Latest News

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ്‌ഫിനാലെ ലെസ്റ്റർ അഥീനയിൽ ചരിത്രമെഴുതിആവേശ കൊടുമുടിയിലെത്തിയ പ്രേക്ഷക സമുദ്രത്തെ സാക്ഷിനിറുത്തി സാൻ ജോർജ്ജ് തോമസ് സ്റ്റാർസിംഗർ പട്ടം സ്വന്തമാക്കി

2018-05-27 07:16:02am | സജീഷ് ടോം

യൂറോപ് മലയാളികളുടെ സംഗീത മാമാങ്കത്തിന് കൊടിയിറക്കം. ലോക പ്രവാസി മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി മൂന്ന് വിദേശ രാജ്യങ്ങളിലെ ഗായക പ്രതിഭകളെ ഉൾപ്പെടുത്തിക്കൊണ്ട്, ഗർഷോം ടി വി യുടെ സഹകരണത്തോടെ യുക്മ അണിയിച്ചൊരുക്കിയ “സ്റ്റാർസിംഗർ 3” മ്യൂസിക്കൽ റിയാലിറ്റി ഷോ പ്രേക്ഷകരുടെ ആദരവും അഭിനന്ദനങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് സമാപിച്ചു. ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ ഹള്ളിൽ നിന്നുള്ള സാൻ ജോർജ്ജ് തോമസ് സ്റ്റാർസിംഗർ പട്ടം സ്വന്തമാക്കി. റിപ്പബ്ലിക് ഓഫ് അയർലൻഡിൽ നിന്നുള്ള ജാസ്മിൻ പ്രമോദ് ആണ് ഫസ്റ്റ് റണ്ണർ അപ്പ് ഷെഫീൽഡിൽ നിന്നുള്ള ഹരികുമാർ വാസുദേവൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മലയാളത്തിന്റെ മധുരഗായകൻ ശ്രീ ജി വേണുഗോപാൽ മുഖ്യാതിഥിയും മുഖ്യ വിധികർത്താവുമായെത്തിയ ഗ്രാൻഡ് ഫിനാലെ, കഴിഞ്ഞ എട്ടു മാസങ്ങൾ നീണ്ട മത്സരങ്ങളിലൂടെ സ്പുടംചെയ്തു വന്ന അഞ്ച് അനുഗ്രഹീത ഗായകരുടെ മാറ്റുരക്കലായിമാറി. മറ്റേതൊരു വിദേശരാജ്യത്തും കാണാൻ സാധിച്ചിട്ടില്ലാത്തവിധം തനിക്ക് വിസ്മയത്തിന്റെ നേർക്കാഴ്ച സമ്മാനിക്കുന്നതായിരുന്നു വീറും വാശിയും നിറഞ്ഞ ഈ സംഗീത പോരാട്ടമെന്ന് ശ്രീ വേണുഗോപാൽ പറഞ്ഞപ്പോൾ ലെസ്റ്റർ അഥീന തീയറ്റർ അക്ഷരാർത്ഥത്തിൽ കരഘോഷംകൊണ്ട് മുഖരിതമായി.

ശനിയാഴ്ച ഉച്ചകഴിഞ്ഞു നാലുമണിക്ക് ശ്രീ വേണുഗോപാൽ ലെസ്റ്റർ അഥീനയുടെ പ്രൗഢ ഗംഭീരമായ വേദിയിൽ; യുക്മ ദേശീയ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, ദേശീയ സെക്രട്ടറി റോജിമോൻ വർഗീസ്, സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ സജീഷ് ടോം, ഗർഷോം ടി വി ഡയറക്ടർമാരായ ബിനു ജോർജ്, ജോമോൻ കുന്നേൽ, യുക്മ ദേശീയ ട്രഷറർ അലക്സ് വർഗ്ഗീസ്, സ്റ്റാർസിംഗർ 3 യുടെ സ്ഥിരം വിധികർത്താക്കളായിരുന്ന ഡോക്റ്റർ ഫഹദ്, ലോപ മുദ്ര എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്തു. തുടർന്ന് പ്രേക്ഷകർക്ക് അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് രണ്ടു റൗണ്ടുകളിലായി രണ്ടുമണിക്കൂർ നീണ്ട മത്സരങ്ങളുടെ അരങ്ങേറ്റമായിരുന്നു.

ഗ്രാൻഡ് ഫിനാലെ മത്സരങ്ങൾക്കുശേഷം ശ്രീ വേണുഗോപാലും സംഘവും നയിച്ച “വേണുഗീതം” മെഗാഷോ നടന്നു. വേണുഗോപാലിനെ കൂടാതെ മൃദുല വാര്യർ , വൈഷ്ണവ് ഗിരീഷ് , ഫാദർ വിൽ‌സൺ മേച്ചേരിൽ എന്നീ ഗായകരും, മജീഷ്യൻ രാജമൂർത്തി, ചിരിയുടെ ബാദുഷ സാബു തിരുവല്ല തുടങ്ങിയവരും അടങ്ങിയ വലിയൊരു താരനിര പങ്കെടുത്ത “വേണുഗീതം” ഏറെ നാളുകൾക്കു ശേഷം യു കെ മലയാളികൾക്കൊരു നവ്യാനുഭവമായി. “വേണുഗീത”ത്തിന്റെ സമാപനത്തിന് മുൻപായി സ്റ്റാർസിംഗർ വിജയികളെ പ്രഖ്യാപിക്കുകയും, വിജയികൾക്ക് ശ്രീ വേണുഗോപാൽ സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.