Latest News

ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെ ചാരിറ്റി ഫണ്ടിലേക്കുള്ള ധനശേഖരണാർത്ഥം ഓൾ യു.കെ. നാടക മത്സരം

2017-04-05 02:04:53am | ലോറൻസ് പെല്ലിശ്ശേരി
ജി.എം.എ  2010 - ൽ ആരംഭിച്ച  'എ ചാരിറ്റി ഫോർ ഡിസ്ട്രിക്ട് ഹോസ്പിറ്റൽസ് ഇൻ കേരള' എന്ന പദ്ധതിയുടെ നടത്തിപ്പിനായി വർഷം തോറും സംഘടിപ്പിച്ചു വരുന്ന ചാരിറ്റി ഇവന്റ് വരുന്ന മെയ്  27 ശനിയാഴ്ച  നടത്താൻ തീരുമാനിച്ചിരിക്കുന്നു. കേരളത്തിൽ, സ്വകാര്യ ആസ്പത്രികളിലെ ചികിത്സയെ കുറിച്ച് സ്വപ്നം പോലും കാണാൻ കഴിയാത്ത പാവപ്പെട്ട രോഗികളുടെ ഏക ആശ്രയമായ സർക്കാർ ആസ്പത്രികളുടെ ഉന്നമനം ലക്ഷ്യം വച്ചുള്ളതാണ് ഈ പദ്ധതി.  ക്രിസ്റ്റൽ ഇയർ ആഘോഷിക്കുന്ന ജി.എം.എ യുടെ, ഈ വർഷത്തെ ചാരിറ്റി ഫണ്ടിന്റെ  ഗുണഭോക്താക്കളായി  തിരഞ്ഞെടുത്തിരിക്കുന്നത്  മലപ്പുറം ജില്ലാ സർക്കാർ ആസ്പത്രിയും  അവിടുത്തെ രോഗികളേയുമാണ്. ചാരിറ്റി ഇവന്റിനോടനുബന്ധിച്ചു ജി.എം.എ ഓർക്കെസ്ട്രയോടൊപ്പം ഓൾ യു.കെ നാടകമത്സരമാണ് ജി.എം.എ  സംഘടിപ്പിക്കുന്നത്.
 
സിനിമ, ടെലിവിഷൻ തുടങ്ങിയവയുടെ 'സർവ്വാധിപത്യത്തിൽ' അന്യം നിന്ന് പോകാൻ വിധിക്കപ്പെട്ട നാടക കലയെ പുനരുജ്ജീവിപ്പിക്കാനുള്ള പരിശ്രമങ്ങൾ ഇന്ന് ലോകത്തെല്ലായിടത്തും സജീവമാണ്. അതിൽ പങ്കാളികളാകാനുള്ള ഗ്ലോസ്റ്റർഷെയർ മലയാളികളുടേയും, ഒപ്പം യു.കെ മലയാളികളുടേയും ചിരകാലാഭിലാഷമാണ് ഇതിലൂടെ പൂവണിയുന്നത്.
 
കേരളത്തിൽ ഒരു കാലത്ത് നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾക്കെതിരെയും, സ്ത്രീ വിമോചനത്തിനും,  പൊതുവിൽ തുല്യ നീതിയിലൂന്നിയ സാമൂഹ്യ അവബോധം കെട്ടിപ്പടുക്കുന്നതിലും നാടകമെന്ന കലാരൂപം വഹിച്ച പങ്ക് വളരെ വലുതാണ്. പ്രേക്ഷകനുമായി നേരിട്ട് ആശയ സംവേദനം സാധ്യമാകുന്ന ഈ കലാരൂപം കേരളത്തിൽ ഒരു കാലത്ത് ഗ്രാമനഗര ഭേദമെന്യേ എല്ലാ തരം ജനവിഭാഗങ്ങൾക്കും പ്രിയങ്കരവും ആസ്വാദ്യകരമായ അനുഭവവുമായിരുന്നു. സ്‌കൂൾ, കോളേജ് പഠന കാലങ്ങളിൽ ഒരിക്കലെങ്കിലും നാടകമെന്ന കലയുടെ ഭാഗമാകാത്തവർ നമ്മളിൽ വിരളമായിരിക്കും. മലയാളത്തിലെ പ്രശസ്തമായ പല നാടകങ്ങളും അതിലെ ഗാനങ്ങളും ഇന്നും നമ്മുടെയൊക്കെ ഗൃഹാതുരത്വ ഓർമ്മകളുടെ ഭാഗമാണ്.
 
വിഖ്യാത സാഹിത്യകാരൻ ഏണസ്റ്റ് ഫിഷറിന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ  മാനവ സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും ഏറ്റവും പ്രാചീന കലാരൂപമാണ് നാടകം.  നാടകത്തിന്റെ സ്വീകാര്യതക്ക് അപജയം സംഭവിച്ചിട്ടില്ലെങ്കിലും, നാടകം ഇന്ന് സിനിമ പോലെ സവ്വസാധാരണമല്ല. എങ്കിലും  ആ കലാ രൂപത്തെ നെഞ്ചിലേറ്റുന്നവരാണ് മലയാളികൾ. 
 
അതുകൊണ്ടു തന്നെയാണ് നാടക കലയെ സജീവമാക്കുക എന്ന ലക്ഷ്യത്തോടൊപ്പം യു.കെ യിൽ നാടക പ്രേമികളായിട്ടുള്ള ഒട്ടനവധി മലയാളികൾക്ക് അതിന്റെ ഭാഗമാകാനും ഒപ്പം ആസ്വദിക്കാനുമുള്ള വേദിയൊരുക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിലേക്ക് ജി.എം.എ എത്തിച്ചേർന്നത്.
 
