Latest News

എഴുത്തിന്റെ വഴിത്താരയിൽ രക്തസാക്ഷിയായ ഗൗരീ ലങ്കേഷിനെ ആദരിച്ചുകൊണ്ട് "ജ്വാല" സെപ്തംബർ ലക്കം പ്രസിദ്ധീകരിച്ചു

2017-09-23 03:00:09am | വർഗീസ് ഡാനിയേൽ (യുക്മ പി ആർ ഒ)
ലോക പ്രവാസി മലയാളികൾക്കിടയിൽ ശ്രദ്ധേയമായ "ജ്വാല" ഇ-മാഗസിൻ സെപ്റ്റംബർ ലക്കം പുറത്തിറങ്ങി. പതിവുപോലെ തന്നെ കരുത്തുറ്റ സാമൂഹ്യ പ്രമേയം ചർച്ചചെയ്യുന്നതായി ഇതവണത്തേയും എഡിറ്റോറിയൽ. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലെ കലുഷിതമായ അന്തരീക്ഷത്തെ തുറന്നുകാട്ടുന്ന എഡിറ്റോറിയലിൽ അധികാരവർഗ്ഗത്തിന്റെ അഴിമതിയും സ്വജനപക്ഷപാതവും വിലക്കയറ്റവും പുതിയ നികുതിഭാരവും എല്ലാം ഓണത്തിനു ജനങ്ങൾക്ക്‌ ലഭിച്ച അസ്വാരസ്യങ്ങൾ ആണെന്നും ഇതു ലജ്ജകരം ആണെന്നും അർത്ഥശങ്കക്കിടയില്ലാതവണ്ണം റെജി നന്തിക്കാട്‌ വിലയിരുത്തുന്നു.   
 
 
ഈ ലക്കത്തിലെ കവർ സ്റ്റോറി ഇടുക്കി ഡാമിനെ പറ്റിയാണ്. ബഷീർ വള്ളിക്കുന്നിന്റെ "ഇടുക്കി ഡാമിന്റെ വിസ്മയകാഴ്ചകളിലേക്ക്‌" എന്ന യാത്രാനുഭവം പ്രവാസി വായനക്കാർക്ക്‌ പ്രത്യേകിച്ചു ഇടുക്കി ജില്ലക്കു പുറത്തുള്ളവർക്ക്‌ ഒരു പക്ഷെ ഒരു പുതിയ അറിവായിരിക്കാം. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു വിനോദ സഞ്ചാര മേഖലയായിട്ടാണു ലേഖകൻ ഈ സ്ഥലത്തെ അവതരിപ്പിക്കുന്നത്‌. വർഷത്തിൽ രണ്ടുപ്രാവശ്യം മാത്രം സഞ്ചാരികൾക്കായി തുറന്നു കൊടുക്കുന്ന ഇടുക്കി ഡാം നേരിൽ കാണുവാനുള്ള പ്രേരണ നൽകുന്നതാണു ഈ യാത്രാവിവരണം.
 
 
സുഖത്തിലും ദുഃഖം തിരയുന്ന  "സ്വയം ശപിക്കുന്ന മലയാളി"യുടെ  മുഖത്തെ വരച്ചുകാട്ടുന്ന രാജൻ കിണറ്റിങ്കരയുടെ ലേഖനം മലയാളിയുടെ കാപട്യമാർന്ന സ്വഭാവത്തിന്റെ നേർച്ചിത്രം തന്നെയാണ്. എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്ന നാമോരോരുത്തർക്കുമുള്ള വികൃതമായ മാനസീക രോഗത്തിനുള്ള ചികിൽസകൂടിയാണിത് എന്നു പറയാതെവയ്യാ. 
 
