Latest News

യുക്മ ഫെസ്റ്റിന് മാഞ്ചസ്റ്റർ മേളം, കവൻട്രിയിൽ നിന്നും നർത്തകർ, സിഗററ്റ് കൂട് നാടകം; ഒരുക്കങ്ങൾ പുരോഗമിക്കുന്നു... അവാർഡ് നിർണയം കമ്മിറ്റി മുൻപാകെ

2019-01-12 01:34:47am | സജീഷ് ടോം
മാഞ്ചസ്റ്റർ:- ജനുവരി 19ന് മാഞ്ചസ്റ്റർ വിഥിൻഷോയിലെ പ്രസിദ്ധമായ ഫോറം സെൻററിൽ വച്ച് നടക്കുന്ന നാലാമത് യുക്മ ഫാമിലി ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഒൻപത് ദിവസം കൂടി പിന്നിടുമ്പോൾ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന് കലാ പരിപാടികൾ അവതരിപ്പിക്കുന്ന കുട്ടികളും, മുതിർന്നവരുമായ കലാകാരൻമാർ വലിയ ആവേശത്തിലാണ്. 
 
യുക്മ പ്രസിഡന്റ് ശ്രീ.മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന ദേശീയ കമ്മിറ്റിയുടെ അവസാനത്തെ പരിപാടി ഏറ്റവും ഭംഗിയും മികച്ചതുമാക്കാൻ ദേശീയ റീജിയൺ കമ്മിറ്റികൾ ഒറ്റക്കെട്ടായി പരിശ്രമിക്കുകയാണ്. യുക്മയുടെ ചരിത്രത്തിലാദ്യമായി നൂതന ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് യുക്മ ഫാമിലി ഫെസ്റ്റ് ഇത്തവണ അരങ്ങേറുന്നത്. ഫോറം സെൻറർ ഇന്നേവരെ ദർശിച്ചിട്ടില്ലാത്തതും, മലയാളികൾ സംഘടിപ്പിക്കുന്നതുമായ പരിപാടിയായിരിക്കും യുക്മ ഫാമിലി ഫെസ്റ്റ് 2019. വേദി പരമാവധി ഉൾക്കൊള്ളുന്ന  വിധത്തിൽ എൽ.ഇ.ഡി വാളിന്റെ സഹായത്തോടെ 10000 വാട്ട് സൗണ്ടും ലൈറ്റും ഉൾപ്പെടെ കാണികൾക്കായി ഉഗ്രൻ കലാവിരുന്നൊരുക്കുകയാണ് യുക്മ. മാഞ്ചസ്റ്ററിൽ വച്ച് ഇതുവരെ സംഘടിപ്പിച്ചതിൽ വച്ചേറ്റവും വലിയ   യുക്മയുടെ പരിപാടി കൂടിയായിരിക്കും യുക്മ ഫാമിലി ഫെസ്റ്റ്.  കളർ മീഡിയാ ലണ്ടൻ എൽ.ഇ.ഡി വാൾ ക്രമീകരിക്കുമ്പോൾ ജാസ് സൗണ്ട്സ് ശബ്ദവും വെളിച്ചവും നൽകി പരിപാടികൾക്ക് പൂർണതയേകും.
 
രാധേഷ് നായരുടെ നേതൃത്വത്തിൽ ജനേഷ് നായർ, ഹരികുമാർ.കെ.വി, സാജു കാവുങ്ങ, സനിൽ  ജോൺ, ബൈജു മാത്യു, വിനോദ് കുമാർ, സജി നായർ, മഹേഷ് വളപ്പിൽ, രാജു മുത്തുസ്വാമി, മനോജ് തുടങ്ങിയവരുൾപ്പെടുന്ന മാഞ്ചസ്റ്റർ മേളം നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മുന്നിൽ ചെണ്ടകൊട്ടുമ്പോൾ, നാട്ടിലെ ഉത്സവ പറമ്പിലെ പകൽപൂരത്തിന്റെ ഓർമകളിലേക്ക് നമ്മെ കൊണ്ടെത്തിക്കും.
 
