Latest News

മലയാളി അസോസ്സിയേഷൻ ഓഫ് ദി യു. കെ. , ഈ വരുന്ന ഏപ്രിലിൽ ഒരു മാസത്തെ പരിപാടികളുമായി ബ്രിട്ടനിൽ സ്ത്രീകൾ വോട്ടവകാശം നേടിയെടുത്തതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നു

2018-03-29 07:46:46am | മുരളീ മുകുന്ദൻ

ആഗോളതലത്തിലുള്ള ഏതാണ്ട് ഒരു വിധം വനിതകൾക്കെല്ലാം ഇന്ന് കിട്ടികൊണ്ടിരിക്കുന്ന സ്വാതന്ത്യവും , സമ്മതിദാനാവകാശവും , തൊഴിൽ സമത്വങ്ങളും ,വേതന വ്യവസ്ഥകളുമൊക്കെ ഒരു നൂറ്റാണ്ട് മുമ്പ് വരെ വളരെ അപ്രാഭ്യമായിരുന്ന സംഗതികളായിരുന്നു . ജനാധിപത്യ രാജ്യങ്ങളിൽ പാശ്ചാത്യ വനിതകൾ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വോട്ടാവകാശം കിട്ടുന്നതിന് വേണ്ടി തുടങ്ങിവെച്ച ഒരു സ്ത്രീ ശാക്തീകരണ പ്രസ്ഥാനമായിരുന്ന , സ്ത്രീ മുന്നേറ്റ പ്രസ്ഥാനമായിരുന്നു ‘വോട്ട് ഫോർ വിമൺ ‘ എന്ന പേരിൽ അറിയപ്പെടുന്ന ‘സഫർജെറ്റ് മൂവ്മെന്റ് ‘ ( Suffergattes Moovement )…!

അന്ന് ഒരു നൂറ്റാണ്ട് മുമ്പ് ആംഗലേയ വനിതകൾക്കൊപ്പം ഇവിടെയുണ്ടായിരുന്ന പോരാളികളായ ഏഷ്യൻ വനിതകളടക്കം, ഇവിടത്തെ ആഗോള സ്ത്രീ ജനങ്ങളെല്ലാം കൂടിയാണ് , പല തരത്തിലുള്ള അവകാശ സമരങ്ങളും , സത്യാഗ്രഹങ്ങളും ചെയ്ത് വോട്ടവകാശവും, പിന്നീട് ആണിനൊപ്പം പല തൊഴിൽ സമത്വങ്ങളും, വേതന വ്യവസ്ഥകളുമൊക്കെ നേടിയെടുത്തത്…

ഒരു നൂറ്റാണ്ട് മുമ്പ് ബ്രിട്ടണിൽ 1918 – ൽ സ്ത്രീകൾ ആദ്യമായി നേടിയെടുത്ത അവകാശമായിരുന്നു വനിതകൾക്കും , ആണുങ്ങളെ പോലെയുള്ള വോട്ടാവകാശം ആയതിന്റെ ഓർമ്മ പുതുക്കലായി ബ്രിട്ടനിൽ ദേശീയമായി തന്നെ , ‘വോട് ഫോർ വിമൺ സഫർജെറ്റ്സ് മൂവ്മെന്റ് പ്രസ്ഥാനത്തിന്റെ ശതാബ്‌ദി , പഴയ ഓർമ്മ പുതുക്കലോടെ വിവിധ തരം ആഘോഷങ്ങളോടെ കൊണ്ടാടുകയാണ് …

‘Suffergattes Moovement’ പ്രസ്ഥാനത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ കൂടി , ഇപ്പോഴുള്ള തലമുറക്ക് അന്നുകാലത്തും , പിന്നീടുമുണ്ടായിരുന്ന പെണ്ണുങ്ങളുടെ അസമത്വങ്ങളെ കുറിച്ചും ,പോരാട്ടങ്ങളെ പറ്റിയും , ആയതിലൊക്കെ പങ്കെടുത്ത് വിജയിപ്പിച്ച നായികമാരെ കുറിച്ചും അറിവുകൾ പകർന്ന് കൊടുക്കുന്നതോടൊപ്പം , ഇത്തരം പല അവകാശങ്ങളും നേടിയെടുക്കുന്നതിലേക്കുള്ള കാഴ്ച്ചപ്പാടുകളും ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ഈ ശതാബ്‌ദി പരിപാടികൾ കൊണ്ട് ഉദ്ദേശിക്കുന്നത് …

ഇതിന്റെ ഭാഗമായാണ് യൂറോപ്പിലെ പ്രഥമ മലയാളി സംഘടനായ മലയാളി അസോസ്സിയേഷൻ ഓഫ് ദി യു. കെ. , ഏതാണ്ട് ഒരു മാസത്തെ ബൃഹത്തായ പരിപാടികളുമായി ഈ വരുന്ന ഏപ്രിലിൽ ബ്രിട്ടനിൽ വനിതകൾ സമ്മതിദാനാവകാശം നേടിയെടുത്തതിന്റെ നൂറാം വാർഷികം കൊണ്ടാടപ്പെടുന്നത്.

