Latest News

ചരിത്രം ഇവിടെ വഴിമാറുന്നു........... ഇനി കാത്തിരിപ്പിന്റെ മൂന്ന് ദിനങ്ങൾ കൂടി മാത്രം - യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു യാത്ര (രണ്ടാം ഭാഗം)

2017-10-25 02:22:49am | സജീഷ് ടോം (യുക്മ പി ആർ ഒ)

ആഗോള പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ ദേശീയ കലാമേളകളിലൂടെയുള്ള യാത്ര തുടരുകയാണ്. 2010 ൽ ബ്രിസ്റ്റോളിൽ തുടങ്ങിയ അശ്വമേധം 2011 ൽ സൗത്തെൻഡ് ഓൺ-സി യിലും, 2012 ൽ സ്റ്റോക്ക് ഓൺ-ട്രെൻഡിലും നടത്തിയ ജൈത്രയാത്ര നമ്മൾ ഈ അന്വേഷണത്തിന്റെ ഒന്നാം ലേഖനത്തിൽ കണ്ടു. ഓരോ വർഷം കഴിയുമ്പോഴും യുക്മ കലാമേളകൾ കൂടുതൽ ജനകീയമാകുന്നു എന്നത് ഏതൊരു യു കെ മലയാളിക്കും അഭിമാനകരം തന്നെയാണ്.

'ലിംക'യുടെ കരുത്തിൽ   2013 ലിവർപൂൾ കലാമേള
 
 മൂന്ന്  ദേശീയ കലാമേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ലിവര്‍പൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. യു.കെയില്‍  നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ യുക്മ ദേശീയ കലാമേളകള്‍ വളര്‍ന്നു കഴിഞ്ഞിരുന്നു. സോഷ്യല്‍ നെറ്റ്​വര്‍ക്കിംഗ് സൈറ്റുകള്‍ മലയാളി സമൂഹത്തില്‍ കൂടുതൽ സ്വാധീനം ചെലുത്തി തുടങ്ങിയ ഇക്കാലയളവിൽ സംഘടനാ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അവയെ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് ഒരു സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് സാധിച്ചു.  ഓരോ റീജിയണുകളും സ്വന്തമായി ഫെയിസ്ബുക്ക് ഗ്രൂപ്പുകള്‍ രൂപീകരിച്ചും, യുക്മ ദേശീയ കമ്മറ്റിയുടെ ഫെയിസ്ബുക്ക് ഗ്രൂപ്പില്‍ കൂടിയും മറ്റു വാര്‍ത്താ മാദ്ധ്യമങ്ങളില്‍ കൂടിയും കലാമേള വാര്‍ത്തകള്‍ ആഘോഷമാക്കി മാറ്റി. വര്‍ണ്ണപ്പൊലിമയാര്‍ന്ന ബാനറുകളും മറ്റ് പ്രചരണോപാധികളുമായി മലയാളി കൂട്ടായ്മകള്‍ നിറഞ്ഞപ്പോള്‍ ദേശീയ കലാമേള മുദ്രാവാക്യമായ "ആഘോഷിക്കൂ യുക്മയോടൊപ്പം" എന്ന അഭ്യര്‍ത്ഥനയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭ്യമായത്.

 ആതിഥേയരായ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷ (ലിംക) ന്റെ സംഘാടക മികവ് ലിവർപൂൾ കലാമേളയുടെ സവിശേഷതയായി. അന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമികളോടുള്ള ആദരസൂചകമായി 'ദക്ഷിണാമൂര്‍ത്തി നഗര്‍' എന്ന് നാമകരണം ചെയ്ത ബ്രോഡ്ഗ്രീന്‍ ഇന്‍റര്‍നാഷണല്‍ സ്ക്കൂളില്‍ 2013 നവംബര്‍ 30ന് നടന്ന യുക്മ ദേശീയ കലാമേള അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് യു.കെ മലയാളികള്‍ക്ക് സമ്മാനിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകൾ സ്വന്തമാക്കിക്കൊണ്ട് ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ചാമ്പ്യൻപട്ടം നിലനിർത്തി.


ലെസ്റ്റർ കലാമേള 2014  : ദേശീയ മേള വീണ്ടും മിഡ്‌ലാൻഡ്‌സിന്റെ മണ്ണിലേക്ക്

ഇത് ലെസ്റ്റർ - 2009 ജൂലൈ മാസം യൂണിയൻ ഓഫ് യു കെ മലയാളീ അസോസ്സിയേഷൻസ് എന്ന യുക്മ യുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടിൽ മക്കൾ ഒത്തുകൂടുന്ന നിർവൃതി പടർത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്മ ദേശീയ കലാമേള ലെസ്റ്റർ കേരളാ കമ്മ്യൂണിറ്റിയുടെയും മിഡ്‌ലാൻഡ്‌സ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിൽ ലെസ്റ്ററിൽ അരങ്ങേറി.

