Latest News

അൻപതുകളിലെയും അറുപതുകളിലെയും നാടകവേദിയുടെ സ്മരണയുണർത്തു ഒഎൻവി സ്‌മൃതിസന്ധ്യ -2018 ചൊവ്വാഴ്ച

2018-02-12 03:15:49am |

 സവിശേഷ രീതിയിലുള്ള നാടകഗാനസന്ധ്യയോടെ മഹാകവി ഒഎൻവി കുറുപ്പിന്റെ രണ്ടാം ചരമവാർഷികം ടാഗോർ തീയേറ്ററിൽ ആചരിക്കുന്നു. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിലാണ് ദിനാചരണം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്ന ഒഎൻവി സ്‌മൃതിസന്ധ്യയുടെ ഈ വർഷത്തെ പ്രത്യേകത അൻപതുകളിലെയും അറുപതുകളിലെയും നാടകവേദിയുടെ സ്മരണയുണർത്തുന്നതും അന്നത്തെ തനതായ സാംസ്കാരികാന്തരീക്ഷത്തെ പുനരാനയിക്കുന്നതുമായ നാടകഗാനസന്ധ്യയാണ്.

ഒഎൻവി-ദേവരാജൻ കൂട്ടുകെട്ടിന്റെ ആദ്യകാല നാടകഗാനങ്ങൾ അതേ വേദിയുടെ രംഗപശ്ചാത്തലം ഓർമ്മപ്പെടുത്തുന്ന രീതിയിലുള്ള പുനരവതരണം കൊണ്ടും അക്കാലത്തെ വാദ്യോപകരണങ്ങളുടെ പശ്ചാത്തലസംഗീതം കൊണ്ടും ശ്രദ്ധേയമാകും. കഴിഞ്ഞ നൂറ്റാണ്ടിന്റെ അഞ്ചും ആറും പതിറ്റാണ്ടുകളിൽ കേരളത്തിൽ നിലനിന്ന നാടക സംസ്കാരത്തിന്റെ സർഗ്ഗാത്മകമായ ഉണർവ്വുകളെ പ്രത്യാനയിക്കുന്ന ഈ പുതുമയുള്ള പരിപാടി ആസ്വാദകരിൽ ഗൃഹാതുരത്വത്തിന്റെ സ്മരണകളുണർത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഹാർമോണിയം,ക്ലാരനെറ്റ്, വയലിൻ, മാൻഡലിൻ, ഫ്ലൂട്ട്, വീണ, അക്കോർഡിയൻ, ഗിത്താർ, തബല, തുടങ്ങി അക്കാലത്തുപയോഗിച്ചിരുന്ന സംഗീതോപകരണങ്ങളുടെ പശ്ചാത്തലത്തിലാകും പൊന്നരിവാളമ്പിളിയില്, തുഞ്ചന്പറമ്പിലെ തത്തേ, മാരിവില്ലിന് തേന്മലരെ, അമ്പിളിയമ്മാവാ, ചെപ്പു കിലുക്കണ ചങ്ങാതി, ചില്ലിമുളം കാടുകളിൽ, മധുരിക്കും ഓർമ്മകളെ, വള്ളിക്കുടിലിനുള്ളിലിരിക്കും, തുടങ്ങിയ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങൾ പഴയ നാടക രംഗപശ്ചാത്തലത്തിൽ അവതരിപ്പിക്കുക.

ഫെബ്രുവരി 13 ചൊവ്വാഴ്ച വൈകിട്ട് ആറിന് ആരംഭിക്കുന്ന ഒഎൻവി     സ്‌മൃതിസന്ധ്യയിൽ അക്കാദമി ചെയർമാൻ ശ്രീ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും; പ്രൊഫ: വി മധുസൂദനൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. ശ്രീ കെ.ജയകുമാർ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഒഎൻവി കവിതകൾ മുഖ്യമന്ത്രി ഭാഷാ ഇൻസ്റ്റിട്യൂട്ട് ഡയറക്‌ടർ പ്രൊഫ: കാർത്തികേയൻ നായർക്ക് നൽകി പ്രകാശനം ചെയ്യും. ശ്രീ എം.എ.ബേബി, ശ്രീ കെ.ജയകുമാർ എന്നിവർ ആശംസകളർപ്പിക്കും. ശ്രീ ജി.രാജ്‌മോഹൻ , ശ്രീ ഈ.എം. നജീബ് തുടങ്ങിയവരും സംസാരിക്കും. ചടങ്ങിന് ശേഷം 'മധുരിക്കും ഓർമ്മകൾ' എന്ന നാടകഗാനസന്ധ്യയും അരങ്ങേറും.