Latest News

സംശുദ്ധമായൊരു പുരോഗമന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ചേതന യുകെക്ക് നവ നേതൃത്വം; ജനറൽ സെക്രട്ടറി ലിയോസ് പോൾ, പ്രസിഡന്റ് സുജു ജോസഫ്, ട്രഷറർ ജെ എസ് ശ്രീകുമാർ

2018-02-15 03:19:27am | ലിയോസ് പോൾ
 
ബോൺമൗത്ത്‌: ജനാധിപത്യ ബോധവും മാനവിക കാഴ്ചപ്പാടുകളും ജനങ്ങളിലേക്ക് എത്തിക്കുക എന്ന സദുദ്ദേശത്തോടെ രൂപം കൊണ്ട  ചേതന യുകെക്ക് പുതു നേതൃത്വം. അരാഷ്ട്രീയവാദവും അതിൻ്റെ സമൂർത്ത ഭാവമായിട്ടുള്ള അവനവനിസവും കൂടി മലയാളി സമൂഹത്തെ വർഗ്ഗീയ ദ്രൂവീകരണത്തിലേക്കും  മതമൗലികവാദത്തിലേക്കും തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. അതിൻ്റെയെല്ലാം പരിണിതഫലമായിട്ടാണ് യാഥാർഥ്യമെന്നും, വാസ്തവമെന്നും, വർത്തകളെന്നുമെല്ലാം തോന്നിപ്പിക്കുന്ന തരത്തിലുള്ള അപവാദപ്രചാരണങ്ങൾക്കും, കപടശാസ്ത്രങ്ങൾക്കും, ഗൂഡാലോചനാ സിദ്ധാന്തങ്ങൾക്കുമെല്ലാം നമ്മുടെ ഇടയിൽ ഭീകരമായ പ്രചാരണം ലഭിക്കുന്നത്.ഇത്തരം ദുരവസ്ഥകളിൽ നിന്നും ശാസ്ത്രീയ അവബോധത്തിലേക്കും അതുവഴി സാമൂഹ്യപുരോഗതിയിലേക്കും മലയാളി സമൂഹത്തെ കൊണ്ട് പോകുക എന്ന സുവ്യക്തമായ ആശയത്തെ മുറുകെപിടിച്ചു കൊണ്ട് ചേതന യുകെയുടെ പൊതുയോഗം ബോൺമൗത്തിലെ ഹൗക്ക്രോഫ്റ് കമ്മ്യൂണിറ്റി സെന്ററിൽ നടന്നു. പ്രസിഡന്റ് ശ്രീ വിനോ തോമസിന്റെ അഭാവത്തിൽ ചേതന യുകെ  വൈസ് പ്രസിഡന്റ് സുജു ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രെഷറർ ലിയോസ് പോൾ സ്വാഗതവും ഓക്‌സ്‌ഫോർഡ് യൂണിറ്റ് ഭാരവാഹിയായിട്ടുള്ള ഷാജി സ്കറിയ നന്ദിയും പറഞ്ഞു. തുടർന്ന് സെക്രട്ടറി ശ്രീകുമാർ അവതരിപ്പിച്ച സംഘടന പ്രവർത്തന റിപ്പോർട്ട് പ്രതിനിധികളുടെ വിശദവും, ആഴത്തിലുള്ളതുമായ ചർച്ചകൾക്ക് ശേഷം പാസാക്കി. പൂർണ്ണമായും ജനാധിപത്യപരമായി നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിലൂടെ ലിയോസ് പോളിനെ ജനറൽ സെക്രട്ടറിയായും,സുജു ജോസഫിനെ പ്രസിഡന്റായും,ജെ എസ് ശ്രീകുമാറിനെ ട്രെഷററായും തിരഞ്ഞെടുത്തു.കൂടാതെ ജിന്നി ചാക്കോ, വിനോ തോമസ്, എബ്രഹാം മാരാമൺ, ഷാജി സ്കറിയ എന്നിവർ അടങ്ങുന്ന ഏഴംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
 
കഴിഞ്ഞ കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ യോഗം മുക്തകണ്ഠം പ്രശംസിച്ചു. കൃത്യമായി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിലും വിവിധ യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും കമ്മിറ്റി വിജയം കണ്ടതായി പൊതുയോഗം വിലയിരുത്തി. ഓക്സ്ഫോർഡ് യൂണിറ്റ് സ്ഥാപിക്കുന്നതിനും കുട്ടികൾക്കായി മ്യൂസിക് ക്‌ളാസ്സുകൾ ആരംഭിക്കുന്നതിനും കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞു. പാലക്കാട് എം പി എം ബി രാജേഷ് രൂപം കൊടുത്ത പ്രെഡിക്ട് 2016 സ്‌കോളർഷിപ്പ് പദ്ധതിക്ക് ചേതന യുകെ നൽകിയ സഹായം വളരെ വലുതാണ്. നൂറോളം നിർദ്ധനരായ പ്ലസ് വൺ, പ്ലസ് ടു വിദ്യാര്തഥികൾക്ക് നൽകിയിരുന്ന പഠനസഹായത്തിന് ചേതന യുകെ അംഗങ്ങളും അഭ്യുദയകാംക്ഷികളും ഭാഗഭാക്കായി. കഴിഞ്ഞ രണ്ടു വർഷമായി പതിനഞ്ചോളം നിർദ്ധന വിദ്യാര്തഥികൾക്കുള്ള പഠന സഹായം നൽകിയ ചേതന യുകെ, ഇക്കാലയളവിൽ ഏകദേശം മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയാണ് കുട്ടികളുടെ പഠനത്തിനായി നൽകിയത്. 
 
പ്രെഡിക്റ്റിന്റെ രണ്ടാം ഘട്ടം കഴിഞ്ഞയാഴ്ച വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌  ഉത്‌ഘാടനം നിർവ്വഹിച്ചു. ചേതന അംഗങ്ങളും പ്രഡിക്ട് 2018 ന്റെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്. പ്രെഡിക്ട് 2018ൽ അംഗമായി നിർദ്ധന വിദ്യാര്തഥികൾക്ക് സഹായം നൽകാൻ ആഗ്രഹിക്കുന്ന നല്ലവരായ എല്ലാ  അഭ്യുദയകാംക്ഷികളും 07533289388 ലിയോസ് പോൾ, 07904605214 സുജു ജോസഫ്, 07886392327 ജെ എസ് ശ്രീകുമാർ എന്നിവരെ ബന്ധപ്പെടെണമെന്ന് അഭ്യർത്‌ഥിക്കുന്നു. 
 
ആരോഗ്യകരമായ ചർച്ചകളിലേക്കും,ആശയപരമായ സംവാദങ്ങളിലേക്കും ബ്രിട്ടണിലെ മലയാളി സമൂഹത്തെ കൊണ്ടുപോകാനും,അവരുടെ ചിന്താമണ്ഡലങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് ഊഷ്മളമായൊരു സാമൂഹ്യ,രാഷ്ട്രീയ,കലാ ,സാംസ്‌കാരിക പരിസരം രൂപപ്പെടുത്തിയെടുക്കാൻ എല്ലാവരും ആത്മാർത്ഥമായി പരിശ്രമിക്കണമെന്നും ,മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണയും സഹകരണവും ചേതനക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും നാല് മണിക്കൂർ നീണ്ടു നിന്ന പൊതുയോഗം സമാപിച്ചു.