Latest News

സേവനം യുകെയുടെ ഗുരുദേവ ജന്മദിനാഘോഷങ്ങള്‍ക്ക് കൊടിയേറുന്നു; ഡോ. എ. സമ്പത്ത് എംപിക്ക് ഹീത്രൂവില്‍ ആവേശോജ്ജ്വലമായ വരവേല്‍പ്പ്; ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍​ ​ഇന്നെത്തും

2017-09-09 03:01:48am |
ഇത് അനുഗ്രഹീതമായ നിമിഷങ്ങള്‍. മാനവരാശിക്ക് പുതുയുഗപ്പിറവി സമ്മാനിച്ച ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനാഘോഷങ്ങള്‍ക്ക് കൊടിയേറുമ്പോള്‍ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങിന് മാറ്റേകും. സേവനം യുകെ ചതയമഹോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഡോ. എ. സമ്പത്ത് എംപിക്ക് ലണ്ടൻ ഹീത്രൂ     വിമാനത്താവളത്തില്‍ വര്‍ണ്ണോജ്ജ്വലമായ സ്വീകരണം നല്‍കി.സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍,അനിൽ സി ആർ ,ദിലീപ് വാസുദേവൻ , വിശാൽ തുടങ്ങിയവർ ചേർന്നാണ് ഡോ. സമ്പത്തിനെ  സ്വീകരിച്ചത്. ക്രോയ്ഡണ്‍ കൗണ്‍സിലറും, ഹെല്‍ത്ത് & വെല്‍ബീയിംഗ് ബോര്‍ഡ് ചെയര്‍ പദവിയും വഹിക്കുന്ന മഞ്ജു ഷാഹുല്‍ ഹമീദ് ചടങ്ങില്‍ മുഖ്യാതിഥിയാകും. ഉദ്ഘാടകനായ ശിവഗിരി ധര്‍മ്മസംഘം ബോര്‍ഡ് മെമ്പറും, ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ നാളെ യുകെയിലെത്തും.  
 
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം ലോകത്തിന് പകര്‍ന്നുനല്‍കിയ ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം മഹത്തായ രീതിയില്‍ കൊണ്ടാടാനാണ് സേവനം യുകെ ഒരുങ്ങുന്നത്. ഞായറാഴ്ച വൂസ്റ്ററില്‍ മാനവരാശിയുടെ ആഘോഷത്തിന് കൊടികയറുമ്പോള്‍ പവിത്രമായ സന്ദേശം കൂടുതല്‍ മനസ്സുകളിലേക്ക് എത്തുകയാണ്. സഹജീവികളുടെ ജീവിതം മെച്ചപ്പെടുത്താനും, അന്ധവിശ്വാസങ്ങളുടെയും, വൈദേശിക ആചാരങ്ങളുടെയും തടവില്‍ നിന്നും അവരെ മോചിപ്പിക്കാനും ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വെളിച്ചമാണ് കടലും, കരയും കടന്ന് യുകെയിലെത്തുന്നത്.
 
ശ്രീനാരായണ ഗുരുദേവന്റെ 163-ാമത് ജന്മദിനാഘോഷങ്ങളില്‍ ജന്മദേശം മുഴുകുമ്പോള്‍ പ്രൗഢഗംഭീരമായ ആഘോഷം നടത്താനുള്ള ഒരുക്കത്തിലാണ് സേവനപ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച 'സേവനം യുകെ'. സേവനം യുകെയുടെ ചതയ മഹോത്സവത്തിനും, ശിവഗിരി ഗുരുദേവ മഹാസമാധി മന്ദിര പ്രതിമ പ്രതിഷ്ഠ കനകജൂബിലിയും ശിവഗിരി ധര്‍മ്മസംഘം ബോര്‍ഡ് മെമ്പറും, ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. മഞ്ജു ഷാഹുല്‍ ഹമീദ് ചടങ്ങില്‍ മുഖ്യാതിഥിയാകും. ആറ്റിങ്ങല്‍ എംപി ഡോ. എ. സമ്പത്ത് അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
 