 
"ദി മിനിസ്‌ട്രീസ്‌ ഓഫ്‌ ഹാപിനെസ്സ്‌" എന്ന നോവലിന്റെ പണിപ്പുരയിൽ 10 വർഷത്തോളം എടുത്ത  അരുന്ധതി റോയി, ജീവിതാനുഭവങ്ങളിൽ നിന്നും കുറിച്ചുവച്ചവയെ കൂട്ടിചേർത്താണു തന്റെ രണ്ടാമത്തെ നോവൽ എന്നു വെളിപ്പെടുത്തുന്നു. 37 വർഷം കൊണ്ട്‌ പൂർത്തിയാക്കിയ "ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്" എല്ലാ പേജുകളും തനിക്ക്‌ കാണാപാഠമാണു എന്നുപറയുമ്പോൾ മനുഷ്യനെ, സഹജീവിയെ തൊട്ടറിഞ്ഞ ഒരു എഴുത്തുകാരിയെ നമ്മൾക്കു പരിചയപ്പെടുത്തുന്നു ഇസാക്ക്‌ ചോട്ടിനാർ തയ്യാറാക്കിയ "എനിക്കൊട്ടും തിരക്കില്ലായിരുന്നു" എന്ന അഭിമുഖത്തിലൂടെ. 
 
 
സ്മരണകളിലൂടെ എന്ന പംക്തിയിൽ, സഹജീവനക്കാരന്റെ മരണത്തിൽ തൊഴിൽ സ്ഥാപനം അടച്ചിടാത്തതിൽ നടത്തിയ ഒറ്റയാൾ പ്രതിഷേധത്തെപറ്റി ജോർജ്ജ്‌ അറങ്ങാശ്ശേരിൽ എഴുതുന്നു "ഹുസൈൻ".  ശ്രീനി ബാലുശ്ശേരിയുടെ ഹൃദയസ്പർശ്ശിയായ കഥ "ഭവാനി ഹോട്ടൽ" വായനക്കാരന്റെ കണ്ണുകളെ ഈറനണിയിക്കും എന്നതിൽ തർക്കമില്ല. നാഷിഫ്‌ അലിയിമാൻ തയ്യറാക്കിയ ജീവിതം എന്ന പംക്തിയിൽ എൻ ശശിധരന്റെ "വായിച്ചുതീർക്കാൻ മാത്രം ഒരു ജന്മം കൂടി" എന്ന ലേഖനം പുസ്തകവയനക്കാരിൽ അത്ഭുതമുളവക്കുന്നതാണു. ആറാം വയസ്സിൽ 350 ൽ പരം പുസ്തകങ്ങൾ വായിച്ചുതീർത്ത കഥാകാരൻ  ഒരുപക്ഷെ പ്രവാസിവായനക്കാർക്കു അപരിചിതനായിരിക്കാം. 
 
 
കൂടാതെ, നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന ഇൻഡ്യയുടെ ഐക്യതയുടെ വർണ്ണനനിറഞ്ഞ കവിത  ശബ്നം സിദ്ധിഖി യുടെ  "ഉയരുക ഭാരതമെ", രാഹുൽ കോട്ടപ്പുറത്തിന്റെ കവിത "നിൽപ്പ്‌", വിശാൽ റോയിയുടെ കവിത "ഭാര്യ", വിജയശ്രീ മധുവിന്റെ "അനാഥ ബാല്യം", ബാബു ആലപ്പുഴയുടെ നർമ്മം "വധുവിനെ കാണാനില്ല", സിപ്പി പള്ളിപ്പുറം എഴൂതിയ കവിത " പനിനീർപ്പുവിന്റെ കൂട്ടുകാരൻ", എന്നിവയും യൂത്ത്‌ കോർണ്ണറിൽ മലയാളിയായ ആംഗലേയ കവിയും ഗാനരചയിതാവും ഗിത്താറിസ്റ്റുമായ ജീത്ത്‌ തയ്യിലുമായുള്ള ഇന്റർവ്യൂവും ഉൾപ്പെടുത്തിയിരിക്കുന്നു. പേനതുമ്പിന്റെ ശക്തിക്ക്‌ മുന്നിൽ ഭയന്ന രാജ്യ ദ്രോഹികളുടെ വെടിയുണ്ടകൾക്ക്‌ മുന്നിൽ ജീവൻ പൊലിഞ്ഞ മുതിർന്ന പത്രപ്രവർത്തകയായ ഗൗരീ ലങ്കേഷിനെ  ആദരിച്ചുകൊണ്ടാണു ജ്വാല ഈ ലക്കം പുറത്തിറക്കിയിരിക്കുന്നത്‌. 
 
വിശദമായ വായനക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക ---