Latest News

മണ്ണിലും വിണ്ണിലും ആനന്ദം പൊഴിച്ച കരോൾ രാവിന് കവൻട്രിയിൽ ഉജ്ജ്വലസമാപനം. ബ്രിസ്റ്റോൾ ക്നാനായ കാത്തലിക് അസോസിയേഷൻ, ജോയ് ടു ദി വേൾഡ് 2 ജേതാക്കൾ

2018-12-11 02:36:05am | ജോഷി സിറിയക്
കവൻട്രി: വിണ്ണിൽ നിന്നും മണ്ണിൽ അവതരിച്ച ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ  സ്വർഗീയഗായകർ. മാലാഖമാരുടെ സ്വർഗീയസംഗീതത്തോടൊപ്പം അവരുടെ സ്തുതിഗീതങ്ങൾ  ലയിച്ചുചേർന്നപ്പോൾ  കവൻട്രി വില്ലൻഹാൾ ഓഡിറ്റോറിയം അതുല്യമായ  ആനന്ദപ്രഭയിൽ മുങ്ങി നിന്നു.  ഗർഷോം ടിവിയും ലണ്ടൻ അസാഫിയൻസും ചേർന്നൊരുക്കിയ  രണ്ടാമത് ക്രിസ്മസ് കരോൾഗാന മത്സരം 'ജോയ് ടു ദി വേൾഡ്  2' ചരിത്രമായപ്പോൾ ബ്രിസ്റ്റോൾ ക്നാനായ കാത്തലിക് അസോസിയേഷൻ കിരീടം ചൂടി. മദർ ഓഫ് ഗോഡ് ചർച്ച് ക്വയർ ലെസ്റ്റർ രണ്ടാം സ്ഥാനവും പീറ്റർബോറോ ഓൾ സെയിന്റ്സ് മാർത്തോമാ ചർച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നാലും അഞ്ചും സ്ഥാനങ്ങൾ യഥാക്രമം സെയിന്റ് ബെനഡിക്ട് മിഷൻ ചർച്ച് ക്വയർ ബിർമിംഗ്ഹാമും വോയിസ് ഓഫ് ഏയ്ഞ്ചൽസ് കവൻട്രിയും നേടി.
 
ഡിസംബർ 8 ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ആരംഭിച്ച കരോൾഗാനസന്ധ്യയിൽ  പ്രശസ്ത സംഗീതസംവിധായകനും വേൾഡ് പീസ് മിഷൻ ചെയർമാനുമായ  ശ്രീ സണ്ണി സ്റ്റീഫൻ മുഖ്യാതിഥിയായിരുന്നു. ഗർഷോം ടിവി മാനേജിങ് ഡയറക്ടർ ശ്രീ ബിനു ജോർജ് വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. തുടർന്ന് മുഖ്യാതിഥിയായ ശ്രീ സണ്ണി സ്റ്റീഫൻ  ജോയ് ടു ദി വേൾഡ് 2  ന്റെ ഔപചാരികമായ ഉദ്‌ഘാടനം നിർവഹിച്ചു . യുകെ ക്രോസ്സ് കൾച്ചറൽ മിനിസ്ട്രിസ് ഡയറക്ടർ റെവ.ഡോ. ജോ കുര്യൻ ക്രിസ്മസ് സന്ദേശവും, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത കമ്മീഷൻ ഫോർ ലിറ്റർജിക്കൽ മ്യൂസിക് ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ ചാമക്കാല ആശംസയും അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ശ്രീ സണ്ണി സ്റ്റീഫനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധേയമായ തിരുനാമകീർത്തനം എന്നുതുടങ്ങുന്ന ഗാനവും, പിതാവേ അനന്തനന്മയാകും എന്ന ഗാനവും ശ്രീ ബിജു കുമ്പനാട് അതിമനോഹരമായി ആലപിച്ചപ്പോൾ 3600 ലധികം ഗാനങ്ങൾക്ക് സംഗീതം നൽകുകയും നിരവധി ഗാനങ്ങൾക്ക് രചന നിർവഹിക്കുകയും ചെയ്ത ശ്രീ സണ്ണി സ്റ്റീഫന് നൽകാവുന്ന ഏറ്റവും വലിയ ആദരവായി അത്  മാറി. 
 
