യുക്മ കലാമേള: മലയാളി അസോസിയേഷൻ ഓഫ് പോർട്ടസ്‌മൗത്ത്‌ ചാമ്പ്യന്മാർ

2018-10-10 02:13:02am | അജിത് വെണ്മണി

സൗത്താംപ്ടൺ: സൗത്താംപ്ടണിലെ റീജന്റ് പാർക്ക് കമ്മ്യൂണിറ്റി കോളജിൽ വച്ച് നടന്ന യുക്മ സൗത്ത് ഈസ്റ്റ് റിജിയനൽ കലാമേളയിൽ കെസിഡബ്ല്യുഎ ക്രോയ്ഡനിൽ നിന്നുള്ള ശ്രുതി അനിൽ കലാതിലകമായി. എന്നാൽ കലാതിലകപ്പട്ടം നേടിയ ക്രോയ്ഡൻ അസോസിയേഷനെ 10 പോയന്റുകൾക്ക് പിന്നിലാക്കി പോർട്ടസ്‌മൗത്ത്‌ അസോസിയേഷൻ 122 പോയിന്റോടെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി 

റിജിയണൽ പ്രസിഡന്റ് ലാലു ആന്റണിയുടെ അധ്യക്ഷതയിൽ, മുഖ്യാതിഥിയായെത്തിയ യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗീസിന്റെ  സാന്നിദ്ധ്യത്തിൽ സെക്രട്ടറി അജിത്ത് വെണ്മണിയുടെ സ്വാഗതാശംസകളോടെ ഉദ്‌ഘാടനസമ്മേളനത്തിന് തുടക്കമായി. യുക്മ നാഷനൽ സെക്രട്ടറി റോജിമോൻ വറുഗീസിന്റെ പ്രസംഗത്തിന് ശേഷം യുക്മയുടെ പ്രഥമ നാഷണൽ പ്രസിഡന്റ് വർഗീസ് ജോണും, പ്രഥമ സെക്രട്ടറി ബാലാസജീവ് കുമാറും സംയുക്തമായി തിരിതെളിച്ച് കലാമേള ഉദ്‌ഘാടനം ചെയ്തു. റീജിയനിൽ നിന്നുള്ള നാഷനൽ എക്സിക്യൂട്ടീവ് അംഗം ജോമോൻ കുന്നേൽ, കലാമേള കമ്മിറ്റി വൈസ് ചെയർമാൻ മാത്യു വർഗീസ് എന്നിവരും സന്നിഹിതരായിരുന്നു 

Senior-Champ

തുടര്‍ന്ന് മൂന്ന് വേദികളിലായി മത്സരങ്ങള്‍ ആരംഭിച്ചു. റിജിയനിലെ 15 അംഗ അസോസിയേഷനുകളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് എന്‍ട്രി ഉണ്ടായിരുന്നു. വാശിയേറിയ പോരാട്ടമാണ് ഒട്ടുമിക്ക ഇനങ്ങളിലും അരങ്ങേറിയത്.

വൈകുന്നേരം നടന്ന സാംസ്ക്കാരിക സമ്മേളനവും സമ്മാനദാനവും യുക്മ മുന്‍ ദേശീയ ട്രഷറർ ഷാജി തോമസ് ഉദ്ഘാടനം ചെയ്തു. മുൻ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം, യുക്മ ബോട്ട് റേസ് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ യുക്മ സാംസ്ക്കാരിക വേദി കൺവീനർമാരായ ജേക്കബ് കോയിപ്പള്ളി, മാത്യു ഡൊമെനിക് എന്നിവര്‍ വിശിഷ്ടാതിഥിയായിരുന്നു.