Latest News

ഗർഷോം ടി വി- യുക്മ സ്റ്റാർസിംഗർ3 മത്സരങ്ങളുടെ രണ്ടാം റൗണ്ടിന് സൂപ്പർ ഫിനിഷിംഗ്

2018-02-21 02:38:17am | സജീഷ് ടോം (സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ)

പ്രേക്ഷക ലോകത്തിന് മാസ്മരിക സംഗീത വിരുന്നുമായി ഗർഷോം ടി വി - യുക്മ സ്റ്റാർസിംഗർ 3 മ്യുസിക്കൽ റിയാലിറ്റി ഷോ മുന്നേറുകയാണ്. ആദ്യ സ്റ്റേജിലെ രണ്ട് റൗണ്ട്കളുടെയും സംപ്രേക്ഷണം പൂർത്തിയാകുമ്പോൾ പത്തു എപ്പിസോഡുകളിലായി പതിനഞ്ച് ഗായകർ, രണ്ടു വീതം ഗാനങ്ങളുമായി പ്രേക്ഷക ഹൃദയം കീഴടക്കിക്കഴിഞ്ഞു. അത്യന്തം ആവേശകരമായ പത്താമത്തെ എപ്പിസോഡ് ഇതാ പ്രേക്ഷകസന്നിധിയിലേക്ക്.

കെ എസ് ചിത്രക്ക് 1986 ൽ ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത "നഖക്ഷതങ്ങൾ" എന്ന സിനിമയിലെ 'മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞക്കുറിമുണ്ട് ചുറ്റി' എന്ന ഭാവതീവ്രമായ ഗാനവുമായാണ് ഈ എപ്പിസോഡിലെ ആദ്യ മത്സരാർത്ഥിയായ ജിസ്മോൾ ജോസ് എത്തുന്നത്. ഒ എൻ വി കുറുപ്പിന്റെ രചനയിൽ ഇന്ത്യൻ സിനിമാ സംഗീത സംവിധായകരിലെ അതികായരിൽ ഒരാളായ ബോംബെ രവി ഈണം നൽകിയ ഈ ഗാനം മലയാളികളുടെ മനസ്സിൽ ഒരു കുളിരോർമ്മയായി ഇന്നും ഊയലാടുന്നു. ഇഷ്ടഗാന റൗണ്ടിൽ  "മൗനസരോവരമാകെയുണർന്നു സ്നേഹമനോരഥവേഗമുയർന്നു" എന്ന  ഗാനം ആലപിച്ച ജിസ്മോൾ ഇതാ കെ എസ് ചിത്രയുടെ അവാർഡ് ഗാനങ്ങൾ നെഞ്ചിലേറ്റിയുള്ള സംഗീതയാത്ര തുടരുകയാണ്.

1970 - 1980 കളിലെ ഹൃദ്യഗാന റൗണ്ടിന്റെ ഈ അവസാന എപ്പിസോഡിലെ അടുത്ത മത്സരാർത്ഥി വിനു ജോസഫ് ആണ്. ഇതിനകം തന്നെ സ്റ്റാർസിംഗർ 3 യിലെ ഭാവഗായകനെന്ന് പേരെടുത്തുകഴിഞ്ഞ വിനു "ധ്വനി"യിലെ "അനുരാഗ ലോലഗാത്രി, വരവായി നീലരാത്രി" എന്ന ഗാനം ആലപിക്കുമ്പോൾ അനുഭൂതി സാന്ദ്രമായ ഒരു നീല രാത്രിയിലേക്ക് പ്രേക്ഷകർ അറിയാതെ ആനയിക്കപ്പെടുന്നു. "ധ്വനി"യിലെ തന്നെ 'ജാനകീ ജാനേ' എന്ന സംസ്കൃത ഗാനം രചിച്ച യൂസഫലി കേച്ചേരിയുടെ തികച്ചും വ്യത്യസ്തവും ആർദ്രവുമായ ഈ വരികൾക്ക്  ഇന്ത്യൻ സിനിമയിലെ മറ്റൊരു സംഗീത ചക്രവർത്തിയായ നൗഷാദ് അലിയാണ് ഈണം പകർന്നിരിക്കുന്നത്.   

ഈ എപ്പിസോഡിന്റെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു മനോഹാരിത  ഇതിലെ മൂന്നു ഗാനങ്ങളുടെയും സംഗീത സംവിധായകർ മലയാളികൾ അല്ല എന്നതാണ്.  രവിശങ്കർ ശർമ്മ എന്ന ബോംബെ രവിക്കും നൗഷാദ് അലിക്കും ഒപ്പം മൂന്നാമത്തെ ഗാനത്തിന്റെ സംഗീത സംവിധായകൻ സലിൽ ചൗധരിയാണ് എന്നത് മനോഹരമായ ഒരു സാധർമ്മ്യം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. "സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ, സ്നേഹമയി കേഴുകയാണോ നീയും" എന്നഗാനം കൃപ മാരിയ ജോർജ് ആലപിക്കുമ്പോൾ, ഒ എൻ വി കുറുപ്പിന്റെ വരികൾ ജാനകിയമ്മയുടെ  സ്വരമാധുരിയിലൂടെ   ഹൃദയത്തിലേക്ക് സംക്രമിക്കുന്ന  പരിണാമ തലത്തിലേക്ക് പ്രേക്ഷകർ എത്തുന്നു.

സ്റ്റാർസിംഗർ 3 യുടെ രണ്ടാമത്തെ റൗണ്ടിന്റെ സംപ്രേക്ഷണം ഇവിടെ അവസാനിക്കുന്നു. തുടർച്ചയായ പത്തു ആഴ്ചകളിലൂടെ  മുപ്പത് പാട്ടുകളുടെ സംഗീത പെരുമഴയാണ് പെയ്തുകൊണ്ടേയിരുന്നത്. മഴ പെയ്തൊഴിഞ്ഞിട്ടും മരം പെയ്തുകൊണ്ടേയിരിക്കുന്നു. എന്തായിരിക്കും അടുത്ത റൗണ്ട് എന്ന ആകാംക്ഷയിലാണ് പ്രേക്ഷക ലോകം. പതിനഞ്ച് പേരുടെ ഈ സംഗീതയാത്ര അടുത്ത റൗണ്ടിൽ എത്തുമ്പോൾ പന്ത്രണ്ടായി ചുരുങ്ങുകയാണ്. സർഗാത്മകതയുടെ മാറ്റുരക്കൽ എന്നതിനൊപ്പം ഭാഗ്യ ദേവതയുടെ കടാക്ഷവും മുന്നോട്ടുള്ള യാത്രയിൽ മത്സരാർത്ഥികൾക്ക് ഉണ്ടായേ തീരൂ. എല്ലാ പ്രേക്ഷകരുടെയും പ്രോത്സാഹനങ്ങളും ആശംസകളും തുടർന്നുള്ള റൗണ്ടുകളിലും ഉണ്ടാകണമേയെന്ന് അഭ്യർത്ഥിക്കുന്നു. പത്താമത്തെ എപ്പിസോഡ് കാണുവാൻ താഴെ കൊടുത്തിരിക്കുന്ന  യുട്യൂബ് ലിങ്ക് സന്ദർശിക്കുക.