കവികളിലെ രാജാവും, രാജാക്കന്മാരിലെ മഹാകവിയുമായിരുന്ന സ്വാതിതിരുനാൾ മഹാരാജാവിന്റെ പേരിൽ നാമകരണം നടത്തിയ ലെസ്റ്ററിലെ പ്രശസ്തമായ ജഡ്ജ് മെഡോ കമ്മ്യൂണിറ്റി കോളേജില്‍ 2014 നവംബര്‍ 8 ശനിയാഴ്ച്ച നടന്ന ദേശീയ കലാമേളക്ക് മുന്നിൽ ചരിത്രം വഴിമാറുകയായിരുന്നു. ലെസ്റ്റർ കലാമേളയില്‍ ഹാട്രിക്ക് ജേതാക്കളാകും എന്നു കരുതപ്പെട്ടിരുന്ന മിഡ്‌ലാൻഡ്‌സ് റീജിയണെ അട്ടിമറിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിയൺ അഞ്ചാമത് യുക്മ ദേശീയ കലാമേളയിൽ ജേതാക്കളായി.


ഹണ്ടിങ്ടൺ കലാമേള 2015 : ഈസ്റ്റ് ആംഗ്ലിയ റീജിയനും ഇത് രണ്ടാമൂഴം

യുക്മ ദേശീയ കലാമേളകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നുവരുന്നതിനിടെയാണ് ആറാമത് കലാമേള 2015 നവംബര്‍ 21ന് ഹണ്ടിംങ്ടണില്‍ വച്ച് നടത്തപ്പെടുന്നത്. എന്നാല്‍ സംഘാടകരുടെ പ്രതീക്ഷകളെ അതിശയിപ്പിച്ചുകൊണ്ടാണ്,  യശഃശരീയനായ സംഗീത ചക്രവർത്തി എം.എസ്.വിശ്വനാഥന്റെ ബഹുമാനാർത്ഥം "എം.എസ്.വി. നഗര്‍" എന്നു നാമകരണം ചെയ്ത ഹണ്ടിംങ്ടണിലെ സെന്റ് ഐവോ സ്കൂളിലേയ്ക്ക്  അയ്യായിരത്തോളം യു കെ മലയാളികളാണ്  ഒഴുകിയെത്തിയത്.


യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയ-ജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവേശത്തിന്റെ പരകോടിയിലെത്തുന്ന  ദേശീയ കലാമേളയാണ്. റീജയണല്‍ കലാമേളയിലെ വിജയികളെ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതില്‍ റീജണല്‍ ഭാരവാഹികളുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ് ദേശീയ കലാമേളകൾ. ലെസ്റ്ററിലെ സ്വന്തം മണ്ണിൽ തങ്ങളുടെ ഹാട്രിക് പ്രതീക്ഷകൾ തകർത്തു കിരീടം നേടിയ ഈസ്റ്റ് ആംഗ്ലിയക്ക് അതേനാണയത്തിൽ മറുപടി നൽകിക്കൊണ്ട്, ഈസ്റ്റ് ആംഗ്ലിയായുടെ തട്ടകത്തിൽ നടന്ന ദേശീയ  കലാമേളയിൽ ജേതാക്കളായി  മിഡ്‌ലാൻഡ്‌സ് പകരം വീട്ടി.

ഏഴാമത് ദേശീയ കലാമേള കവൻട്രിയിൽ  

2016 നവംബര്‍ 5 ശനിയാഴ്ച്ച  കവൻട്രിയിലെ വാർവിക്  മെറ്റന്‍ സ്കൂളില്‍ ഏഴാമത് യുക്മ ദേശീയ കലാമേള ആണ് അരങ്ങേറിയത്. യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണും മിഡ്‌ലാൻഡ്‌സ് ലെ ഏറ്റവും ശക്തമായ മലയാളി സംഘടകളിലൊന്നായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും കലാമേളയുടെ സംയുക്ത ആതിഥേയരായി. മിഡ്‌ലാൻഡ്‌സ് റീജിയണ്‍ ഇത് മൂന്നാം തവണയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ജ്ഞാനപീഠം ജേതാവായ  ഒ എൻ വി കുറുപ്പിന്റെ അനുസ്മരണാർത്ഥം "ഒ.എൻ.വി.നഗർ" എന്ന് നാമകരണം ചെയ്ത കലാമേള നഗർ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിൽ ദർശിച്ചിട്ടില്ലാത്ത വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വിശ്വ മഹാകവി വില്യം ഷേക്‌സ്‌പിയറിന്റെ  ജന്മനാട്ടിൽ നടക്കുന്ന കലാമേളയെന്ന സവിശേഷത കൂടി 2016 ലെ യുക്മ ദേശീയ കലാമേളയ്ക്ക് സ്വന്തം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ, അർദ്ധരാത്രിക്കു ശേഷം വിധി പ്രഖ്യാപനങ്ങൾ വന്നപ്പോൾ മിഡ്‌ലാൻഡ്‌സ് റീജിയൺ ഒരിക്കൽക്കൂടി "ഡെയ്‌ലി മലയാളം എവർറോളിങ്ങ് ട്രോഫി"ക്കു അർഹരായി.

