Latest News

ആല്മീയ കർമ്മ വീഥിയിൽ വിവാഹ-ചികിത്സാ-ജീവകാരുണ്യ പദ്ധതികളും; അഭിമാനമുയർത്തി സ്റ്റീവനേജ് സീറോ മലബാർ സമൂഹം

2018-11-26 02:08:18am | അപ്പച്ചൻ കണ്ണൻച്ചിറ
സ്റ്റീവനേജ് : ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ലണ്ടൻ റീജണിലെ പ്രമുഖ കുർബ്ബാന കേന്ദ്രങ്ങളിലൊന്നായ സ്റ്റീവനേജിലെ സീറോ മലബാർ സമൂഹം ആല്മീയ-സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ കൂടുതൽ ശ്രദ്ധേയമാകുന്നു. തിരുന്നാൾ ലളിതമാക്കിക്കൊണ്ടും, പാരീഷംഗങ്ങളുടെ സമർപ്പണ വിഹിതം സമാഹരിച്ചും, ഇംഗ്ലീഷ് പാരീഷംഗങ്ങൾ നൽകിയ പ്രളയ ദുരിതാശ്വാസ നിധി ചേർത്തും തിരുപ്പിറവി നോമ്പുകാലത്ത് നാട്ടിൽ വിവിധ ജീവ കാരുണ്യ പ്രവർത്തികൾ ചെയ്യുവാനുള്ള പദ്ധതികളാവിഷ്‌ക്കരിച്ചു.
 
മരം വെട്ടു തൊഴിലിനിടയിൽ വീണു കിടപ്പിലാവുകയുകയും ഇപ്പോൾ വീൽ ചെയറിലൂടെ സഞ്ചരിച്ചു ലോട്ടറി ടിക്കറ്റും, സോപ്പും, മെഴുതിരിയും മറ്റും വിറ്റു കഷ്‌ടപ്പെട്ടു ഉപജീവനം കാക്കുന്ന ഒരു വ്യക്തിക്ക് പെട്ടിക്കടയിട്ടു സാധങ്ങൾ വാങ്ങി നിറച്ചു കൊടുക്കുവാനും, മൊത്ത വ്യാപാരികളുടെ സഹായം ഭാവിയിൽ ഉറപ്പിച്ചുകൊണ്ട് ഒരു  ജീവിത മാർഗ്ഗം ശരിയാക്കി കൊടുക്കുവാനുള്ള   പദ്ധതിക്ക് പാരീഷ് സമൂഹം രൂപം കൊടുത്തു കഴിഞ്ഞു. 
 
അതോടൊപ്പം തന്നെ അശരണയായ ഒരു പെൺകുട്ടിക്ക് മംഗല്യ സഹായം നൽകുവാനും, ജല പ്രളയത്തിൽ ഇടിഞ്ഞു വീണു പ്ലാസ്റ്റിക്ക് വിരിച്ച പുരക്ക് ഭിത്തികെട്ടി ഓടിട്ടു കൊടുക്കുവാനും, പരസഹായമില്ലാത്ത ഒരു രോഗിക്ക് ചികിത്സാ സഹായം നൽകുവാനും തുടങ്ങിയ സൽക്കർമ്മ പദ്ധതികളുമായി സ്റ്റീവനേജ് പാരീഷ് സമൂഹം ഇപ്പോൾ സാമൂഹ്യ നന്മയുടെ പാതയിലും കൂടുതൽ ശ്രദ്ധേയമാവുകയാണ്. 
 
ചങ്ങനാശ്ശേരി അതിരൂപതയിലെ കിളിരൂർ, ഇടുക്കിയിലെ ചെറുതോണി, താമരശ്ശേരി രൂപതയിലെ തിരുവമ്പാടി തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഉണ്ടായ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിച്ചവരിലും, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ കഷ്‌ടപ്പെടുന്നവരിലും ചുരുക്കം ചിലർക്കെങ്കിലും  അവിടങ്ങളിലെ ഇടവക പള്ളിയും വിൻസന്റ് ഡീ പോൾ സൊസൈറ്റിയും കേന്ദ്രീകരിച്ച്  ജീവകാരുണ്യ പ്രവർത്തനം നടത്തുവാൻ പാരീഷ് കമ്മിറ്റിയുടെ യോഗം തീരുമാനിക്കുകയായിരുന്നു.
 
