സേവനം യുകെയുടെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ 164-ാമത് ജയന്തി ആഘോഷം വര്‍ണ്ണാഭമായ ഘോഷയാത്രയോടെ എയില്‍സ്ബറിയില്‍ സെപ്റ്റംബര്‍ 16-ന്

2018-08-09 03:10:34am | ദിനേശ് വെള്ളാപ്പിള്ളി

ജാതിയും, മതവുമില്ലാത്ത മനുഷ്യനെന്ന ജാതിയെ ഉള്‍ക്കൊണ്ട് ജീവിക്കാന്‍ തുടങ്ങിയാല്‍ ലോകം എത്ര സമാധാനപൂര്‍ണ്ണമാകും എന്ന ശാന്തിമന്ത്രം വിളംബരം ചെയ്ത ശ്രീനാരായണഗുരുദേവന്റെ 164-ാമത് ജയന്തി ആഘോഷങ്ങള്‍ ബ്രിട്ടനില്‍ സമുചിതമായി ആഘോഷിക്കാനൊരുങ്ങി സേവനദൗത്യങ്ങളില്‍ അടിയുറച്ച്  പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ സംഘടനയായ സേവനം യുകെ. വര്‍ണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെ എയില്‍സ്ബറിയില്‍ സെപ്റ്റംബര്‍ 16-ന് കൊണ്ടാടും. 

ലോകമലയാളിസമൂഹത്തില്‍ ജാതിമതരഹിത സമൂഹം എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ച, മനുഷ്യരെല്ലാം ഒരു ജാതി എന്ന് വിളംബരം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങളെ പിന്തുടര്‍ന്നാണ് സേവനം യുകെയുടെ പ്രവര്‍ത്തനങ്ങള്‍. നിലവില്‍ യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമായി മാറിയ 'സേവനം യുകെ' എയില്‍സ്ബറിയില്‍ ബൃഹത്തായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സാംസ്‌കാരിക, രാഷ്ട്രീയ, സാഹിത്യ രംഗത്തെ പ്രമുഖര്‍ ആഘോഷങ്ങളില്‍ പങ്കെടുക്കും. 

സേവനം യുകെയുടെ പ്രവര്‍ത്തനങ്ങളില്‍ യുകെയിലെ മലയാളി സമൂഹം ഒന്നാകെ അണിചേരുന്നതാണ് സവിശേഷത. സേവനം യുകെ അംഗങ്ങളായ മലയാളി കുടുംബങ്ങള്‍ സജീവമായി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. വിശിഷ്ട വ്യക്തികളെ ആഘോഷങ്ങളിലേക്ക് സംഘാടകര്‍ ക്ഷണിച്ച് വരികയാണ്. ജയന്തി ആഘോഷങ്ങള്‍ സമ്പൂര്‍ണ്ണ വിജയത്തിലെത്തിക്കാന്‍ ഏവരുടെയും പിന്തുണ ആവശ്യമാണെന്ന് സേവനം യുകെ ചെയര്‍മാന്‍ ഡോ. ബിജു പെരിങ്ങത്തറ ചെല്‍ട്ടന്‍ഹാമില്‍ ചേര്‍ന്ന യോഗത്തില്‍ അറിയിച്ചു. 

ചതയ ദിനാഘോഷം വിജയകരമാക്കുന്നതിനായി സജീവ അംഗങ്ങളെ ഉള്‍പ്പെടുത്തി മികച്ച സ്വാഗത സംഘത്തിനും രൂപം നല്‍കിയിട്ടുണ്ട്. എയില്‍സ്ബറി കുടുംബ യൂണിറ്റിലെ ഷാജി മുണ്ടിത്തൊട്ടിയിലിനെ സ്വാഗത സംഘം കണ്‍വീനറായി തെരഞ്ഞെടുത്തു. ചതയദിനാഘോഷം വിജയകരമാക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായി നടക്കുകയാണെന്നും സംഘാടകര്‍ വ്യക്തമാക്കി.