അരങ്ങൊരുക്കി ഹെയർഫീൽഡ് കാത്തിരിക്കുന്നു ........ എട്ടാമത് ദേശീയ കലാമേളയ്ക്ക് ഇനി മൂന്നു നാളുകൾ കൂടി മാത്രം

ഇതാദ്യമായാണ് സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ദേശീയ കലാമേള വന്നെത്തുന്നത്. അസോസിയേഷൻ ഓഫ് സ്‌ലോ മലയാളീസിന്റെയും സൗത്ത് ഈസ്റ്റ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന എട്ടാമത് ദേശീയ കലാമേള ഒരു ചരിത്ര സംഭവമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ. ഇദംപ്രഥമമായി ലണ്ടനിൽ നടക്കുന്ന യുക്മ ദേശീയ മേള എന്നനിലയിലും എട്ടാമത് ദേശീയ കലാമേള ശ്രദ്ധ ആകർഷിക്കുന്നു.

ഇതുവരെയും ഒരു റീജിയണും യുക്മ ദേശീയ കലാമേളയില്‍ ഹാട്രിക്ക് വിജയം കൈവരിക്കുവാന്‍ സാധിച്ചിട്ടില്ല. ആദ്യ രണ്ട് കലാമേളകളില്‍ സംയുക്ത "സൗത്ത് ഈസ്റ്റ് - സൗത്ത് വെസ്റ്റ് റീജിയണ്‍" ചാമ്പ്യന്മാരായപ്പോള്‍ പിന്നീടുള്ള രണ്ട് വട്ടം മിഡ്‌ലാൻഡ്‌സ്  ആയിരുന്നു ജേതാക്കള്‍. ലെസ്റ്ററില്‍ നടന്ന കലാമേള 2015ല്‍ മിഡ്‌ലാൻഡ്‌സ് ഹാട്രിക്ക് ജേതാക്കളാവും എന്നു കരുതപ്പെട്ടിരുന്നുവെങ്കിലും ഈസ്റ്റ് ആംഗ്ലിയ അട്ടിമറി ജയം നേടി.

2017 ഒക്റ്റോബർ 28 ശനിയാഴ്ച അർദ്ധരാത്രി കഴിയുമ്പോൾ ഹെയർഫീൽഡ് അക്കാഡമിയിൽ ചരിത്രം തിരുത്തി മിഡ്‌ലാൻഡ്‌സ് ഹാട്രിക് കിരീടം നേടുമോ എന്നാണ് യു കെ മലയാളികൾ മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.  അതോ ഈസ്റ്റ് ആംഗ്ലിയ ലെസ്റ്റർ വിജയം ആവർത്തിക്കുമോ? മേളയിലെ ഈ വർഷത്തെ കറുത്ത കുതിരകളാകാൻ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് റീജിയണുകൾ കഠിന പരിശീലനത്തിലാണ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് കിരീടം നേടാൻ നോർത്ത് വെസ്റ്റ്, യോർക്ക് ഷെയർ ആൻഡ് ഹംബർ റീജിയനുകൾക്ക് കഴിയുമോ? തങ്ങളുടെ പ്രഥമ ദേശീയ മേളയിൽ നോർത്ത് ഈസ്റ്റ് റീജിയണ്‍ നിറസാന്നിധ്യം ആകുമോ? കാത്തിരിപ്പിന് ഇനി മൂന്നു നാളുകൾ കൂടി മാത്രം. ആകാംക്ഷയുടെ പൂത്തിരി മേളത്തിലേക്ക് എല്ലാ യു കെ മലയാളികൾക്കും സ്വാഗതം. ദേശീയ കലാമേള നടക്കുന്ന വേദിയുടെ വിലാസം താഴെക്കൊടുക്കുന്നു:-

The Harefield Academy, Northwood Way, Harefield, Uxbridge, Middlesex - UB9 6ET