Latest News

ലീഡ്സ്‌ മലയാളി അസോസിയേഷനു നവ നേതൃത്വം; അലക്‌സ്‌ ജേക്കബ്‌ പ്രസിഡണ്ട്‌

2018-04-03 07:54:48am | ടോം ജോസ് തടിയംപാട്

പ്രവാസവും മലയാളിയും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്‌. പൊതുവില്‍ പറയുകയാണെങ്കില്‍ , മലയാളവും മലയാളിയും പ്രവാസികളായ്‌ മാറിയിട്ട്‌ ഇപ്പോൾ എത്രയോ കാലങ്ങളായിരിക്കുന്നു.!

ഓണവും ക്രിസ്മസും റമദാനും ഈസ്റ്ററുമൊക്കെ ഒരു പക്ഷെ , കേരളത്തിലുള്ളതിനെക്കാൾ പൂർവ്വാധികം ഭംഗിയായി ആഘോഷിക്കുന്നത്‌ പ്രവാസി മലയാളികളാണ്.

ഒരു നഷ്ട സ്വപ്നത്തിന്റെയും ഗൃഹാതുരതയുടെയും കൊച്ചു നൊമ്പരങ്ങളോടെ, മലയാള മണ്ണിന്റെ നഷ്ടസുഗന്ധത്തിന്റെ ധന്യ സ്മൃതികളില്‍ പ്രവാസി മലയാളികൾ അവർ പ്രവാസികളായ്‌ ജീവിക്കുന്ന മണ്ണിൽ നമ്മുടെ കേരളം പുന:പ്രതിഷ്ഠിക്കാൻ എപ്പോഴും ശ്രമിക്കുന്നു.

ഇവിടെ, യുകെയിലെ ഏഷ്യൻ ഷോപ്പുകളിൽ നമ്മുടെ ഭക്ഷണ സാധനങ്ങൾ കാണുമ്പോഴെല്ലാം മനസ്സു കൊണ്ടെങ്കിലും നാട്ടിലെ അങ്ങാടികളിലും കടകളിലും പോയ്‌ വരുന്നവരാണു നാമെല്ലാം.

ഇന്നു, ലോകം വിരൽത്തുമ്പിലേക്ക്‌ ചുരുങ്ങി വന്നിരിക്കുന്ന കാലമാണു. കേരളത്തിലുള്ള ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഒരു വിദേശ രാജ്യത്തെ തൊഴിൽ സാദ്ധ്യതകളെ കുറിച്ചും , അവിടുത്തെ സംസ്കാരത്തെ കുറിച്ചും, കാലാവസ്ഥയെ കുറിച്ചും മറ്റ്‌ ജൈവ വൈവിധ്യങ്ങളെ കുറിച്ചും ഒക്കെ മനസ്സിലാക്കാൻ ഞൊടിയിടയിൽ ഇന്ന് കഴിയുന്നുണ്ട്‌.

നാട്ടിൽ നിന്നും ആദ്യമായ്‌ ഒരു വിദേശ രാജ്യത്ത്‌ വന്നിറങ്ങുന്ന ഒരു മലയാളി, മറ്റ്‌ ബന്ധുക്കളോ ചങ്ങാതിമാരോ അവിടെ കൂട്ടായ്‌ ഇല്ലെങ്കിൽ , ആദ്യം കണ്ട്‌ പിടിക്കാൻ ശ്രമിക്കുന്നത്‌ ആ ദേശത്തെ ഒരു മലയാളി അസോസിയേഷനെ കുറിച്ചായിരിക്കും .

അവിടെയാണു , ഇന്നും ഒരു മലയാളി അസോസിയേഷന്റെ പ്രസക്തി.

യുകെയിൽ താമസിക്കുന്ന നമ്മളാകട്ടെ, പലപ്പോഴും ജോലി സ്ഥിരതയുടെയും , വർദ്ധിച്ചു വരുന്ന ജീവിത ചെലവുകളെ കുറിച്ചും , തൊഴിൽ സ്ഥലത്തെ മാനസിക സംഘർഷങ്ങളെ കുറിച്ചും , ബ്രക്സിറ്റിന്റെ അനന്തര ഫലങ്ങളെ കുറിച്ചും , മറ്റ്‌ പ്രശ്നങ്ങളെ കുറിച്ചും ഒക്കെ വല്ലാതെ ആശങ്കപ്പെടുന്നുണ്ട്‌.

ഇത്തരം വ്യാകുലതകൾക്കിടയിലും ഒരു പക്ഷെ മത , ജാതി ചിന്തകൾക്കുപരിയായി ഒരു സാധാരണ യു കെ മലയാളിക്ക്‌ ചിന്തിക്കാനും , പ്രവർത്തിക്കാനും അവരുടെ മാനസിക ഉല്ലാസത്തിനും ഉള്ള ഒരു പൊതുവിടം തുറന്നിടുന്നതിൽ യു കെ യിലെ ഓരോ മലയാളി അസോസിയേഷനുകളും ഒരു സുപ്രധാന പങ്ക്‌ വഹിക്കുന്നുണ്ട്‌.