മലയാളി അസോസ്സിയേഷൻ ഓഫ് ദി യു. കെ യുടെ ആഭിമുഖ്യത്തിൽ, ഈ സംഘടനയുടെ വനിതാ വിഭാഗം, ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വിവിധ ആഘോഷങ്ങളുമായി , ഈ വരുന്ന ഏപ്രിൽ 2 മുതൽ 28 വരെ ‘വോട് ഫോർ വിമൺ സഫർജെറ്റ്സ് മൂവ്മെന്റ് പ്രസ്ഥാനത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രങ്ങൾ വ്യക്തമാക്കുന്ന പഠന ക്‌ളാസ്സുകളും , കലാ സാംസ്‌കാരിക പരിപാടികളും , പ്രഭാഷണങ്ങളുമൊക്കെയായി

ഈസ്ററ് ലണ്ടനിലെ മനർപാർക്കിലുള്ള കേരള ഹൌസിൽ വെച്ച് , വീക്കെന്റുകളിൽ / അവധി ദിനങ്ങളിൽ ഈ ഏപ്രിൽ മാസത്തിൽ , വിവിധ ആഘോഷ പരിപാടികളുമായി അരങ്ങേറുകയാണ് .

ഈ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത് ഏപ്രിൽ 2 ന് തിങ്കളാഴ്ച്ച ബാങ്കവധി ദിനം, ഉച്ചക്ക് 2 മുതൽ 4 വരെയുള്ള സമയത്ത് ഉൽഘാടനം, ചർച്ച, പ്രഭാഷണം, ലഘു ഭക്ഷണം, സാംസ്‌കാരിക കലാപരിപാടികൾ എന്നിവയായിട്ടാണ് ആദ്യത്തെ ആഘോഷം . അന്ന് അതുല്ല്യ കലാകാരനായ ജോസ് ആന്റണി പിണ്ടിയൻ ‘വോട് ഫോർ വിമൺ സഫർജെറ്റ്സ് മൂവ്മെന്റ് പ്രസ്ഥാനത്തിനെ കുറിച്ച് പല ക്യാരിക്കേച്ചറുകളിൽ കൂടി സദസ്യരെ ബോധ്യപെടുത്തുന്നതായിരിക്കും …

അതിനുശേഷം ഏപ്രിൽ 7 ന് ശനിയാഴ്ച, 11 മണി മുതൽ 3 വരെ – ഈ വിഷയത്തെ പറ്റി കവിതയും, നൃത്തവും, സംഗീതവും സമന്വയിപ്പിച്ച് , ഈ പരിപാടികളുടെ പ്രൊജക്റ്റ് കോർഡിനേറ്ററും, ടീച്ചറുമായ ജസ്ലിൻ ആന്റണി മുതിർന്ന കുട്ടികൾക്കായി ഒരു വർക്ക് ഷോപ്പ് നടത്തുന്നു. കവിതകളിൽ കൂടി ഒരു മുന്നേറ്റം. കുറിക്കുന്നു..

ശേഷം ഏപ്രിൽ 8ന് ഞായർ, 11 തൊട്ട് 3 മണി വരെ – ‘വോട് ഫോർ വിമൺ സഫർജെറ്റ്സ് മൂവ്മെന്റ് പ്രസ്ഥാനത്തിലെ വീര നായികമാരെ നാടകം, അഭിനയം, സംഭാഷണം എന്നിവായിൽ കൂടി പരിചയപ്പെടുത്തികൊണ്ടുള്ള ഒരു നാടക കളരി. നടനും, രചയിതാവും, സംവിധായകനും, പൂർണ്ണ കലാകാരനുമായ മനോജ്‌ ശിവയാണ് പരിശീലകൻ…

പിന്നീട് ഏപ്രിൽ 14 ന് ശനിയാഴ്ച 2 മുതൽ 5 വരെ, വളരെ ക്രിയാത്മകമായ സൃഷ്ട്ടികൾ ചെയ്യുന്ന, പ്രസിദ്ധ ആർട്ടിസ്റ്റ് ജോസ് ആന്റണി പിണ്ടിയൻ നടത്തുന്ന ഒരു ആർട്ട് ശില്പ ശാല നടത്തുന്നു.ശേഷം പങ്കെടുക്കുന്നവരെ കൊണ്ട് വരപ്പിക്കുന്നു ,ആ ചിത്രങ്ങൾ മൂന്ന് മാസത്തിൽ കൂടുതൽ കേരള ഹൌസ്സിൽ പ്രദർശനത്തിന് വെക്കുന്നു …