ഇതര കത്തോലിക്കാ സമൂഹത്തിനിടയിൽ വിശ്വാസവും, സ്നേഹവും ആർജ്ജിച്ചു വർത്തിക്കുമ്പോളും മാർത്തോമ്മാ കത്തോലിക്കരുടെ മൂല്യവും പാരമ്പര്യവും പൈതൃകവും സംരക്ഷിച്ചുകൊണ്ടും, അതിലുപരി സഭയുടെ വ്യക്തിത്വം നിലനിറുത്തിക്കൊണ്ടും തന്നെ ഇംഗ്ലീഷ് ദേവാലയത്തിൽ വിവിധ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവ്വഹിച്ചുകൊണ്ട്  സ്റ്റീവനേജ് സീറോ മലബാർ സഭാ സമൂഹം മാതൃകാപരമായി പ്രവർത്തിച്ചു വരുന്നു.  
 
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സ്വന്തമായല്ലാത്ത ദേവാലയത്തിൽ സീറോ മലബാർ സഭയുടെ മുഴുവൻ വിശുദ്ധരുടെയും രൂപങ്ങൾ പ്രതിഷ്‌ഠിക്കപ്പെടുവാൻ സാധിച്ചത് ഒരു പക്ഷെ സ്റ്റീവനേജിൽ മാത്രമായിരിക്കും എന്നത് ഏറെ അഭിമാനാർഹമായ മറ്റൊരു നേട്ടമാണ്. 
 
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന വിവിധ ആല്മീയ പദ്ധതികളിലും പരിപാടികളിലും ഊർജ്ജസ്വലമായ സഹകരണവും പ്രാർത്ഥനയും പ്രോത്സാഹനവും ചെയ്തുപോരുന്ന സ്റ്റീവനേജ് സഭാ മക്കൾ, കുട്ടികളുടെ വർഷാചരണത്തിൽ തുടങ്ങിവെച്ച കുട്ടികളുടെ പ്രാർത്ഥനാ കൂട്ടായ്മ്മ എല്ലാ വെള്ളിയാഴ്ചകളിലും വിവിധ ഭവനങ്ങളിൽ പരിശുദ്ധാൽമ്മ കൃപയാൽ ശക്തമായി സമ്മേളിച്ചു പോരുന്നു.
 
ഇംഗ്ലീഷ് പാരീഷുമായി ചേർന്നുള്ള യൂത്ത് സ്പിരിച്യുൽ മിനിസ്ട്രിയിൽ യുവജനങ്ങളെ അണിനിരത്തുന്നെണ്ടെങ്കിലും രൂപതയുടെ നിയന്ത്രണത്തിലുള്ള യൂത്ത് മൂവ്മെന്റിന്റെ ഭാഗമാക്കുവാൻ സ്റ്റീവനേജ് യൂണിറ്റിന്റെ ഔപചാരിക ഉദ്ഘാടനം അടുത്ത മാസം യുവജന വർഷത്തിൽ നടത്തുവാൻ തീരുമാനമായിരിക്കുകയാണ് . ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നിയന്ത്രണത്തിലുള്ള വനിതാ ഫോറം സ്റ്റീവനേജിൽ ശക്തമായ വേരോട്ടം നേടിക്കഴിഞ്ഞു.തിർന്നവരുടെ പ്രാർത്ഥനാ ഗ്രൂപ്പ് എല്ലാ വ്യാഴാഴ്ചകളിലും പാരീഷ് ഹാളിൽ ചേരുമ്പോൾ അതിനോടൊപ്പം യൂദാസ് തദേവൂസിന്റെ നൊവേനയും നടത്തിപ്പോരുന്നുവെന്നത് കൂടുതൽ അനുഗ്രഹ ദായകമാവുന്നു. നിലവിലുള്ള  ദ്വിദിന കുർബ്ബാനയിൽ അതാതു മാസങ്ങളിലെ വിശുദ്ധരെ അനുസ്‍മരിക്കുവാനും, അതുവഴി വിശുദ്ധ ജീവിതങ്ങളെ കൂടുതലായി മനസ്സിലാക്കുവാനും അവസരം ഒരുക്കുന്നത് അംഗങ്ങൾക്ക് ഏറെ ആല്മീയ ഊർജ്ജം പകരുന്നു. 
 
