Latest News

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ബ്രിസ്‌കയുടെ സര്‍ഗ്ഗോത്സവവും കലാസന്ധ്യയും ഇന്ന്

2017-03-01 12:04:53pm | ജെഗി ജോസഫ്

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്റ്റോള്‍ കേരളൈറ്റ്‌സ് അസോസിയേഷന്‍ (ബ്രിസ്‌ക) സംഘടിപ്പിക്കുന്ന "സര്‍ഗോത്സവ"ത്തിനുള്ള" ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 
 

 

ഇന്ന് രാവിലെ പത്തു മുതല്‍ വൈകുന്നേരം എട്ടു വരെ സൗത്തമേഡ് കമ്യൂണിറ്റി ഹാളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ പത്തു മണി മുതല്‍ ആറു മണിവരെ നാല് സ്റ്റേജുകളിലായി അരങ്ങേറുന്ന മത്സരങ്ങള്‍ ആസ്വാദകരുടെ കണ്ണിനു കുളിര്‍മ പകരുന്നതായിരിക്കും എന്നതില്‍ സംശയമില്ല. വാശിയേറിയ മത്സരങ്ങളാകും ഇക്കുറിയും അരങ്ങേറുക. 

ബ്രിസ്റ്റോളിലെ കലാമേളയ്ക്ക് പുതിയ മട്ടും ഭാവവും നല്‍കിയാണ് ഈ വര്‍ഷം ബ്രിസ്‌ക കലാമേളയെ "സര്‍ഗോത്സവമായി" അണിയിച്ചൊരുക്കിയിരിക്കുന്നത്. മത്സരങ്ങളില്‍ പേരുകള്‍ നല്‍കുന്നതിനായി ഓണ്‍ ദി സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബ്രിസ്റ്റോളിലെ എല്ലാ മലയാളി അസോസിയേഷനുകളും ഉള്‍പ്പെടുന്ന ബ്രിസ്‌കയിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാവാസനകളും സര്‍ഗ്ഗവാസനകളും തിരിച്ചറിഞ്ഞു അവയെ വളര്‍ത്തിയെടുക്കുവാനുള്ള ഒരു വേദിയായിട്ടാണ് സര്‍ഗോത്സവം ആരംഭിച്ചത്.

കളറിങ്ങ്, പെയ്ന്റിങ്, മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, പ്രസംഗം, ഗാനാലാപനം, ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍ നൃത്ത മത്സരങ്ങള്‍ എന്നിങ്ങനെ വിവിധയിനം മത്സരങ്ങളാണ് ബ്രിസ്‌ക കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഒരുക്കിയിരിക്കുന്നത്. പ്രായം പരിഗണിച്ച് ആറ് ഗ്രൂപ്പുകളിലായി മത്സരാര്‍ത്ഥികളെ വേര്‍തിരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് പരമാവധി അഞ്ച് മത്സരങ്ങളില്‍ പങ്കെടുക്കാം. 5 പൗണ്ടാണ് മത്സരത്തില്‍ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷന്‍ ഫീസ്.

ഇന്ന് നടക്കുന്ന മത്സരങ്ങള്‍ക്കുള്ള സമ്മാനദാനം വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ വച്ച് സമ്മാനിക്കുന്നതാണ്. സര്‍ഗോത്സവത്തിന്പത്തര മാറ്റ് ഏകുവാന്‍ ബ്രിസ്റ്റോളിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന രണ്ടു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന കലാസന്ധ്യയും ബ്രിസ്‌ക ഒരുക്കിയിട്ടുണ്ട്. വളരെ മിതമായ നിരക്കില്‍ രുചികരമായ ഭക്ഷണം ലഭ്യമാകുന്നതാണ്. 

സമയം; ഫെബ്രുവരി 25 രാവിലെ 10 മണി മുതല്‍ 6 മണി വരെ

സ്ഥലം; സൗത്ത്മീഡ് കമ്യൂണിറ്റി ഹാള്‍,248 ഗ്രേസ്റ്റോക്ക് അവന്യൂ, BS106BQ

കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്രിസ്‌ക ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ സെബാസ്‌ററ്യന്‍ ലോനപ്പനെയോ, സന്ദീപ് കുമാറിനെയോ ബന്ധപ്പെടുക. 

സെബാസ്റ്റ്യന്‍ ലോനപ്പന്‍ : 07809294312
സന്ദീപ് കുമാര്‍: 07412653401 
-