രാവിലെ 9.30ന് പതാക ഉയര്‍ത്തി സമാരംഭം കുറിയ്ക്കുന്ന ആഘോഷപരിപാടികളില്‍ ഗുരുപ്രസാദ് സ്വാമികളുടെ കാര്‍മ്മികത്വത്തില്‍ ഗുരുപൂജയും, പ്രാര്‍ത്ഥനയും നടക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ ചതയ സദ്യയും, 1.30ന് വർണ്ണോജ്വലമായ  ഘോഷയാത്രയും നടക്കും. 2 മണിക്ക് സമ്മേളനം ആരംഭിക്കും. ഇതിന് ശേഷം കലാപരിപാടികളോടെയാണ് ചടങ്ങ് സമാപിക്കുക.  
 
വൂസ്റ്ററിലെ കട്ട്‌നാള്‍ ഗ്രീന്‍ & ഡിസ്ട്രിക്ട് മെമ്മോറിയല്‍ ഹാളിലാണ് സെപ്റ്റംബര്‍ 10-ന് രാവിലെ 9 മണിക്ക് ചതയ മഹോത്സവത്തിന് തുടക്കമാകുക. ശിവഗിരി ഗുരുദേവ മഹാസമാധി പ്രതിഷ്ഠയുടെ കനകജൂബിലി ആഘോഷങ്ങള്‍ക്കും ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പ്രൗഢഗംഭീരമായ ഉദ്ഘാടനത്തിന് ശേഷം വൈവിധ്യമാര്‍ന്ന പരിപാടികളും അരങ്ങേറും. ഗുരുദേവ ദര്‍ശനങ്ങള്‍ ലോകത്തിന്റെ മുന്നോട്ടുള്ള യാത്രയിലും, ഓരോ കുടുംബങ്ങളുടെ ഒത്തൊരുമയ്ക്കും, സന്തോഷത്തിനും എത്രത്തോളം പ്രാധാന്യമാര്‍ന്നതാണെന്നും സേവനം യുകെ ചതയമഹോത്സവം വിളംബരം ചെയ്യും. അതത് കാലത്തിന് അനുയോജ്യമായ മഹത്തായ സംസ്‌കാരം തന്നെയാണ് ഗുരുദേവന്‍ മാനവരാശിക്ക് പ്രദാനം ചെയ്തത്. ഈ സംസ്‌കാരത്തെ ജീവിതത്തില്‍ പകര്‍ത്തുന്നതിലൂടെ ആധുനിക ലോകത്തും സമാദാനം കളിയാടും. 
 
ജാതിമത ചിന്തകള്‍ക്ക് അതീതമായ ചിന്താധാരയിലൂടെ സഞ്ചരിക്കാനും, അതുവഴി മനുഷ്യരാശിക്ക് ഗുണകരമായ സേവനങ്ങള്‍ നല്‍കുകയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സേവനം യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനമുയര്‍ത്തുകയാണ്. ഗുരുദേവന്റെ 163-ാം ജന്മദിനത്തില്‍ സേവനം യുകെ മുന്നോട്ട് വെയ്ക്കുന്ന ആശയവും ഒരുമയുടെയും, സാഹോദര്യത്തിന്റെയുമാണ്. ഒരുമയുടെ ഈ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍, സ്വാഗത സംഘം  കണ്‍വീനര്‍ അനിൽ ശശിധരൻ എന്നിവര്‍ അറിയിച്ചു. ചതയമഹോത്സവത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പുകളും, ഏകോപന പരിപാടികളും ഒരുക്കുകയാണ് സേവനം യുകെ അംഗങ്ങള്‍. യു.കെ യിലെ പ്രമുഖ മലയാളം ചാനലായ ഗർഷോം ടി വി പരിപാടി തത്സമയം സംപ്രേഷണം ചെയ്യുന്നതാണ്.
 
Date: 2017 September 10
Time: 9 am to 6 pm
Venue: Cutnall Green and Ditsrict Memorial Hall, Addis Lane, Droitwich, Worcestershire, WR90NE 
 
കൂടുതൽ വിവരങ്ങൾക്ക് 
ബൈജു പാലക്കൽ : 07709310963
അനിൽ ശശിധരൻ : 07897764940
ദിനേശ് വെള്ളാപ്പിള്ളി : 07828659608