ആശിഫ വധം, പ്രളയ ദുരന്തങ്ങൾ, സഭാ വിഷയങ്ങൾ തുടങ്ങിയ സന്നിഗ്ദ വിഷയങ്ങളിൽ പ്രാർത്ഥിക്കുവാനും, പ്രതികരിക്കുവാനും  സ്റ്റീവനേജ് വിശ്വാസി സമൂഹം അലസത കാട്ടിയിട്ടില്ല.ബൈബിൾ കലോത്സവങ്ങളിൽ നിറമാർന്ന പ്രകടനങ്ങൾ കാഴ്ചവെക്കുവാൻ ലണ്ടൻ റീജണിലും  രൂപത തലത്തിലും പാരീഷംഗങ്ങൾക്കു സാധിച്ചിരുന്നു. മികവുറ്റ പാരീഷ് ഡ്രാമാ ഗ്രൂപ്പ്, കുട്ടികളുടെ കൊയർ ഗ്രൂപ്പ് എന്നിവ സ്റ്റീവനേജ്  കൂട്ടായ്‌മക്ക് പ്രത്യേകം പ്രൗഢിയേകുന്നവയാണ്.
 
സ്റ്റീവനേജിലെ രണ്ടു ഇംഗ്ലീഷ് ദേവാലയങ്ങളുടെയും താക്കോലുകൾ വർഷങ്ങളായി കൈവശം വെച്ചുവരുകയും, മലയാളികളിൽ ആർക്കെങ്കിലും രോഗമോ മറ്റു പ്രാർത്ഥനാ സഹായങ്ങളോ ആവശ്യം വരുമ്പോൾ, ദേവാലയം തുറന്നു പ്രാർത്ഥിക്കുവാനും അനുമതിയുണ്ട്. പ്രാർത്ഥനയിലൂടെ അത്ഭുത ദൈവീക സ്പർശങ്ങളും അടയാളങ്ങളും നേരിൽ കാണുവാനും അനുഭവിക്കുവാനും കഴിഞ്ഞിട്ടുള്ള ഒരു വലിയ അനുഗ്രഹീത സമൂഹമാണ് സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ്മ.
 
തിരുപ്പിറവി കുർബ്ബാനയോടെ ശക്തവും വിപുലവുമായ കൂടുതൽ അംഗങ്ങൾ ഉൾക്കൊള്ളുന്ന മാസ്സ് സെന്ററായി സ്റ്റീവനേജ് മാറുന്നതിനുള്ള ശ്രമങ്ങൾ ഇതോടൊപ്പം നടന്നു വരുകയാണ്.സ്റ്റീവനേജിൽ അജപാലനവും ആല്മീയ നേതൃത്വവും നൽകി പോരുന്ന സെബാസ്റ്റ്യൻ അച്ചന്റെ നേതൃത്വത്തിൽ പാരീഷിന്റെ അടിത്തറ ദൃഢമാക്കി ശക്തമായി മുന്നോട്ടു കുതിക്കുമ്പോൾ  കൂടുതലായ ആല്മീയ തീക്ഷ്ണതയും, സാമൂഹ്യ പ്രതിബദ്ധതയും അംഗങ്ങളിൽ വർദ്ധിക്കുന്നുവെന്നത് സ്വാഭാവികം മാത്രം.