Latest News

സത്ഗമയ സാഹിത്യ ശിബിരം ഡിസംബർ 17 ന്

2017-12-09 02:21:06am |

ഡബ്ലിൻ: മലയാള ഭാഷയുടെ മഹത്വം മനസ്സിലാക്കാൻ അയർലണ്ടിൽ സത്ഗമയ കുട്ടികൾക്കായി സാഹിത്യ ശിബിരം സംഘടിപ്പിക്കുന്നു. ഡൽഹിയിലെ മലയാള ഭാഷ പഠന കേന്ദ്രത്തിന്റെ ശില്പി എന്ന നിലയിൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ ഡോ: എഴുമറ്റൂർ രാജരാജ വർമ്മയുടെ നേതൃത്വത്തിൽ ഡിസംബർ 17 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 2 മുതൽ 6 വരെ ഡബ്ലിൻ ക്ളോണിയിലുള്ള റോയൽ മീത്ത് പിച്ച് & പുട്ട് ക്ലബ്ബിൽ വച്ച് സാഹിത്യ ശിബിരം നടത്തപ്പെടും. 

മാതൃഭാഷാ പഠനം - എന്തിന്,എന്ത്,എങ്ങിനെ എന്ന വിഷയത്തിൽ ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസ്സും കുട്ടികൾക്കായുള്ള വിജ്ഞാനവും വിനോദവും നിറഞ്ഞ പരിപാടികളുമാണ് ശിബിരത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിരിയ്ക്കുന്നത്. കൂടാതെ മുതിർന്നവരുമായുള്ള സാഹിത്യസംവാദവും ഉണ്ടായിരിയ്ക്കുന്നതാണ്.
കവി,വിമർശകൻ,ബാലസാഹിത്യകാരൻ,ഗവേഷകൻ,നവസാക്ഷരസാഹിത്യ രചയിതാവ് എന്നീ നിലകളിൽ പ്രസിദ്ധനായ ഡോ: എഴുമറ്റൂർ രാജരാജ വർമ്മ, ഭാഷാ അദ്ധ്യാപകനായും ഭാഷാ വിദഗ്ദ്ധനായും പ്രവർത്തിച്ചിട്ടുണ്ട്. അയർലണ്ട് മലയാളിയായ ആർ.രശ്മി വർമ്മയുടെ പിതാവാണ് ഇദ്ദേഹം.

5 വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും സാഹിത്യ ശിബിരത്തിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിയ്ക്കും. താത്പര്യമുള്ളവർ 0877818318, 0892312430 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ട് പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക.