Latest News

ശരത്ക്കാലത്തിന്റെ വരവറിയിച്ച നനുത്ത തണുപ്പിൽ വർണ്ണ വസന്തം വിരിയിച്ച്‌ ജി.എം.എ ശ്രാവണോത്സവം

2017-10-09 05:59:31am | ലോറൻസ് പെല്ലിശ്ശേരി

ക്രിസ്റ്റൽ ഇയർ ഓണാഘോഷം നിറക്കാഴ്ചയുടെ നിളയായി ഒഴുകിയെത്തിയപ്പോൾ ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളും പരിസരവും ഒരു ഉത്സവപ്പറമ്പിന് സമാനമായി. സെപ്റ്റംബർ 30 – ന് ശനിയാഴ്ച രാവിലെ 10.30 – ന് ആയിരുന്നു പ്രൗഢഗംഭീര ചടങ്ങുകൾ ആരംഭിച്ചത്.

 

ആർപ്പുവിളികൾ നിറഞ്ഞ ഓണപ്പുലരിയൽ ഗ്ലോസ്റ്റർഷെയർ മങ്കമാർ താലപ്പൊലിയേന്തി ആതിഥ്യമരുളിയപ്പോൾ ജാതി മത ചിന്തകൾക്കപ്പുറത്തുള്ള മലയാളിയുടെ സാംസ്കാരിക സമന്വയത്തിലേക്കുള്ള വാതായനമായിപൂക്കളവും മുത്തുക്കുടകളും നിറഞ്ഞ വേദിയിൽ ആവേശം തീർത്ത ചെണ്ടമേളക്കാർക്കൊപ്പമായിരുന്നു മഹാബലിക്ക് സ്വാഗതമോതിയത്. ഗ്ലോസ്റ്ററിലെയും ചെൽറ്റൻഹാമിലെയും മേയറും ഡെപ്യൂട്ടി മേയറും ഫാദർ ജോസ് പൂവണിക്കുന്നേലും ഔദ്യോഗിക അതിഥികളായെത്തിയ ചടങ്ങിൽ പരമ്പരാഗത രീതിയിൽ തിരി തെളിയിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്ക്രിസ്റ്റൽ ഇയർ ഓണാഘോഷം ചരിത്ര താളുകളിൽ ആലേഖനം ചെയ്യപ്പെടണമെന്ന ജി.എം.എ പ്രസിഡന്റ് ടോം ശങ്കൂരിക്കലിന്റെയും, സെക്രട്ടറി മനോജ് വേണുഗോപാലിന്റെയും നിശ്ചയദാർഢ്യം ഗ്ലോസ്റ്റർഷെയർ മലയാളികൾ മൊത്തം ഏറ്റെടുക്കുന്ന കാഴ്ചക്കാണ് ആ വേദി പിന്നീട് സാക്ഷ്യം വഹിച്ചത്. മലയാളത്തിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതിക്കൊണ്ട്, കുട്ടികൾ മുതൽ മുത്തശീ മുത്തച്ഛന്മാരടക്കം 80 – ൽ പരം പേർ പങ്കെടുത്ത, ഓണത്തെക്കുറിച്ചുള്ള നൃത്ത ശിൽപം ഉദ്ഘാടനത്തിന്റെ ഭാഗമായെത്തിയപ്പോൾ കണ്ണിനും കാതിനും കുളിർമ്മയേകുന്നതായിതുടർന്ന്, ഒരു സ്റ്റേജ് ഷോയെ അനുസ്മരിപ്പിക്കും വിധം ഇടതടവില്ലാതെ വന്ന കാഴ്ചയുടെ വർണ്ണ വിസ്മയങ്ങളൊരുക്കാൻ ഗ്ലോസ്റ്റെർഷെയറിലെ കുഞ്ഞു കുരുന്നുകളടക്കം മിടുക്കീ മിടുക്കന്മാർ, അടുക്കും ചിട്ടയോടെയും മാസങ്ങളായി തുടന്ന് വന്ന പ്രയത്‌നമാണ് അവിടെ സാക്ഷാൽക്കരിക്കപ്പെട്ടത്. അവർക്കൊപ്പം ഐഡിയ സ്റ്റാർ സിങ്ങർ ഫെയീം സുദർശനും കലാഭവൻ സതീഷും ചേർന്നപ്പോൾ രാത്രി ഏറെ വൈകിയും സദസ്സ്യരുടെ നിറ സാന്നിദ്ധ്യം തുടർന്നു. ഒപ്പം ആവേശമായി മാറിയ വടം വലി മത്സരവും വിഭവ സമൃദ്ധമായ ഓണ സദ്യയും മലയാളികൾക്കൊപ്പം ഇംഗ്ളീഷുകാരുടെയും മനം കവരുന്നതായിരുന്നു

