള നാടക മത്സരവും  ജി.എം.എ സംഘടിപ്പിക്കുന്നു.
 
ഗ്ലോസ്റ്റർഷെയർ മലയാളികളുടെ ചാരിറ്റിയോടുള്ള ഈ പ്രതിബദ്ധത തന്നെയായിരിക്കണം ഇക്കഴിഞ്ഞ ഫെബ്രുവരി 24 - ന് ജി.എം.എ ചെൽട്ടൻഹാം യൂണിറ്റ് സംഘടിപ്പിച്ച 'അലീഷാ - ദി ലൈറ്റ് ഹൗസ് ഓഫ് ഹോപ്‌' - എന്ന ഇവന്റിലൂടെ യു.കെ - യിലെ 'മെയ്ക്ക് എ വിഷ്' എന്ന ചാരിറ്റിക്കായി മൂവായിരം പൗണ്ടിന് മേൽ ശേഖരിക്കാനായത്. മാർച്ച്  18 – ന് നടക്കുന്ന ചടങ്ങിൽ  വച്ച്, അകാലത്തിൽ പൊലിഞ്ഞു പോയ  അലീഷയുടെ 'അമ്മ ബീന രാജീവും  ജി.എം.എ പ്രതിനിധികളും കൂടി ഈ ഫണ്ട്   'മെയ്ക്ക് എ വിഷ്' ചാരിറ്റി പ്രതിനിധിക്ക് കൈമാറുമ്പോൾ അത് ജി.എം.എ യുടെ ആത്‌മ സമർപ്പണത്തിന്റെ മറ്റൊരു ഉദാഹരണമായി മാറും .
 
പകരം  വെക്കാനില്ലാത്ത ജി.എം.എ യുടെ അഭിമാന ചരിത്രം ആവർത്തിക്കാൻ  പുതിയ  നേതൃത്വത്തിന്  ഗ്ലോസ്റ്റർഷെയർ മലയാളികൾ  ഒന്നടങ്കം എല്ലാ വിധ ആശംസകളും  സഹകരണവും വാഗ്‌ദാനം ചെയ്യുമ്പോൾ  ജി.എം.എ യുടെ വരും നാളുകളും സമ്പന്ന  പൂർണ്ണമാകുമെന്ന് ഉറപ്പിക്കാം.