Latest News

സാഹോദര്യത്തിൻ കൂട്ടായ്മക്കായി ഏപ്രിൽ 29 ന് ഒത്തുചേരുന്ന അയർക്കുന്നം- മറ്റക്കര സംഗമം തീം സോങ്ങ് വീഡിയോ റിലീസ് ചെയ്തു

2017-04-05 01:58:12am | ജോയൽ ചെറുപ്ലാക്കിൽ

അയർക്കുന്നം - മറ്റക്കര പ്രദേശങ്ങളിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നുമായി യു കെ യിൽ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമം ഏപ്രിൽ 29 ന് ബെർമിംഗ്ഹാമിന് അടുത്തുള്ള വൂൾവർഹാംപ്ടണിൽ നടക്കും. ഓരോ കുടുംബങ്ങളും നിറഞ്ഞ മനസ്സോടെ കാത്തിരിക്കുന്ന ആദ്യ സംഗമം കൂടുതൽ ശ്രദ്ധേയമാക്കുവാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകർ നടത്തിക്കൊണ്ടിരിക്കുന്നത്. നാടിന്റെ ഓർമ്മകൾ ഉണർത്തുന്ന ദൃശ്യങ്ങൾ കൊണ്ട് സംബന്നമായ സംഗമത്തിന്റെ തീം ഗാന വീഡിയോ യുട്യൂബിൽ റിലീസ് ചെയ്തു. സംഗമത്തിന്റെ ജനറൽ കൺവീനർ കൂടിയായ സി. എ. ജോസഫ് ആണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. യു കെ യിൽ പുറത്തിറങ്ങിയ 'ഒരു ബിലാത്തി പ്രണയം' എന്ന സിനിമയിലും, മറ്റു ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള മികച്ച അഭിനേതാവ് കൂടിയായ സി.എ ജോസഫ് യു കെ മലയാളികൾ പുറത്തിറക്കിയ  'ഓർമ്മയിൽ ഒരു ഓണം' എന്ന സംഗീത ആൽബത്തിന് വേണ്ടിയും ഗാനരചന നിർവഹിച്ചിട്ടുണ്ട്. 

 

നിരവധി ഷോർട്ട് ഫിലിമുകളിലെയും, ആൽബങ്ങളിലെയും ഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള മികച്ച ഗായകൻ കൂടിയായ ജോജി കോട്ടയം ആണ് ഈ തീം സോങ്ങിനും സംഗീതം നൽകിയിരിക്കുന്നത്. ഒരു ബിലാത്തി പ്രണയം എന്ന സിനിമയിലെ ഗാനം ആലപിച്ച് ശ്രദ്ധേയനായ സുമേഷ് അയിരൂർ ആണ് മനോഹരമായ ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഏഷ്യാനെറ്റ്, ദൂരദർശൻ തുടങ്ങിയ പ്രമുഖ ചാനലുകളിൽ സംഗീത പ്രോഗ്രാമുകൾ അവതരിപ്പിക്കുന്ന യുവ ഗായകനായ സുമേഷ് അയിരൂർന് മലയാളത്തിൽ പുറത്തിറങ്ങുവാൻ പോകുന്ന പ്രശസ്ത സംവിധായകരുടെ സിനിമകളിലും പാടുവാൻ അവസരം ലഭിച്ചിട്ടുണ്ട്. 

 

അയർക്കുന്നവും മറ്റക്കരയും സമീപ പ്രദേശങ്ങളുമായി ബന്ധമുള്ള ജനപ്രതിനിധിയെ കൂടി പങ്കെടുപ്പിച്ച്, വൈവിദ്ധ്യമാർന്ന കലാപരിപാടികളും ഉൾപ്പെടുത്തി ആദ്യ കുടുംബ സംഗമം പ്രൗഢോജ്വലം ആക്കുവാനുള്ള പ്രവർത്തനങ്ങളാണ് സംഘാടകർ നടത്തുന്നത്. 

 

നാടിന്റെ സാംസ്കാരിക പൈതൃകവും, ഗൃഹാതുരത്വം നിറഞ്ഞ ഓർമ്മകളും, സൗഹൃദങ്ങളും മനസ്സിൽ സൂക്ഷിക്കുന്ന എല്ലാവരും അയർക്കുന്നം- മറ്റക്കര കുടുംബ സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് സംഘാടകർ അറിയിച്ചു. സംഗമത്തിൽ വിവിധ പരിപാടികൾ അവതരിപ്പിക്കുവാനും, സംഗമവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുവാനും കൺവീനർ മാരേയോ താഴെ പറയുന്നവരെയോ ബന്ധപ്പെടേണ്ടതാണ്. 

 

 

സി എ ജോസഫ്. 07846747602 

ജോജി ജോസഫ് . 07809770943 

ഷൈനു ക്ലയർ മാത്യൂ. 07872514619 

ബാലസജീവ് കുമാർ.  07500777681 

 

സംഗമ വേദിയുടെ വിലാസം 

UKKCA Hall

Woodcross Lane 

Wolverhampton

WV14 9BW