അന്ന് വൈകീട്ട് 5 മണി മുതൽ, ‘കട്ടൻ കാപ്പിയും കവിതയും’ കൂട്ടായ്‌മ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇക്കൊല്ലത്തെ കേരള സാഹിത്യ പുരസ്‌കാരം നേടിയ, ഐക്യ രാഷ്ട്ര സഭയിലെ പരിസ്ഥിതി

പ്രോഗ്രാമിന്റെ ദുരന്ത അപകട നിവാരണ വിഭാഗം തലവൻ – ‘മുരളി തുമ്മാരുകുടി’യുടെ ഒരു മോട്ടിവേറ്റീവ് സ്‌പീച്ചും, പിന്നീട് അദ്ദേഹവുമായി ചില നാട്ടു വർത്തമാനങ്ങളും, ചോദ്യങ്ങളും, ഉത്തരങ്ങളുമായി വിപുലമായ ഒരു ചർച്ചയും ഉണ്ടായിരിക്കുന്നതാണ് .

പിന്നെ ഏപ്രിൽ 21ന് ശനിയാഴ്ച്ച , 2 മണി മുതൽ 5 വരെ ഈ സ്ത്രീ ശാക്തീകരണത്തിന് തുടക്കം കുറിച്ച വനിതകളെ കുറിച്ച് ഡിജിറ്റൽ മീഡിയ വഴി അറിയുകയും ,പിന്നീട് അവരെ കുറിച്ചുള്ള കാര്യങ്ങൾ പകർത്തുന്നതിനുള്ള ഡിജിറ്റൽ കാര്യങ്ങളെ കുറിച്ചും, ഷോർട്ട് ഫിലിം നിർമ്മിക്കുന്നതിനെ കുറിച്ചുമൊക്കെ മുതിർന്ന കുട്ടികൾക്ക് വേണ്ടി പരിപാടിയുടെ കോർഡിനേറ്റർ, ‘വോട് ഫോർ വിമൺ

സഫർജെറ്റ്സ് മൂവ്മെന്റ് പ്രസ്ഥാനത്തിന്റെ ഈ സ്ത്രീ മുന്നേറ്റത്തെ കുറിച്ച് പഠിച്ചിട്ടുള്ള , ജസ്ലിൻ ആന്റണി പരിശീലന കളരി നടത്തുന്നു…

ഏപ്രിൽ 28 ന് ശനിയാഴ്ച്ച , മൊത്തം പരിപാടികളുടെ ഗ്രാന്റ് ഫിനാലെയായി ഈ വോട്ടവകാശം നേടിയെടുത്ത സ്ത്രീ ശക്തി സമരങ്ങളുടെ വസ്തുതകളുടെ പ്രദർശനം, വനിതാ സമത്വത്തിനു വേണ്ടി പിന്നീടുണ്ടായ

അവകാശ സമരങ്ങൾ , ചർച്ചകൾ , സാംസ്‌കാരിക കലാപരിപാടികൾ, മേയർ സ്ഥാനാർത്ഥി റുക്‌സാന ഫെയ്‌സ് അടക്കം, മറ്റു വാർഡ് മെമ്പർ സ്ഥാനാർത്ഥികളും, ചില വിശിഷ്ട പ്രാസംഗികരും സമാപന ചടങ്ങുകളിൽ പങ്കെടുക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നു…

കഴിഞ്ഞ നൂറുകൊല്ലങ്ങൾക്കിടയിൽ ഇത്തരം വോട്ട് ഫോർ വിമൻ പോലുള്ള സ്ത്രീ ശാക്തീകരണങ്ങൾ കൊണ്ട് വനിതകൾക്ക് വന്ന ഗുണമേന്മകളെ കുറിച്ചുള്ള ബോധവൽക്കരണങ്ങൾ സൃഷ്ടിക്കാനും, അറിവുകൾ ജനിപ്പിക്കുവാനും, ഇനിയും ഭാവിയിൽ സ്ത്രീകൾക്ക് , പുരുഷനൊപ്പം പല സമത്വങ്ങളും, മറ്റനേകം അവകാശങ്ങളും നേടിയെടുക്കുന്നതിനും വേണ്ടി ‘ വിമൺസ് വോട്ട് സെന്റിനറി ഗ്രാന്റ് സ്‌കീം ‘ ൽ നിന്നും കിട്ടിയ ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഈ പരിപാടികളെല്ലാം നടത്തുന്നത്…

ആയതിനാൽ പ്രവേശനം സൗജന്യമായി നടത്തുന്ന ഈ സ്ത്രീ ശാക്തീകരണ ആഘോഷങ്ങളിലെല്ലാം പങ്കുചേരുന്നതിനായി ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു…

പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും പെട്ടെന്ന് പേര് റെജിസ്റ്റർ ചെയ്യുക..

കൂടുതൽ വിവരങ്ങൾക്ക്

07960 212 334 എന്ന നമ്പറിലോ

info@mauk.org എന്ന മെയിൽ വിലാസത്തിലൊ ബന്ധപ്പെടുക…