Latest News

ബ്രിസ്‌കയ്ക്കു നവ നേതൃത്വം; 2019 ലെ പ്രധാന പരിപാടികളുടെ ലിസ്റ്റ് തയ്യാറായി

2019-02-09 02:20:43am | മനുവേല്‍ മാത്യു

ബ്രിസ്റ്റോൾ: ഒത്തൊരുമ കൊണ്ടും ജനപ്രാധിനിത്യം കൊണ്ടും ശ്രദ്ധേയമായ ബ്രിസ്ക എന്ന ചുരുക്കപ്പേരിൽ അറിയപ്പെടയുന്ന ബ്രിസ്റ്റോൾ കേരളൈറ്റ്സ് അസ്സോസിയേഷന് പുതിയ നേതൃത്വമായി . പ്രസിഡന്റ് മാനുവൽ മാത്യു വിന്റെ അധ്യക്ഷതയിൽ നടന്ന നിലവിലുള്ള കമ്മറ്റി യോഗത്തിനുശേഷമാണ് പുതിയ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടന്നത് . ബ്രിസ്‌റ്റോളിലെ വിവിധ പ്രാദേശിക അസ്സോസിയേഷനുകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവരും ,മറ്റു അസോസിയേഷനുകളിൽ അംഗത്വമില്ലാത്തവരുടെ പ്രതിനിധിയും ഉൾപ്പെടുന്ന 23 അംഗ കമ്മറ്റിയിൽ നിന്നും പ്രസിഡന്റായി ടോം ജേക്കബ് , ജനറൽ സെക്രട്ടറിയായി ഷാജി വർക്കി , ട്രഷററായി ജീവൻ തോമസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു . ബെന്നി കുടിലിൽ ( വൈസ് പ്രസിഡന്റ് ), സജി മാത്യു ( ജോയിന്റ് സെക്രട്ടറി ),തോംസൺ വർഗീസ് ( ജോയിന്റ് ട്രഷറർ ), സന്തോഷ് ജേക്കബ് പുത്തേട്ട് ,ജയ് ചെറിയാൻ ( ആർട്സ് സെക്രട്ടറിമാർ ), ജോർജ് തോമസ് ( റെജി മണിയാലിൽ ), ജോബിറ്റ് തോമസ് ( സ്പോർട്സ് സെക്രട്ടറിമാർ ) എന്നിവരാണ് മറ്റു ഭാരവാഹികൾ . മനോജ് മാത്യു കുറുമ്പനാടം , റോണി ജെ മാണി ,സുനിൽ തോമസ് , ബോബി സൈമൺ ,സാംസൺ സാമുവേൽ, പി.ഐ.ജോസഫ് ,ബിജു പപ്പാറിൽ,റെജി തോമസ് ,ജോസ് കാപ്പിൽ,രാജേഷ് നായർ എന്നിവരും ഉൾപ്പെടുന്നതാണ് പുതിയ കമ്മിറ്റി . തെരെഞ്ഞെടുപ്പുനുശേഷം പ്രസിഡന്റ് മാനുവൽ മാത്യു , ജനറൽ സെക്രട്ടറി പോൾസൺ മേനാച്ചേരി , ട്രെഷറർ ബിജു എബ്രഹാം , ആർട്സ് സെക്രട്ടറി സെബാസ്റ്റ്യൻ ലോനപ്പൻ, വെൽഫെയർ ഓഫീസർ ജോജി മാത്യു  എന്നിവർ ചേർന്ന് ബ്രിസ്ക ഫയലുകളും ആസ്തിവകകളും പുതിയ കമ്മറ്റിക്ക് ഔദ്യോഗികമായി കൈമാറി .

തുടർന്ന് ടോം ജേക്കബ് ന്റെ അധ്യക്ഷതയിൽ പുതിയ കമ്മറ്റിയുടെ പ്രഥമ യോഗം ചേർന്ന് 2019  വർഷത്തേക്കുള്ള ബ്രിസ്‌കയുടെ പ്രധാന പരിപാടികളുടെ ലിസ്റ്റ് തയ്യാറാക്കി . ബ്രിസ്ക അംഗങ്ങൾ സകാര്യാർത്ഥം അവധിയും മറ്റു ക്രമീകരണങ്ങളും നടത്തുന്നതിനായി പരിപാടികളുടെ നിശ്ചിത തിയ്യതികളും തീരുമാനിച്ചു . ഇതനുസരിച്ചു ആദ്യത്തെ പ്രധാന പരിപാടിയായ “ സർഗോത്സവം “ ഏപ്രിൽ 13 ശനിയാഴ്ച സൗത്തമേഡ് കമ്മ്യൂണിറ്റി സെന്ററിൽ നടക്കും. ബാഡ്മിന്റൺ ടൂർണമെന്റ് മെയ് 18 നു ഈസ്റ്റേൺ ലഷെർ സെന്ററിലും ഫാമിലി ബാർബിക്യൂവും സ്പോർട്സ് ഡേ ജൂലൈ  13 നു    സ്റ്റെപ്പിൽഹിൽ പേജ് പാർക്കിലും ആണ് ക്രമീകരിക്കുന്നത് . ഓണാഘോഷത്തിന്റെ തുടക്കമായുള്ള “ഓണം ഗെയിംസ് “ ഓഗസ്റ്റ് 31 നാണു .അന്നേദിവസം  സൗത്തമേട് കമ്മ്യൂണിറ്റി സെന്ററിൽ   നാടൻ കളികൾ ഉൾപെടെടുന്ന  വിവിധ തരം മത്സരങ്ങൾ അരങ്ങേറും . ബ്രിസ്റ്റോൾ മലയാളികൾക്ക് അത്യുത്സാഹമേവുന്ന ഓണം സദ്യയും കലാപരിപാടികളും സെപ്റ്റംബർ 21 ശനിയാഴ്ച ഗ്രീൻവേ സെന്ററിൽ രാവിലെ 11 മണി മുതൽ വൈകിട്ട് 9 വരെയാണ് .

ഒരു പുതിയതുടക്കമെന്ന നിലയിൽ മുൻവർഷങ്ങളിലെ പരിപാടികൾക്കുപരിയായി ഈ വർഷം ബ്രിസ്‌റ്റോളിലെ വിവിധ സ്ഥലങ്ങളിൽ “ കുടുംബ വിനോദ സായാഹ്നങ്ങൾ “ സംഘടിപ്പിക്കും . വളരെ ലളിതവും എന്നാൽ പ്രയോജനപ്രദവുമായ പ്രസ്തുത പ്രോഗ്രറമ്മിന്റെ ആരംഭം കുറിക്കുന്നത് ഫിഷ്പോണ്ടിലും , സൗത്തമേഡ് ലുമാണ് . മാർച്ച് 9 നു ഫിഷ്പോൻഡ്‌സ് സെന്റ് ജോസഫ്’സ് ഹാളിലും മെയ് 4 നു സൗത്തമേട് കമ്മ്യൂണിറ്റി സെന്ററിലും നടക്കുന്ന പ്രസ്തുത കുടുംബവിനോദ സായാഹ്നങ്ങൾ ഏവർക്കും നവ്യാനുഭവമേകുമെന്നു കമ്മറ്റി പ്രതീക്ഷിക്കുന്നു .