Latest News

കലാകേരളം ഗ്ലാസ്ഗോയുടെ 2019ലെ ഓണാഘോഷാരവങ്ങളുടെ ആർപ്പുവിളികളുയർന്നു

2019-08-25 04:06:40am | ജിമ്മി ജോസഫ്‌

കഴിഞ്ഞ വർഷം കേരളത്തിലെ മഹാപ്രളയത്തിൽ പെട്ടവർക്ക് ആശ്വാസ- സ്വന്തനമാകുവാനായി ഓണാഘോഷങ്ങൾ മാറ്റി വച്ച് കേരളത്തിലെ 33 ക്യാമ്പുകളിലായി ഏകദേശം 4 ലക്ഷത്തോളം രൂപയുടെ സഹായമെത്തിക്കുകയും, ഭാഗികമായി തകർന്ന 2 വീടുകൾ പുനരധിവാസ യോഗ്യമാക്കുകയും കൂടാതെ തൃശ്ശൂർ ജില്ലയിലെ വീടു നഷ്ടപ്പെട്ട ഔസേപ്പ് അന്ന ദമ്പതികൾക്കായി  പണി കഴിപ്പിച്ച വീടിന്റ താക്കോൽദാനം  ജൂലൈ മാസം 23 ന്  നിർവ്വഹിച്ചതിനു ശേഷം തികഞ്ഞ ചാരിതാർത്ഥ്യത്തോടെയാണ് കലാകേരളം 2019ലെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത് .

ആഗസ്റ്റ് 12 ന് നടന്ന അത്യന്തം വാശിയേറിയ കായിക മത്സരത്തിൽ കലാകേരളം   സ്ട്രൈക്കേഴ്സും, ടസ്ക്കേഴ്സും മിന്നും പ്രകടനങ്ങളാണ് നടത്തിയത്.പതിവു മത്സര ഇനങ്ങളോടൊപ്പം നടത്തിയ കുഴിപ്പന്തും, തവള ചാട്ടവും, സ്പൂൺ റേസും, ചാക്കിലോട്ടവുമെല്ലാം ഗതകാല സ്മരണകൾക്കൊപ്പം മത്സരങ്ങൾക്ക് കൂടുതൽ  വീറും വാശിയുമേകി.മത്സരങ്ങളിൽ വിജയികളായവർക്ക് തദവസരത്തിൽ സമ്മാനദാനവും നല്കി.

ആഗസ്റ്റ് 13 ന് നടന്ന അത്യന്തം വീറും വാശിയുമേറിയ ,ജയ പരാജയങ്ങൾ മാറി മറിഞ്ഞ, ആവേശോജ്ജലമായ ക്രിക്കറ്റ് മത്സരത്തിൽ  സ്കോട്ലാൻഡിലെ പ്രമുഖ ക്രിക്കറ്റ് ടീമായ കേരള സ്ട്രൈക്കേർസ് ഗ്ലാസ് ഗോ, കലാകേരളം ഗ്ലാസ്ഗോയെ അവസാന പന്തിൽ കീഴടക്കി കൊണ്ട് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു.

 സെപ്റ്റംബർ 1, 2 തീയ്യതികളിലായി കുട്ടികളുടെയും, മുതിർന്നവരുടെയും ബാഡ്മിൻറൺ, ഫുട്ബോൾ മത്സരങ്ങളും, 14 ന് വടംവലി മത്സരവും നടത്തപ്പെടും.

സെപ്റ്റംബർ 14 ന് ഗ്ലാസ് ഗോയിലെ കോട്ട് ബ്രിഡ്ജിലുള്ള സെന്റ് മേരീസ് പള്ളി ഹാളിൽ വച്ചാണ് തിരുവോണാഘോഷങ്ങളുടെ കലാശക്കൊട്ട്. പതിവുപോലെ തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഓണാഘോഷ പരിപാടികളിലേയ്ക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം.

സമത്വവും , സാഹോദര്യവും, സൗഹാർദ്ദവും, മനുഷ്യത്വമുമാണ് ഈ ലോകജീവിതത്തിലെ ഏറ്റവും വിലയേറിയ അമൂല്യമുത്തുകളെന്ന് മാലോകരെ പഠിപ്പിച്ച ഒരു രാജാവിന്റെ ആഗമനത്തിനൊരിക്കൽ കൂടി ഒരുങ്ങുമ്പോൾ എറണാകുളം ജില്ലയിലെ വെട്ടിക്കുഴിയിലുള്ള സ്മൈൽ വില്ലേജിലെ 150 ൽ പരം അന്തേവാസികൾക്കായുള്ള ഓണസദ്യ നല്കിയതിനു ശേഷമായിരിക്കും സെപ്റ്റംബർ 14 ന് കലാകേരളത്തിന്റെ അംഗങ്ങൾ തൂശനിലയ്ക്ക് ചുറ്റുമൊത്തുകൂടുക.

"ഓണമേ വന്നാലും ഞങ്ങൾ തൻ
പ്രാണനിൽ കടന്നീ കൊച്ചു മൺകുടിലിൽ
പോയ കാലത്തിൻവെട്ട മിത്തിരി കെടാതെ സൂക്ഷിച്ചിരിപ്പൂ ഞങ്ങൾ ഓണ വില്ലുകൊട്ടിയാ നല്ല നാളുകൾ തൻ ശീലുകളുണർത്താമീ കലാകേരളത്തിനായ് " .

  കർക്കിടക രാവിന്റെ കറുത്ത മേഘങ്ങൾ മാറിയാൽ ശ്രാവണപൗർണ്ണമിയുടെ പൊൻകിരണം വരവായി .
ഉത്രാടം പുലരുമ്പോൾ ഉള്ളിൽ കൊതിയോടെ ഉണരുന്ന ആ കൊച്ചുബാല്യത്തിന്റെ നിർമ്മലതയിലേക്ക് നമുക്കൊരിക്കൽ കൂടി തിരിച്ചു പോകാം.
കള്ളവും, ചതിയും, പൊളിവചനങ്ങളുമില്ലാതെ, ഒത്തൊരുമയോടെ സമൃദ്ധിയുടെയും, സാഹോദര്യത്തിന്റെയും ആ നല്ല നാളുകളിലേയ്ക്ക് ഓർമ്മകളുടെ വാതായനങ്ങൾ തുറക്കാം .
ഓലനും ,കാളനും പിന്നെ പ്രഥമനും കൂട്ടി ഒരുമിച്ചുണ്ണാൻ ഒരു തൂശനിലക്കു ചുറ്റുമായ് ഒന്നിച്ചു കൂടാം. ഇന്നലെകളെ വിസ്മരിക്കാത്ത, സൗഹൃദത്തിനും, സാഹോദര്യത്തിനും വില കൽപ്പിക്കുന്ന ഒരു കൊച്ചു സമൂഹത്തിന്റെ ആഘോഷ നിറവിലേക്ക്‌ ഏവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം .

സ്ഥലം:
St: Marys church Hall
Hozier street
coatbridge
ML5  4DB
സമയം:
10:00 am -4 :00 pm