Latest News

യുകെ മലയാളികള്‍ക്ക് വിഷുക്കൈനീട്ടമായി വിഷുനിലാവ്; സേവനം യുകെയുടെ സംഗീതനൃത്ത സന്ധ്യ ഹൃദ്യമായി

2018-04-18 07:36:22am | ദിനേശ് വെള്ളാപ്പിള്ളി

ഇത് മലയാളികള്‍ കാത്തിരുന്ന സുവര്‍ണ്ണനിമിഷം. സംഗീത-നൃത്ത സന്ധ്യ അനുഭവിക്കാനെത്തിയ മലയാളി സമൂഹത്തിന് ഗംഭീര വിഷുക്കൈനീട്ടമായി സേവനം യുകെ വിഷുനിലാവ് മാറിയപ്പോള്‍ ഒത്തുകൂടിയവര്‍ക്ക് അനര്‍ഘനിമിഷം. കാതുകള്‍ക്ക് ഇമ്പമേകുന്ന ഗാനങ്ങളും, ചടുലതാളമാര്‍ന്ന നൃത്തവും ഹൃദയത്തില്‍ തൊട്ടപ്പോള്‍ അത് പ്രൗഢഗംഭീരമായ സദസ്സിനെ ആഘോഷത്തില്‍ ആറാടിച്ചു. വിഷുവിനെ വരവേല്‍ക്കുന്ന മലയാളികള്‍ക്ക് ലഭിച്ച വിഷുക്കൈനീട്ടമായി വിഷുനിലാവ് മാറിയെന്നതാണ് യാഥാര്‍ത്ഥ്യം.

വിഷുവിന്റെ ആഘോഷത്തിരകള്‍ ഒരു ദിവസം മുന്‍പെ മലയാളി സമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേവനം യുകെ വിഷുനിലാവ് സംഘടിപ്പിച്ചത്. ഗ്ലോസ്റ്റര്‍ മുഖ്യവേദിയായി ഒരുക്കിയ വിഷുനിലാവിന്റെ ചടങ്ങുകളുടെ ഉദ്ഘാടനം ഡോ. ബിജു പെരിങ്ങത്തറ, ആഷ്‌ന അംബു, സാജന്‍ കരുണാകരന്‍, ദിനേശ് വെള്ളാപ്പള്ളി എന്നിവര്‍ ചേര്‍ന്ന് വിളക്ക് കൊളുത്തിയതോടെ ചടങ്ങുകള്‍ക്ക് സമാരംഭമായി.




യുകെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികളും, കലാസ്വാദകരും ഈ ചടങ്ങില്‍ പങ്കുചേര്‍ന്നതാണ് പരിപാടി വന്‍ വിജയമാക്കിത്തീര്‍ത്തത്. ദീപക് യതീദ്രദാസ്, അനു ചന്ദ്ര , ജോസ് ജെയിംസ്, സ്മൃതി സതീഷ്, ഹെലന്‍ റോബര്‍ട്ട്, ലെക്‌സി എബ്രഹാം, ജിയ ഹരികുമാര്‍, ഹരികുമാര്‍ വാസുദേവന്‍, ശരണ്യ ആനന്ദ്, ബിന്ദു സോമന്‍, ബിനുമോന്‍ ഗ്ലൗസസ്റ്റര്‍, ദേരക് സോണി, വിനു ജോസഫ്, ട്രീസ ജിഷ്ണു, സോണി ജോസഫ് കോട്ടപ്പള്ളി, തോമസ് അലക്‌സാണ്ടര്‍, അലീന സതിഷ്, സന്ദീപ് കുമാര്‍, ശ്രീകാന്ത് നമ്പൂതിരി, റെമ്യ പീറ്റര്‍ എന്നിങ്ങനെ അനുഗ്രഹീതരായ ഗായകര്‍ വേദിയില്‍ രാഗമാലിക തീര്‍ത്തു. ദേശി നാച്ചിന്റെ കണ്ണഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകള്‍ സദസ്സിനെ അക്ഷരാര്‍ത്ഥത്തില്‍ കീഴടക്കി.


സേവനം യുകെ ഡയറക്ടര്‍ ബോര്‍ഡ് അംഗം ദിലീപ് വാസുദേവന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു. വേദിയിലെത്തിയ എല്ലാവര്‍ക്കും മൊമന്റോ നല്‍കി. റാഫിള്‍ ടിക്കറ്റിന് സമ്മാനവുമുണ്ടായിരുന്നു. വിഷുനിലാവ് ആസ്വദിക്കാനെത്തിയവരുടെ നാവില്‍ രുചിയുത്സവമൊരുക്കാന്‍ തയ്യാറാക്കിയ തട്ടുകടയിലെ വിഭവങ്ങളും ഏവരും ആസ്വദിച്ചു.