Latest News

ജി.എം.എ യുടെ ക്രിസ്റ്റൽ ഇയർ ഓണാഘോഷം വേറിട്ട അനുഭവമാക്കാൻ ഗ്ലോസ്റ്റർഷെയർ മലയാളികൾ

2017-09-26 03:05:23am | ലോറന്‍സ് പെല്ലിശ്ശേരി
ഓണം മലയാളിക്ക് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയുമെല്ലാം പ്രതീകമാണ്. പ്രവാസിക്ക്, അതിനുമപ്പുറത്തു അവന്റെ ഹൃദയത്തിൽ എഴുതി ചേർത്ത, നിറമുള്ള ഓർമ്മകളുടെ ഹരം പിടിപ്പിക്കുന്ന സമ്മേളനം കൂടിയാണ് ഓണം. ഓർമ്മയുടെ പുസ്തക താളുകളിൽ നിന്നും കാഴ്ചയുടെ വർണ്ണങ്ങൾ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്, പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന ജി.എം.എ യുടെ നേതൃത്വത്തിൽ,  ഗ്ലോസ്റ്റർഷെയർ മലയാളികൾ. ഈ വരുന്ന സെപ്റ്റബർ 30-ന്  ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ശ്രാവണോത്സവം 2017 - ന് വേദിയാകുന്നത് ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്കൂളാണ്. 
 
പരമ്പരാഗത രീതിയിൽ താലപ്പൊലിയിലും ചെണ്ടമേളത്തിലും തുടങ്ങി പൂക്കളത്താലും മുത്തുകുടകളാലും അലംകൃതമാകുന്ന വേദിയിൽ പൊതു സമ്മേളനത്തോടെയാണ്  ആഘോഷ പരിപാടികൾക്ക് ആരംഭം കുറിക്കുന്നത്. വാശിയേറിയ വടംവലിക്കും വിഭവസമൃദ്ധമായ ഓണസദ്യക്കുമുള്ള ചുറ്റുവട്ടങ്ങൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു. ഗ്ലോസ്റ്ററിലെയും ചെൽറ്റൻഹാമിലെയും മേയർ, ഡെപ്യൂട്ടി മേയർ, ഗ്ലോസ്റ്റർ എം.പി തുടങ്ങിയവരോടൊപ്പം ഗ്ലോസ്റ്റർഷെയർ മലയാളികളുടെ ആത്‌മീയ ഗുരു ഫാദർ ജോസ് പൂവണിക്കുന്നേലും ഔർദ്യോഗിക അതിഥികളായെത്തുന്നു. 
 
യുക്മ  തുടങ്ങിയ വേദികളെ തങ്ങളുടെ ചടുല താളത്താൽ പ്രകമ്പനം കൊള്ളിച്ചിട്ടുള്ള ജി.എം.എ യുടെ ഒരു പറ്റം  മിടുക്കികളും മിടുക്കന്മാരും, തങ്ങളുടെ നൃത്തനൃത്യങ്ങളാൽ പതിനഞ്ചാം വർഷത്തെ ഓണാഘോഷം ചരിത്ര താളുകളിൽ ആലേഖനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. അവർക്കൊപ്പം ക്രിസ്റ്റൽ ഇയർ ആഘോഷങ്ങൾക്ക് മികവ് പകരാൻ ഐഡിയ സ്റ്റാർ സിംഗർ ഫെയിം സുദർശനും കലാഭവൻ സതീഷും ഗ്ലോസ്റ്ററിലേക്കെത്തുന്നു.  
 
600 - ൽ പരം പേർ പങ്കെടുക്കുന്ന ശ്രാവണോത്സവ വേദിയിൽ ഈ വർഷത്തെ ജി.സി.എസ്.ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് പുരസ്കാരങ്ങൾ നല്കുന്നതായിയ്ക്കും. ഒപ്പം ബ്രിട്ടീഷ് ഹാർട്ട് ഫൌണ്ടേഷൻ സംഘടിപ്പിച്ച ബ്യൂട്ടി പേജന്റിൽ മിസ് ചാരിറ്റി ഹാർട്ട് (യു.കെ) പട്ടം നേടി, മിസ് ഇന്റർനാഷണൽ മത്സരത്തിനായി തയ്യാറെടുക്കുന്ന ജി.എം.എ യുടെ അഭിമാനമായ കൊച്ചു മിടുക്കി സിയെൻ ജേക്കബിനെ ആദരിക്കുന്നു.
 
ആർപ്പുവിളികളുടെ ഓണ പുലരിക്കായി ഗ്ലോസ്റ്റർഷെയർ മലയാളികൾ കാതോർക്കുമ്പോൾ, തയ്യാറെടുപ്പുകൾക്ക് നേതൃത്വം വഹിച്ചുകൊണ്ട് പ്രസിഡന്റ് ടോം ശങ്കൂരിക്കലും (07865 075048), സെക്രട്ടറി മനോജ് വേണുഗോപാലും (07575 370404), ട്രഷറർ അനിൽ തോമസും (07723 339381) അടങ്ങുന്ന ജി.എം.എ കമ്മിറ്റി ഏവർക്കും സ്വാഗതമോതുന്നതോടൊപ്പം തികഞ്ഞ ആവേശത്തിലുമാണ്.
 
ജി.എം.എ ശ്രാവണോത്സവം 2017 - Promo link: https://www.youtube.com/watch?v=P2iGxIXbxHs
 
Venue: The Crypt School, Podsmead Road, Gloucester, GL2 5AE.
 
On: Saturday 30 September 2017 at 10am.