Latest News

"മഴവിൽ മാമാങ്കം" മെഗാ ഡാൻസ് ഷോയുടെ ടിക്കറ്റ് വിതരണോത്‌ഘാടനം ലണ്ടനിൽ നടന്നു

2019-01-15 03:06:23am |

യുകെ വേൾഡ് മലയാളി ഫെഡറേഷൻ ചാപ്റ്റർ ചാരിറ്റി ഫണ്ട് റൈസിംഗിനായി നടത്തുന്ന "മഴവിൽ മാമാങ്കം" മെഗാ ഡാൻസ് ഷോയുടെ ടിക്കറ്റ് വിതരണോത്‌ഘാടനം ലണ്ടനിൽ നടന്നു. മാർച്ച് ഒന്നിന് ലെസ്റ്ററിലും മൂന്നിന് ലണ്ടനിലും നൃത്ത സംഗീത വിസ്മയമൊരുക്കി റിമ കല്ലിങ്കലും കൂട്ടരും.

പ്രശസ്ത സിനിമാ താരവും നർത്തകിയുമായ റിമ കല്ലുങ്കലിന്റെ നേതൃത്വത്തിൽ യു കെ യിൽ നടക്കുന്ന ‘’ മഴവിൽ മാമാങ്കത്തിന്റെ ടിക്കറ്റ് വിതരണോദ്ഘാടനം ലണ്ടനിലെ മലബാർ ജങ്ക്ഷൻ റെസ്റ്റോറന്റിൽ വച്ച് മുൻ മേയറും കൗൺസിലറുമായ ശ്രീ.ഫിലിപ്പ് എബ്രഹാം പ്രമുഖ മലയാളിയും മുൻ ഹൈകമ്മീഷൻ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ.ടി.ഹരിദാസിന് ആദ്യ ടിക്കറ്റ് നൽകി ഉദഘാടനം ചെയ്തു. മാർച്ച് ഒന്നിന് ലെസ്റ്ററിലും മൂന്നിന് ലണ്ടനിലും വച്ച് നടക്കുന്ന നൃത്ത സംഗീത മെഗാ ഷോയിൽ റിമാകല്ലുങ്കലിനെ കൂടാതെ നിരവധി പ്രശസ്ത കലാകാരന്മാരാണ് അണിനിരക്കുന്നത്.

പ്രശസ്ത സിനിമാതാരം റിമാ കല്ലിങ്കൽ നേതൃത്വം നൽകുന്ന മാമാങ്കം ഡാൻസ് സ്‌കൂൾ ആദ്യമായാണ് യുകെയുടെ മണ്ണിൽ ഇത്തരമൊരു നൃത്തവിസ്മയം ഒരുക്കുന്നത്. പ്രശസ്ത ഗായകനും നടനും യുവജനങ്ങളുടെ ഹരവുമായ സിദ്ധാർത്ഥ മേനോൻ, ഇന്ത്യൻ ഐഡൽ പ്രോഗ്രാമിലൂടെ മലയാള സിനിമ ലോകത്തേക്ക് കടന്നു വന്ന മികച്ച വയലിനിസ്റ്റും ഗായികയുമായ ലക്ഷ്മി ജയൻ, നാടൻ പാട്ടുകളുടെ രാജകുമാരി പ്രസീത, പ്രശസ്ത നാടൻ പാട്ടുകാരൻ മനോജ് തുടങ്ങിയവർ വേദിയിൽ സംഗീത വിസ്മയമൊരുക്കും,

കണ്ടമ്പററി ഡാൻസ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ നൃത്ത സംഘമാണ് റീമ കല്ലിങ്കൽ നയിക്കുന്ന "മാമാങ്കം". പ്രസ്തുത സ്കൂളിലെ നർത്തകീ നർത്തകരും വേദിയിൽ അണിനിരക്കും. പൂർണ്ണമായും സാമൂഹ്യസേവനം ലക്ഷ്യമാക്കി പാവപ്പെട്ടവർക്കും അർഹരായവർക്കും സഹായമെത്തിക്കാനായിട്ടാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കണ്ണുകൾക്ക് കൗതുകവും കാതുകൾക്ക് കുളിർമയേകുന്നതുമായ സ്വരമാധുര്യവുമായി പ്രശസ്ത ഗായികാ ഗായകൻമാരും ഒത്തുചേരുന്ന വർണ്ണ ശബളമായ സംഗീത നൃത്ത "മഴവിൽ മാമാങ്ക"ത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വേൾഡ് മലയാളി ഫെഡറേഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് റവ.ഡീക്കൻ ജോയിസ് പള്ളിയ്ക്കമ്യാലിൽ അറിയിച്ചു.

ടിക്കറ്റുകൾ വേൾഡ് മലയാളി ഫെഡറേഷന്റെ www.wmf-uk.org എന്ന വെബ് സൈറ്റിലും. shop.kushlosh.com എന്ന വെബ് സൈറ്റിലും ലഭ്യമാണ്.