Latest News

ഏറെ പുതുമകളോടെ യുക്മ ദേശീയ കായികമേള- 2017 ന്റെ പൊതു നിയമാവലികൾ പുറത്തിറക്കി - ദേശീയ കായികമേള ജൂൺ 24 ശനിയാഴ്ച

2017-04-18 01:28:43am | ജയകുമാർ നായർ (ദേശീയ കായികമേള കോ-ഓർഡിനേറ്റർ)
യുക്മ ദേശീയ  കായികമേള- 2017  ജൂണ്‍ 24 ന് ബർമിംഗ്ഹാമിൽ നടക്കും. എണ്ണൂറു മീറ്റർ  ഓട്ടമത്സരവും  അൻപതു വയസിനു  മുകളിലുള്ളവരുടെ ഗ്രൂപ്പും  ഇത്തവണത്തെ  മേളയുടെ  പ്രത്യേകതകളാണ്.   കായിക മേളയ്ക്ക് വേദിയാകുന്നത് ഇത്തവണയും സട്ടൻ കോൾഫീൽഡിലെ വിൻഡ്‌ലി ലെഷർ സെന്റർ തന്നെ.
 
 
മേള യുടെ നടത്തിപ്പ് ചുമതല യുക്മ നാഷണൽ  കമ്മറ്റിയുടേതാണ്. റീജണൽ  കായികമേളകളിൽ  സിംഗിൾ ഇനങ്ങളിൽ  ഒന്നും രണ്ടും  മൂന്നും  സ്ഥാനങ്ങൾ  നേടുന്നവർക്കും  ഗ്രൂപ്പ് ഇനങ്ങളിൽ  ഒന്നും രണ്ടും സ്ഥാനങ്ങൾ  നേടുന്ന ടീമുകൾക്കുമാണ് ദേശീയ  മേളയിൽ  പങ്കെടുക്കുവാൻ  അവസരം ലഭിക്കുക. രാവിലെ പത്തു  മണിക്ക്  രജിസ്‌ട്രേഷൻ  ആരംഭിക്കും. വയസു തെളിയിക്കുന്ന രേഖകൾ ഒപ്പം കരുതേണ്ടതാണ്. റീജണൽ തലത്തിലോ, അസോസിയേഷൻ തലത്തിലോ, വക്തിഗതമായോ രജിസ്‌ട്രേഷൻ  ഫീസ്‌ നൾകാവുന്നതാണ്. വടംവലി ഒഴികെ എല്ലാ ഇനങ്ങൾക്കും മൂന്ന് പൗണ്ട് ആയിരിക്കും വ്യക്തിഗത രജിസ്‌ട്രേഷൻ ഫീസ്. വടംവലി മത്സരത്തിന് ഒരു ടീമിന് ഇരുപത്തഞ്ചു പൗണ്ട് ആയിരിക്കും രജിസ്‌ട്രേഷൻ ഫീസ്ആയി നൽകേണ്ടത്. 
 
 
പതിനൊന്നു  മണിക്ക് മാർച്ചു പാസ്റ്റോടെ  മത്സരങ്ങൾ ആരംഭിക്കും. മത്സരാർഥികളെ വയസ് അടിസ്ഥാനമാക്കി ആറുവിഭാഗങ്ങൾ ആയി തിരിക്കും. അതോടൊപ്പം ഒരു പൊതു വിഭാഗവും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് മെഡലും പ്രശംസാപത്രവും നൽകാവുന്നതാണ്. വടംവലി വിജയികൾക്ക് സമ്മാന തുകയും ഉണ്ടായിരിക്കുന്നതാണ്. സമ്മാന തുക പിന്നീട് അറിയിക്കും. ഓരോ വിഭാഗത്തിലും കൂടുതൽ വിജയങ്ങൾ നേടുന്നവർക്ക് ചാമ്പ്യൻഷിപ്പും കൂടുതൽ വിജയങ്ങൾ നേടുന്ന അസോസിയേഷനും  റീജയണും എവർറോളിംഗ് ട്രോഫിയും ലഭിക്കുന്നതാണ്.
 
 
മത്സര ഫലങ്ങളെ സംബന്ധിച്ച് റഫറിമാരുടെ തീരുമാനം അന്തിമമായിരിക്കും. എന്നാൽ പരാതികൾ പരിഹരിക്കാൻ ഒരു അപ്പീൽ  കമ്മിറ്റി ഉണ്ടായിരിക്കും. അസോസിയേഷൻ/ റീജിയണൽ  തലത്തിൽ ഉള്ള അപ്പീൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. എല്ലാ മത്സരാർത്ഥികളും അനുയോജ്യമായ ഷൂസ് ധരിക്കേണ്ടതാണ്. വടംവലി മത്സരത്തിന് ഏഴു അംഗങ്ങൾക്ക് പങ്കെടുക്കാം. ടീമിന്റെ പരമാവധി ഭാരം 620 കിലോ ആയി നിജപ്പെടുത്തിയിരിക്കുന്നു. ഒപ്പം രണ്ടു പകരക്കാരുടെയും പേര് നൽകാം.       
 
 
അപകട സുരക്ഷ മത്സരാർത്ഥികളുടെ ചുമതലയാണ്. പതിനാറു വയസിൽ താഴെയുള്ള കുട്ടികളുടെ സുരക്ഷ രക്ഷിതാക്കളുടെ ചുമതലയാണ്. ഓരോ റീജിയണും അവരവരുടെ ബാനർ പ്രഥമശുശ്രൂഷാ കിറ്റ് തുടങ്ങിയയവ ഒപ്പം കരുതണം. മത്സരങ്ങളുടെ പൂർണ്ണ വിവരങ്ങൾ അടങ്ങുന്ന ഇ-മെയിൽ സന്ദേശങ്ങൾ  എല്ലാ  റീജണൽ  കമ്മിറ്റികൾക്കും  എത്തിച്ചു കഴിഞ്ഞു.  കൂടുതൽ വിവരങ്ങൾക്ക്  ദേശീയ കായികമേള കോ-ഓർഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ് (ജയകുമാർ  നായർ - 07403223066).