കവൻട്രി കേരള കമ്യൂണിറ്റിയുടെ പെൺകുട്ടികൾ ബോളിവുഡ് ഡാൻസുമായി വേദിയിലെത്തും. യുക്മ കലാമേളകൾ തുടങ്ങി നിരവധി വേദികളിൽ സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയ  അവരുടെ ഡാൻസ് കാണികളുടെ മനം കവരും.എലിസാ മാത്യു, ആൻഡ്രിയ ജോയ്, ലിയോണ സാബു, റീത്താ ജോയ്, മരിയ റോബിൻ, ഹന്ന ജോസ് എന്നിവരാണ് സി.കെ.സിയിൽ നിന്നും വേദിയിലെത്തുന്നത്.
 
പത്ത് വർഷക്കാലമായി നാടക രംഗത്ത് പ്രവർത്തിക്കുന്നതും നിരവധി വേദികളിൽ നാടകങ്ങൾ അവതരിപ്പിച്ച് പ്രശസ്തരായ ട്രാഫോർഡ് നാടക സമിതിയുടെ ഏറ്റവും പുതിയ നാടകമാണ് സിഗററ്റ് കൂട്.  കേരളത്തിലെ നിലവിലെ സാമൂഹ്യ പശ്ചാത്തലത്തെ ആസ്പദമാക്കി ഡോ.സിബി വേകത്താനം രചനയും സംവിധാനവും നിർവ്വഹിച്ചിട്ടുള്ള നാടകം അണിയറയിൽ ഒരുങ്ങി വരുന്നു. ഡോ. സിബിയെ കൂടാതെ ചാക്കോ ലൂക്ക്, അഷാ ഷിജു, ലിജോ ജോൺ, മാത്യു ചുമ്മാർ ചമ്പക്കര, ബിജു കുര്യൻ, ഉണ്ണികൃഷ്ണൻ, ഡോണി ജോൺ എന്നിവരാണ് രംഗത്തെത്തുന്നത്. യുകെയിലെ മലയാളികൾക്ക് അപൂർവ്വമായി മാത്രം ആസ്വദിക്കാൻ കഴിയുന്ന നാടകം കാണാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കാൻ ഓർമിപ്പിക്കുന്നു.
 
ജനുവരി 19ന് നറുക്കെടുപ്പ് നടത്തുന്ന യുക്മ യുഗ്രാന്റ് ടിക്കറ്റുകൾ എടുത്ത് യുക്മയുടെ ചാരിറ്റി പ്രവർത്തനങ്ങിൽ പങ്കാളികളാവാനും, ഭാഗ്യപരീക്ഷണവും നടത്താം.  സമ്മാനങ്ങളായി നിങ്ങളെ കാത്തിരിക്കുന്നത് കാറും സ്വർണ്ണ നാണയങ്ങളമാണ്. 
 
യുക്മ യൂത്ത് അക്കാദമിക് അവാർഡിന് ജി.സി.എസ്‌.ഇ, എ ലെവൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇനിയും അപേക്ഷ അയക്കാത്ത കുട്ടികൾ എത്രയും വേഗം അപേക്ഷകൾ അയക്കണമെന്ന് ഡോ.ബിജു പെരിങ്ങത്തറ, ഡോ. ദീപാ ജേക്കബ് എന്നിവർ അറിയിച്ചു.
 
ഇനിയും നിരവധി പരിപാടികൾ അടുത്ത ദിവസങ്ങളിൽ നിങ്ങളെ പരിചയപ്പെടുത്താം.  അങ്ങനെ എല്ലാം കൊണ്ടും അവിസ്മരണീയവും പ്രവാസ ജീവിതത്തിന്റെ വീർപ്പുമുട്ടലിൽ നിന്നും തികച്ചും സൗജന്യമായി  മനസ്സിനെ സന്തോഷത്തിലെത്തിക്കാൻ യുക്മ ഒരുക്കുന്ന വലിയ സംരംഭത്തിലേക്ക് യുകെയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും യുക്മ നാഷണൽ കമ്മിറ്റി സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി റോജിമോൻ വറുഗീസ് അറിയിച്ചു.
 
 
കൂടുതൽ വിവരങ്ങൾക്ക് :-
അലക്സ് വർഗ്ഗീസ് (ജനറൽ കൺവീനർ) - 07985641921
ഷീജോ  വർഗീസ് - 07852931287