Latest News

ബെന്നി ബെഹനാന് ലണ്ടനിൽ ഉജ്ജ്വല വരവേൽപ്പ്.ഷുഹൈബ് കുടുംബ സഹായനിധി കൈമാറി ഓ ഐ സി സി നേതൃത്വം.ഷുഹൈബ് വധം സ്പോൺസർ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് കെ പി സി സി ഉന്നതാധികാര സമിതി അംഗം ബെന്നി ബെഹനാൻ

2018-04-04 07:46:49am | സുജു ഡാനിയേൽ

ലണ്ടൻ:വ്യത്യസ്തമായ വേഷം,ഭാഷ,മതം,ആചാരം,സംസ്കാരം എന്നിവ അടങ്ങുന്ന ഇന്ധ്യയുടെ ബഹുസ്വരത ഉൾക്കൊള്ളുന്ന കോടാനുകോടി ജനങ്ങളെ ഏകത്വത്തോടെ മുന്നോട്ടു നയിക്കാൻ ഇന്ധ്യൻ നാഷണൽ കോൺഗ്രസ്സ് ഉയർത്തിപ്പിടിച്ച രാഷ്ട്രീയ ദർശനമാണ് ഇന്ധ്യയുടെ മതേതരത്വം.അതാണ് ഇന്ധ്യയുടെ ആത്മാവ്.എന്നാൽ ഇന്ന് മതേതരത്വത്തിന് നേരെ ഉയർന്നു വരുന്ന വൻ വെല്ലുവിളിയാണ് ബി ജെ.പി. മോഡി സർക്കാർ ഇന്ധ്യയിൽ നടപ്പിലാക്കുന്നത് ആർ എസ് എസ്, സംഘപരിവാർ സംഘടനകളുടെ അജണ്ടയാണ്.

സാമ്പത്തിക,ശാസ്ത്ര സാങ്കേതിക,വാണിജ്യ,കാർഷിക മേഖലകളിലെല്ലാം ഇന്ത്യ കുതിച്ചുയർന്നത്‌ നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള ദീർഘവീക്ഷണമുള്ള കോൺഗ്രസ്സ് നേതാക്കന്മാർ രാജ്യം ഭരിച്ചിട്ടുള്ള കാലഘട്ടങ്ങളിലാണ് . ഓ ഐ സി സി യുടെ നേതൃത്വത്തിൽ ലണ്ടനിൽ നൽകിയ ഊഷ്മളമായ സ്വീകരണമേറ്റു വാങ്ങികൊണ്ടു സംസാരിക്കുകയായിരുന്നു കെ പി സി സി ഉന്നതാധികാര സമിതി അംഗവും എ ഐ സി സി അംഗവുമായ ബെന്നി ബെഹനൻ.

യോഗത്തിൽ ഓഐസി സി യൂറോപ്പ് കോർഡിനേറ്ററും ഗ്ലോബൽ സെക്രട്ടറിയും കേരള ലോകസഭാഅംഗവുമായ ജിൻസൺ എഫ് വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി കെ പി സി സി യുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ സെൽവഴി പ്രവാസികൾക്ക് സഹായമെത്തിക്കണമെന്നു അദ്ദേഹം യോഗത്തിൽ കെ പി സി സി യോടാവശ്യപ്പെട്ടു.

കെ.പി.സി.സി ആഹ്വാന പ്രകാരം ഓ ഐ സി സി സമാഹരിച്ച ഷുഹൈബ് കുടുംബസഹായനിധി ഫണ്ട് ചടങ്ങിൽ വച്ച് സറേ റീജിയൻ ജന.സെക്രട്ടറി ബേബിക്കുട്ടി ജോർജ്ജ് ബെന്നി ബെഹനാന് കൈ മാറി. കണ്ണൂർ രാഷ്ട്രീയത്തിലെ കോൺഗ്രസ്സിന്റെ ജ്വലിക്കുന്ന പ്രതീകമായിരുന്നു ഷുഹൈബ്.മരിക്കുന്നതിന് തലേന്നും വൃക്ക തകരാറിലായ വ്യക്തിക്ക്‌ സ്വന്തം വൃക്ക ദാനം ചെയ്തു മാതൃകയായ യുവമനസ്സായിരുന്നു ശുഹൈബിന്റേത്.

നിർധനരായ കുടുംബങ്ങൾക്ക് സഹായമെത്തിക്കാൻ എപ്പോഴും മുന്നിൽ നിന്ന ആ ചെറുപ്പക്കാരനെ 37 വെട്ടു വെട്ടി അരുംകൊല ചെയ്തവരെ മാത്രമല്ല ചെയ്യിപ്പിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ട് വരണമെന്ന് ബെന്നി ബെഹനാൻആവശ്യപ്പെട്ടു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകൻ നഷ്ടപ്പെട്ട കുടുംബത്തെ സഹായിക്കുവാൻ ഓ ഐ സി സി കാണിച്ച നല്ലമനസ്സിനെ അദ്ദേഹം പ്രകീർത്തിച്ചു നാഷണൽ കമ്മിറ്റി അംഗം സുജു കെ ഡാനിയൽ,ബേബിക്കുട്ടി ജോർജ്ജ്,ബിജു വര്ഗീസ്,സോണി ചാക്കോ,ഷൈനു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി തുടങ്ങി വച്ച കാമ്പയിനിങ്ങിനു സമൂഹത്തിന്റെ വിവിധ തുറയിൽ നിന്നും ജാതി മത വർഗ്ഗ വ്യത്യാസമില്ലാതെ വൻ പ്രതികരണമാണ് ലഭിച്ചത്.

ഓ ഐ സി സി യു കെ ജോയിന്റ് കൺവീനർ കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സുജു കെ ഡാനിയേൽ സ്വാഗതമാശംസിച്ചു.ചടങ്ങിൽ ഓ ഐ സി സി ക്രോയ്ഡോൺ യൂണിറ്റ് സെക്രട്ടറി എ.അഷ്‌റഫ്,സൗത്ത് വെസ്റ്റ് റീജിയൻ ഭാരവാഹി സുനിൽ രവീന്ദ്രൻ,സോജി മാത്യു,ഓ ഐ സി സി പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ ജിജി വർഗീസ്, മഹേഷ് മിച്ചം,കൊല്ലം ജില്ലാ കോർഡിനേറ്റർ ബിജു വർഗീസ്,മംഗള വദനൻ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.നാഷണൽ കമ്മിറ്റി അംഗം അൻസാർ അലി നന്ദി രേഖപ്പെടുത്തി.