Latest News

തിരുവചന ദൃശ്യ വിരുന്നൊരുക്കി ലണ്ടൻ റീജണൽ ബൈബിൾ കലോത്സവം വർണ്ണാഭമായി.

2018-10-05 02:07:09am | അപ്പച്ചൻ കണ്ണൻച്ചിറ
ലണ്ടൻ: ഹെയർഫീൽഡിലെ സ്പോർട്സ് അക്കാദമിയിൽ മണിക്കൂറുകൾ നീണ്ടു നിന്ന ബൈബിൾ കലോത്സവം  തിരുവചനങ്ങളുടെ മികവുറ്റ സംഗീത,നൃത്ത,നടന ആവിഷ്കാരങ്ങളിലൂടെ വിശ്വാസ വിരുന്നായി. അതുല്യമായ കലാവൈഭവ പ്രകടനങ്ങൾ അരങ്ങുവാണ വേദി അക്ഷരാർത്ഥത്തിൽ വിശ്വാസ പ്രഘോഷണങ്ങളുടെ വിളനിലം തീർക്കുകയായിരുന്നു.
 
വിശുദ്ധ ഗ്രൻഥം പ്രതിഷ്‌ഠിച്ചു കൊണ്ട് നിലവിളക്കു കൊളുത്തി ശുഭാരംഭം കുറിച്ച ലണ്ടൻ റീജണൽ ബൈബിൾ കലോത്സവം ഫാ.തോമസ് പാറയടി ഉദ്ഘാടനം ചെയ്തു. റീജണൽ സഹകാരി ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര,ഡീക്കൻ ജോയ്‌സ് ജെയിംസ് എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.ലണ്ടൻ റീജിയണലിലെ വെസ്റ്റ്മിൻസ്റ്റർ, ബ്രെൻഡ്‌വുഡ്, സൗത്താർക്ക് തുടങ്ങിയ ചാപ്ലിൻസികളുടെ കീഴിലുള്ള 32 കുർബ്ബാന കേന്ദ്രങ്ങളിൽ നിന്നായി വിജയിച്ചെത്തിയ മത്സരാർത്ഥികൾ അതുല്യമായ കലാ നൈപുണ്യവും,ദൃശ്യ വിസ്മയവുമാണ് ആണ് മത്സര വേദിയിൽ പുറത്തെടുത്തത്.
 
പാട്ട്,ഡാൻസ്,ടാബ്ലോ,പ്രശ്ചന്ന വേഷം,സ്കിറ്റ്,ബൈബിൾ ക്വിസ്സ്, ബൈബിൾ റീഡിങ്, ഉപന്യാസം,പ്രസംഗം,പെയിന്റിങ്,ചിത്ര രചന അടക്കം വിവിധ പ്രായാടിസ്ഥാനത്തിൽ നടത്തപ്പെട്ട നിരവധി മത്സരങ്ങൾ  അത്യന്തം ആവേശവും വാശിയും നിറഞ്ഞതായി.മത്സരാർത്ഥികളുടെ വർദ്ധനവും,   വൻ ജനാവലിയുടെ പങ്കാളിത്തവും ലണ്ടൻ റീജണൽ കലോത്സവത്തിന് കൂടുതലായ ആവേശം പകർന്നു.  
 
മതാദ്ധ്യാപകരുടെയും,പള്ളിക്കമ്മിറ്റിക്കാരുടെയും നിസ്സീമമായ സഹകരണവും നേതൃത്വവും, പ്രൊഫഷണൽ വിധികർത്താക്കളുടെ സ്തുത്യർഹമായ സേവനവും, മാതാപിതാക്കളുടെ അതീവ താൽപ്പര്യവും, സഭാ  സമൂഹത്തിന്റെ പ്രോത്സാഹനവും, അക്കാദമിയുടെ
വിശാലമായ സൗകര്യങ്ങളും ലണ്ടൻ റീജണൽ കലോത്സവത്തെ വൻ വിജയമാക്കി തീർക്കുകയായിരുന്നു.
 
ഈസ്റ്റ്ഹാം തുടങ്ങിയ പാരീഷ് സമൂഹങ്ങൾ മത്സരങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൊയ്തപ്പോളും, ഗില്ലിങ്ങാമും, വാൽത്തംസ്റ്റോവും, സൗത്തെൻഡും    തൊട്ടു പുറകിൽ തന്നെ നിലകൊണ്ടു. ലണ്ടൻ റീജണിലെ എല്ലാ കുർബ്ബാന കേന്ദ്രങ്ങളും തന്നെ ശക്തമായ മത്സരങ്ങൾ പുറത്തെടുത്താണ് മാറ്റുരച്ചത്. ബൈബിൾ സ്കിറ്റുകളും , ടാബ്ലോകളും കലോത്സവത്തിലെ ഏറ്റവും ശ്രദ്ധേയമായി.

റീജണൽ ബൈബിൾ കലോത്സവത്തെ വൻ വിജയമാക്കി തീർത്ത ഏവർക്കും ഫാ.ജോസ് അകൈതവമായ നന്ദി പ്രകാശിപ്പിച്ചു.ഏറ്റവും കൂടുതൽ പോയിന്റ് നേടികൊണ്ടു  ഈസ്റ്റ് ഹാം ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവ ഗ്രാൻഡ് ഫിനാലെയിൽ ലണ്ടൻ റീജണു നന്നായി പെർഫോം ചെയ്യുവാനും വിജയം നേടുവാനും ആശംസകൾ നേരുകയും ചെയ്തു.