നാടക സംവിധാനത്തിലും  അഭിനയത്തിലും  അവതരണത്തിലുമെല്ലാം  തന്റേതായ  വ്യക്തിമുദ്ര പതിപ്പിക്കുകയും ഒട്ടനവധി പുരസ്കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തിട്ടുള്ള റോബി മേക്കരയുടെ നേതൃത്വത്തിലാണ് ഇതിനുള്ള ഒരുക്കങ്ങൾ അണിയറയിൽ സജീവമാകുന്നത്. മലയാളം ഇംഗ്ളീഷ് എന്നീ ഭാഷകളിൽ പരമാവധി അര മണിക്കൂർ സമയ ദൈർഘ്യമുള്ള നാടകങ്ങളാണ് ഇതിനായി ക്ഷണിക്കുന്നത്. നാടകത്തിന്റെ തനതായ ആവിഷ്ക്കാര,  ആസ്വാദന അനുഭവത്തിനായി റെക്കോർഡ് ചെയ്ത സംഭാഷണങ്ങൾ അനുവദിക്കുന്നതല്ല, പകരം ഓരോ കഥാപാത്രവും ഡയലോഗ് പ്രസന്റേഷൻ സ്റ്റേജിൽ വച്ച് തന്നെ നിർവ്വഹിക്കേണ്ടതാണ് എന്ന് പ്രത്യേകം അറിയിക്കുന്നു. നാടക മത്സരവുമായി ബന്ധപ്പെട്ടുള്ള സുപ്രധാന വിവരങ്ങളും നിബന്ധനകളും ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
 
മെയ് 27 ന് ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങൾക്ക് വേദിയാകുന്നത് ഗ്ലോസ്റ്ററിലെ റിബ്സ്റ്റൻ ഹാൾ ഹൈസ്കൂളാണ്.  നാടക മത്സരത്തോടൊപ്പം ജി.എം.എ ഓർക്കസ്ട്ര നയിക്കുന്ന സംഗീതനിശക്കുള്ള പരിശീലനത്തിലാണ് യുക്മ നാഷണലിൽ അടക്കം സമ്മാനാർഹരായ ഗ്ലോസ്റ്റെർഷെയറിലെ അനുഗ്രഹീത ഗായകരും കലാ സ്നേഹികളും.
 
നീതിപൂർവ്വമായ വിധി നിർണ്ണയത്തിനായി നാടക കലാരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച വിധികർത്താക്കളെ തന്നെ കണ്ടെത്തിയിരിക്കുന്ന ഈ നാടക മാമാങ്കത്തിൽ, വിജയികളാകുന്നവരെ പ്രശസ്തി പത്രത്തോടൊപ്പം ആകർഷകമായ കാഷ് അവാർഡുകളും കാത്തിരിക്കുന്നു.  മത്സരത്തിൽ ഏറ്റവും മികവ് പുലർത്തുന്ന നാടകത്തിന് ഒന്നാം സമ്മാനമായി യു.കെ യിലെ പ്രശസ്ത സ്ഥാപനമായ ബീ വൺ യു.കെ ലിമിറ്റഡ് സ്പോൺസർ ചെയ്യുന്ന  501 പൗണ്ട്  ക്യാഷ് അവാർഡ് ലഭിക്കുന്നതായിരിക്കും. മികച്ച രണ്ടാമത്തെ നാടകത്തിന് സമ്മാനമായി 251 പൗണ്ട് സ്പോൺസർ ചെയ്യുന്നത് യു.കെ യിൽ ഇൻഷുറൻസ് മേഖലയിലെ പ്രമുഖരായ അലൈഡ് ഇൻഷുറൻസ് കമ്പനിയാണ്. മികച്ച മൂന്നാമത്തെ നാടകത്തിന് 151 പൗണ്ടിന്റെ ക്യാഷ് അവാർഡ് കാത്തിരിക്കുന്നു. ആർക്കിടെക്ച്ചറൽ മേഖലയിലെ പ്രമുഖ സ്ഥാപനമായ മേക്കര ആർക്കിടെക്ച്ചറൽ  കൺസൾട്ടൻസി ആണ്  മികച്ച സംവിധായകനും ബെസ്റ് പെർഫോർമർക്കുമുള്ള ക്യാഷ് അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത്.
 
മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം, ഏപ്രിൽ 10 - ന് മുമ്പായി മത്സര നിബന്ധനകൾക്ക് അനുസരിച്ചു നിങ്ങളുടെ വിശദ വിവരങ്ങളടക്കം ഇമെയിൽ വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരത്തിന് പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള ഇമെയിൽ വിലാസവും ബന്ധപ്പെട്ടവരുടെ ഫോൺ നമ്പറുകളും താഴെ കൊടുത്തിരിക്കുന്നു: 
 
ഇമെയിൽ: robymekkara@gmail.com
 
ഫോൺ: 07843 020249 (റോബി മേക്കര), 07865 075048 (ടോം ശങ്കൂരിക്കൽ), 07575 370404 (മനോജ് വേണുഗോപാൽ).
 
നാടക കലയെ സ്നേഹിക്കുന്നവർക്കും, ഒപ്പം ജനിച്ചു വളർന്ന സ്വന്തം നാട്ടിലെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കൊതിക്കുന്നവർക്കും മെയ് 27 – ന് ഗ്ലോസ്റ്ററിൽ അരങ്ങേറുന്ന സംഗീത നാടക സദസ്സിലേക്ക്   ജി.എം.എ യുടെ സുസ്വാഗതം.