Latest News

തികഞ്ഞ ചാരിതാർത്ഥ്യത്തോടും, നിറഞ്ഞ മനസ്സോടും കൂടി കലാകേരളം ഗ്ലാസ്ഗോയുടെ ക്രിസ്തുമസ് നവ വത്സരാഘോഷം ഇന്ന്

2019-01-05 01:41:01am |
അശാന്തിയും, അരാജകത്വവും, അധികാര ഭ്രമവും ,അന്ധവിശ്വാസങ്ങളും ,വിദ്വേഷങ്ങളും അതിന്റെ പാരമ്യതയിൽ നിറഞ്ഞാടുന്ന ഈ നൂറ്റാണ്ടിലും ശാന്തിയുടെയും സമാധാനത്തിന്റെയും വിനയത്തിന്റെയും സർവ്വോപരി പരസ് നേഹത്തിന്റെയും മറ്റൊരോർമ്മപ്പെടുത്തലുമായി  ഒരിക്കൽ കൂടി നാമെല്ലാം ക്രിസ്തുമസ് ആഘോഷിച്ചു.
പതിവു തെറ്റാതെ പുതുപുത്തൻ പ്രതീക്ഷകളും, തീരുമാനങ്ങളുമായി പുത്തനുണർവോടെ നാമെല്ലാം പുതുവർഷത്തെ പുല്കി.കാലിത്തൊഴുത്തിൽ പിറന്നവനെ ഡിജിറ്റൽ പുൽക്കൂട്ടിൽ വീണ്ടും പുനർജനിപ്പിക്കുന്നവരും, ദരിദ്രനായി പിറന്നവന്റെ ജന്മദിനം സമ്പന്നതയുടെ ധാരാളിപ്പായി മാറിയതുമെല്ലാം വിധി വൈരുധ്യം എന്നല്ലാതെന്തു വിളിക്കും.
 
കലാകേരളം ഗ്ലാസ്ഗോയുടെ ഈ വർഷത്തെ ക്രിസ്തുമസ്സ് പുതുവർഷാഘോഷങ്ങൾക്ക് മുൻവർഷങ്ങളേക്കാൾ ഇരട്ടിതിളക്കമുണ്ട് കാരണം ഗ്ലാസ് ഗോയിലെ 40 കുടുംബങ്ങൾ ചേർന്നുള്ള ഈ കൂട്ടായ്മയുടെ നേത്രത്വത്തിൽ 20 ലക്ഷത്തിലധികം രൂപയുടെ ചാരിറ്റി പ്രവർത്തനങ്ങളാണ് ഈ കഴിഞ്ഞ ഒരു വർഷക്കാലമായി നടത്തിയത്. 
പ്രളയത്തിൽ പൂർണ്ണമായി തകർന്ന എറണാകുളം ജില്ലയിലെ കാലടിയിൽ പുതിയ രണ്ടു വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. പ്രളയകാലത്ത് ഇടുക്കി,എറണാകുളം, തൃശൂർ ജില്ലകളിലെ മുപ്പതിലധികം ദുരിതാശ്വസ ക്യാമ്പുകളിൽ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും എത്തിക്കുവാനും ഭാഗികമായി തകർന്ന രണ്ടു വീടുകൾ  പുനരധിവാസ യോഗ്യമാക്കി നല്കുവാനും കലാകേരളം സംഘടനയ്ക്ക് സാധിച്ചു. ഇതു കൂടാതെ എറണാകുളം ജില്ലയിലെ വെട്ടിക്കുഴിയിലുള്ള സ്മയിൽ വില്ലേജിലെ 60 ൽ പരം അന്തേവാസികൾക്കായി ക്രിസ്മസ് ആഘോഷവും സ്നേഹവിരുന്നും ഒരുക്കി. 
 
കലാകേരളം ഗ്ലാസ് ഗോയുടെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് അകമഴിഞ്ഞ് സഹകരിച്ച എല്ലാ സുമനസ്സുകൾക്കും അകമഴിഞ്ഞ നന്ദിയും, പുൽക്കൂട്ടിൽ പിറന്നവന്റെ കൃപാകടാക്ഷവും നേരുന്നതോടൊപ്പം ഏവർക്കും ക്രിസ്തുമസ്സ് - നവവത്സരാഘോഷരാവിലേയ്ക്ക് ഹൃദ്യമായ സ്വാഗതം.
 ഇന്ന് ( 04 / 01/2019) വൈകുന്നേരം 5 മണിക്ക് കോട്ട് ബ്രിഡ്ജിലുള്ള സെന്റ് മേരീസ് പള്ളി ഹാളിൽ വച്ച് നടത്തപ്പെടുന്ന ആഘോഷ വേളയിൽ മാജിക് ഷോ, ഡിസ്ക് ജോക്കി (DJ), കരോൾ സിംഗിങ്ങ്, മറ്റു കലാപരിപാടികളും സ്നേഹവിരുന്നും നടത്തപ്പെടുന്നു.എല്ലാവർക്കും സുസ്വാഗതം.
 
Venue address 
St Mary’s chapel
10 Hozier St
Coatbridge
ML5 4DB.