Latest News

യുക്മ റീജിയണൽ കലാമേളകളുടെ കൊട്ടിക്കലാശം ശനിയാഴ്ച മാഞ്ചസ്റ്ററിൽ; നോർത്ത് വെസ്റ്റ് കലാമേള ജയകുമാർ നായർ ഉദ്ഘാടനം ചെയ്യും, ഡോ. ദീപാ ജേക്കബ് മുഖ്യാതിഥി

2018-10-18 03:27:50am |

മാഞ്ചസ്റ്റർ:- മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ അതിഥേയത്വം വഹിക്കുന്ന യുക്മ നോർത്ത് വെസ്റ്റ് റീജിയൻ കലാമേളക്ക് ശനിയാഴ്ച തിരിതെളിയും. ശനിയാഴ്ച രാവിലെ 10 മണിക്ക് സെയിൽ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം നോർത്ത് വെസ്റ്റിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് അരങ്ങുണരും. യുക്മ റീജിയൺ പ്രസിഡന്റ് ഷീജോ വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ റീജിയൻ സെക്രട്ടറി തങ്കച്ചൻ എബ്രഹാം സ്വാഗതം ആശംസിക്കും. യുക്മ നാഷണൽ ജോയിന്റ് ട്രഷറർ ജയകുമാർ നായർ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ദേശീയ ഉപാദ്ധ്യക്ഷ ഡോ. ദീപാ ജേക്കബ് മുഖ്യാതിഥി ആയിരിക്കും. യുക്മ ട്രഷറർ അലക്സ് വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണി, ദേശീയ നിർവ്വാഹക സമിതിയംഗം തമ്പി ജോസ്, റീജയൻ ഭാരവാഹികളായ ഷാജി വരാക്കുടി, ഹരികുമാർ.പി.കെ, രഞ്ജിത്ത് ഗണേഷ്, എബി തോമസ്, ജോയി അഗസ്തി, സാജു കാവുങ്ങ, സാംസ്കാരിക വേദി കൺവീനർ ഡോ.സിബി വേകത്താനം, കുര്യൻ ജോർജ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിക്കും. യോഗത്തിൽ നോർത്ത് വെസ്റ്റിൽ നിന്നും എ ലെവൽ, ജിസിഎസ്ഇ പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് ഉപഹാരങ്ങൾ സമ്മാനിക്കും.  രഞ്ജിത്ത് ഗണേഷിന്റെ നന്ദിയോടെ ഉദ്ഘാടന സമ്മേളനം സമാപിക്കും.

തുടർന്ന് രണ്ട് വേദികളിലായി മത്സരങ്ങൾ ആരംഭിക്കും. റീജിയനിലെ പതിമൂന്ന് അസോസിയേഷനുകളിൽ നിന്നുള്ള കലാപ്രതിഭകൾ കലാമേളയിൽ മാറ്റുരയ്ക്കും. ഇന്നലെ പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള സമയം അവസാനിച്ചപ്പോൾ  കലാമേളയിൽ   കഴിഞ്ഞ വർഷങ്ങളിലേക്കാൾ കൂടുതൽ പേർ പങ്കെടുക്കുമെന്ന് ഉറപ്പായതായി ഭാരവാഹികൾ അറിയിച്ചു. മൂന്നാം തവണയും ചാമ്പ്യൻഷിപ്പ് നേടാൻ ഒരുങ്ങുന്ന എം.എം.എയ്ക്ക് വെല്ലുവിളി ഉയർത്താൻ മറ്റ് അസോസിയേഷനുകളും രംഗത്തുണ്ട്.

വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം യുക്മ ദേശീയ അദ്ധ്യക്ഷൻ മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. മുൻ യുക്മ പ്രസിഡന്റ് അഡ്വ.ഫ്രാൻസീസ് മാത്യു മുഖ്യാതിഥിയാവും. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനവും നടക്കും.

കലാമേളയുടെ ഒരുക്കങ്ങളെല്ലാo പൂർത്തിയായതായും,  മത്സരങ്ങളിൽ പങ്കെടുക്കാനെത്തുന്നവർക്കായി മിതമായ നിരക്കിൽ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. എം. എം. സി. എ ഭാരവാഹികളായ ജനീഷ് കുരുവിള, സാബു ചാക്കോ, സജി സെബാസ്റ്റ്യൻ, ജോബി മാത്യു, റോയ് മാത്യു, അഷൻ പോൾ, ജോബി തോമസ്, മോനച്ചൻ ആന്റണി, ബിജു.പി.മാണി, ജോബി രാജു, ജോസഫ് മാത്യു, കുര്യാക്കോസ് ജോസഫ്, ലിസി എബ്രഹാം എന്നിവർ കലാമേളയ്ക്ക് മേൽനോട്ടം വഹിക്കും.
നോർത്ത് വെസ്റ്റ് റീജിയൻ കലാമേള വിജയിപ്പിക്കുവാൻ ഏവരുടേയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി റീജിയൻ ഭാരവാഹികൾ  അറിയിച്ചു.