ഇവിടുത്തെ ഇംഗ്ലീഷ്‌ സമൂഹവുമായ്‌ നമുക്ക്‌ കൂടുതൽ ആശയ വിനിമയം നടത്താനും , നമ്മുടെ ജീവിത രീതികളുടെയും , സംസ്കാരത്തിന്റെയും , ഭാഷയുടെയും, സഞ്ചാരത്തിന്റെയും, ഉത്സവ ആഘോഷങ്ങളുടെയും , തനതു ഭക്ഷണത്തിന്റെയും ഒക്കെ തനിമ അവർക്കായ്‌ പങ്കിടാനുമൊക്കെ ഒരു മലയാളി അസോസിയേഷന്റെ കുടക്കീഴിൽ നമുക്ക്‌ ഒട്ടൊക്കെ കഴിയുന്നുണ്ട്‌.

വളര്‍ന്നു വരുന്ന നമ്മുടെ മക്കൾക്ക്‌ , മലയാളത്തിന്റെ മാധുര്യം പകർന്നു നൽകാനും മലയാള സാഹിത്യത്തെ കുറിച്ചും കലകളെ കുറിച്ചും അവർക്ക്‌ മനസ്സിലാക്കി കൊടുക്കാനും നമ്മുടെ ഓരോ അസോസിയേഷനുകൾക്കും കഴിയുന്നുണ്ട്‌. അത്‌ വളരെ അഭിമാനാർഹമായ ഒരു നേട്ടമാണു.

അത്തരത്തിൽ ചിന്തിക്കുമ്പോഴാണു, യു കെ യിലെ , വെസ്റ്റ്‌ യോർക്ക്ഷെയറിലെ ലീഡ്സ്‌ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ ശ്രദ്ധയാകർഷിക്കുന്നത്‌.

ഒരു പതിറ്റാണ്ടിനു മുൻപുണ്ടായ , യു കെ യിലെ മലയാളി കുടിയേറ്റത്തോടൊപ്പം തന്നെയാണു ലീഡ്സിലും ഒരു മലയാളി അസോസിയേഷൻ പിറവിയെടുക്കുന്നത്‌.ഇവിടുത്തെ ഇംഗ്ലീഷ്‌ സമൂഹത്തോട്‌ കൂടി ചേർന്നു കൊണ്ട്‌, ലീഡ്സിലെ സാമൂഹ്യ , സാംസ്കാരിക, കായിക മേഖലകളിൽ നിസ്തുല സംഭാവനകൾ നൽകാൻ ലീഡ്സ്‌ മലയാളി അസോസിയേഷനു കഴിഞ്ഞിട്ടുണ്ട്‌.

ഇനിയും ഒട്ടേറെ സംഭാവനകൾ ഇവിടുത്തെ സമൂഹത്തിനും മലയാളികൾക്കും നൽകാൻ ലീഡ്‌സ്‌ മലയാളി അസോസിയേഷൻ (LEMA) പ്രതിജ്ഞാബദ്ധമാണു.

LEMA യുടെ 2018-19 ലെ പുതിയ നേതൃത്വത്തെ ഇവിടെ പരിചയപ്പെടുത്തുന്നു.

പ്രസിഡണ്ട്‌- ശ്രീ. അലക്‌സ്‌ ജേക്കബ്‌

വൈസ്‌ പ്രസിഡണ്ട്‌- ശ്രീമതി. റെജിമോൾ ജയൻ

സെക്രട്ടറി – ശ്രീ. സാബു .കെ. മാത്യു

ട്രഷറർ – ശ്രീ. വിജി കുര്യാക്കോസ്‌

എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗങ്ങൾ,

ശ്രീമതി. ബിൻസി ഷാജി

ശ്രീമതി. അഷിതാ ജൂബിൻ

ശ്രീ. ആന്റണി കുന്നേൽ അഗസ്റ്റിൻ

ശ്രീ. രാഹുൽ സ്റ്റീഫൻ

യൂത്ത്‌ ടീം

കോർഡിനേറ്റർ – ശ്രീ. സ്റ്റീഫൻ ടോം

പി ആര്‍ ഒ – ശ്രീ. സന്തോഷ്‌ റോയ്

ഇതോടൊപ്പം തന്നെ 2018, ഏപ്രിൽ 14 – ശനിയാഴ്ച്ച, ലീഡ്‌സ്‌ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈസ്റ്റർ/വിഷു ആഘോഷങ്ങളിലേക്ക്

യോർക്ക്ഷെയറിലും ലീഡ്സിലും താമസിക്കുന്ന എല്ലാ മലയാളികളെയും ഹാർദ്ദവമായ്‌ ഞങ്ങൾ സ്വാഗതം ചെയ്തുകൊള്ളുന്നു.