ജി.എം.എ കുടുംബത്തിൽ നിന്നും അകാലത്തിൽ പൊലിഞ്ഞു പോയ പ്രിൻസ് ആൽവിൻ, അലീഷാ രാജീവ്, സണ്ണി സെബാസ്റ്റ്യൻ, രാജീവ് ജേക്കബ് എന്നിവരുടെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുമ്പിലെ അശ്രുപ്രണാമം, നൊമ്പരപ്പെടുത്തുന്നതെങ്കിലും ജി.എം.എ യെ മുന്നോട്ട് നയിക്കാൻ ഊർജ്ജം പകരുന്നതായിരുന്നു.

ജി.എം.എ പാട്രൻ, ഡോ. തിയോഡോർ ഗബ്രിയേൽ, തന്റെ അസാന്നിദ്ധ്യത്തിലും സാന്നിദ്ധ്യമായ വേദി, അംഗീകാരത്തിന്റെയും ആദരവിന്റെയുമായി മാറി. ജി.സി.എസ്.ഇ. പരീക്ഷയിൽ ഉന്നത വിജയം സ്വന്തമാക്കിയ അജയ് എടക്കര, മേഘ്ന ശ്രീകുമാർ എന്നിവർക്കൊപ്പം ബ്രിട്ടീഷ് ഹാർട് ഫൌണ്ടേഷൻ സംഘടിപ്പിച്ച ബ്യുട്ടി പേജന്റിൽ മിസ് ഹാർട് (യു.കെ.) പട്ടം സ്വന്തമാക്കിയ കൊച്ചു മിടുക്കി സിയെൻ ജേക്കബിനെയും പുരസ്കാരങ്ങൾ നൽകി ആദരിച്ചു. ഔദ്യോഗികമായ കാരണങ്ങളാൽ, ജി.എം.എ കുടുംബത്തിൽ നിന്നും നോർതാംട്ടണിലേക്ക് താമസം മാറുന്ന ഡോ. ജ്യോതിഷ് ഗോവിന്ദനും ജി.എം.എ വൈസ് പ്രസിഡന്റ് കൂടിയായ ഡോ ബീന ജ്യോതിഷിനും കുടുംബത്തിനും യാത്രയയപ്പ് നൽകുന്നതിനും ശ്രാവണോത്സവ വേദി സാക്ഷ്യം വഹിച്ചുഇംഗ്ളീഷ് സംസ്കാരത്തോടൊപ്പം മലയാളി സംസ്കാരവും സംസ്കൃതിയും പുതു തലമുറയിലേക്ക് പകർന്നു നൽകുന്നതിന്റെ ഭാഗമായി, യുവ തലമുറയെയാണ് ഇത്തവണ ശ്രാവണോത്സവ വേദിയുടെ നേതൃത്വം ജി.എം.എ ഏൽപ്പിച്ചത്. ജി.എം.എ യുടെ ഭാവി അവരുടെ കരങ്ങളിൽ സുരക്ഷിതമാണെന്ന് ഉത്തരവാദിത്തങ്ങൾ ഉത്സാഹത്തോടെ നിർവ്വഹിച്ചുകൊണ്ട് അവർ തെളിയിച്ചുദേശീയ ഗാനം ആലപിച്ചു കൊണ്ട് രാത്രി 10 മണിയോടെയാണ് ജി.എം.എ ശ്രാവണോത്സവത്തിന് തിരശീല വീണത്.