തുടർന്ന് വില്ലൻഹാൾ സോഷ്യൽ ക്ലബിൽ തിങ്ങിക്കൂടിയ ആസ്വാദകരുടെ കണ്ണിനും കാതിനും കുളിർമയായി ഇമ്പമാർന്ന ഈണങ്ങളിൽ കരോൾ ഗാനങ്ങൾ പെയ്തിറങ്ങി.  യുകെയിലെ വിവിധ ക്രിസ്തീയസഭകളുടെയും ചർച്ചുകളുടെയും ഗായകസംഘങ്ങളുടെയും ക്വയർ ഗ്രൂപ്പുകൾ വലിയ മുന്നൊരുക്കത്തോടുകൂടിയാണ് ഈ സംഗീത മത്സരത്തിൽ പങ്കെടുത്തത്. മാസങ്ങളോളം കഠിനപരിശീലനം നടത്തി അതിമനോഹരമായ വേഷവിധാനത്തിൽ എത്തിയ ഗായകസംഘങ്ങൾ വളരെ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 
 
ഒന്നാം സമ്മാനമായി അലൈഡ് മോർട്ഗേജ് സർവീസസ്  സ്പോൺസർ ചെയ്യുന്ന ആയിരം പൗണ്ട് ക്യാഷ് അവാർഡിന്റെ  ചെക്ക് മാനേജിങ് ഡയറക്ടർ ശ്രീ ജോയ് തോമസ് വിജയികളായ ബ്രിസ്റ്റോൾ ക്നാനായ ടീമിന് കൈമാറിയപ്പോൾ വിജയികൾക്കുള്ള ട്രോഫി റവ. ഡോ. ജോ കുര്യൻ സമ്മാനിച്ചു. രണ്ടാം സമ്മാനമായി പ്രൈം മെഡിടെക് സ്പോൺസർ ചെയ്യുന്ന 500 പൗണ്ട് ക്യാഷ് അവാർഡ്  ശ്രീ റോജിമോൻ വർഗീസും ട്രോഫി റവ. ഫാ. ജോർജ് ചേലക്കലും വിജയികൾക്ക് സമ്മാനിച്ചു. മൂന്നാം സമ്മാനമായി ജിയാ ട്രാവൽ യുകെ നൽകിയ 250 പൗണ്ട് അനി ചാക്കോയും ട്രോഫി ജോമോൻ കുന്നേലും  വിജയികൾക്ക് നൽകി.
 
മത്സരങ്ങൾക്കൊടുവിൽ കരോൾ ഗാനസന്ധ്യക്ക് നിറം പകരാൻ ലണ്ടൻ അസാഫിയൻസ് ഒരുക്കിയ  ലൈവ് ഓർക്കസ്ട്രയോടുകൂടിയ  ശ്രുതിമധുരമായ ഗാനങ്ങൾ സദസ്യർ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. സംഗീത സപര്യയിൽ 30 വർഷങ്ങൾ പൂർത്തിയാക്കിയ, ലണ്ടൻ അസാഫിയന്സിന്റെ അമരക്കാരനും ഡ്രമ്മറുമായ ശ്രീ ജോയ് തോമസിനെ ഗർഷോം ടിവിക്കുവേണ്ടി മാനേജിങ് ഡയറക്ടർ ശ്രീ ജോമോൻ കുന്നേൽ വേദിയിൽ ആദരിച്ചു. 
 
ജാസ് ലൈവ് ഡിജിറ്റലിന്റെ ശ്രീനാഥും ജിനുവുമാണ് മികച്ച സൗണ്ടും ലൈറ്റും ഒരുക്കി കരോൾ മത്സരങ്ങൾക്ക് മിഴിവേകിയത്. ശ്രീ ബിജു കുമ്പനാട്,  ശ്രീ ജോബി വർഗീസ്, ശ്രീ ജെസ്വിൻ പടയാട്ടിൽ, ശ്രീ ഷൈമോൻ തോട്ടുങ്കൽ, ശ്രീ ആന്റണി മാത്യു എന്നിവരാണ് കരോൾ മത്സരത്തിന്റെ വിധികർത്താക്കളായി എത്തിയത്. അനിൽ മാത്യു മംഗലത്ത്, സ്മിത തോട്ടം എന്നിവർ അവതാരകരായി തിളങ്ങി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ലണ്ടൻ അസാഫിയൻസ് സെക്രട്ടറി ശ്രീ സുനീഷ് ജോർജ്, ജോയ് ടു ദി വേൾഡ് പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീ ജോഷി സിറിയക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജാതിമതവർഗ്ഗചിന്തകൾക്കതീതമായി എല്ലാവരുടെയും പിന്തുണയോടെ  എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു ആഘോഷ സന്ധ്യ എന്ന നിലയിൽ ജോയ് ടു ദി വേൾഡിനു വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
 
'ജോയ് ടു ദി വേൾഡ് 2'  ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ ഉച്ചക്ക് 12 മാണി മുതൽ ഗർഷോം ടിവിയിൽ സംപ്രേഷണം ചെയ്യും. 'ജോയ് ടു ദി വേൾഡ് 2' ഒരു വൻ വിജയമാക്കുവാൻ യുകെയുടെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ കരോൾ ഗാനസംഘങ്ങൾക്കും  അവർക്കു പിന്തുണയുമായി എത്തിയ ആസ്വാദകർക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദിയർപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.  അടുത്ത വർഷത്തെ കരോൾ ഗാന മത്സരം 2019 ഡിസംബർ 7 ശനിയാഴ്ച കൂടുതൽ പങ്കാളിത്തത്തോടെ മികവുറ്റതായിനടത്താനും സംഘാടകർ തീരുമാനിച്ചു.