ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ വി. മുരളീധരന് ലണ്ടൻ ഹൈക്കമ്മീഷണനിൽ സ്വീകരണം...

2019-12-23 09:08:23am |

ലണ്ടൻ:- നിലവിലെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് സഹമന്ത്രിയും, ഭാരതീയ ജനതാ പാർട്ടി കേരള ഘടകത്തിന്റെ മുൻ പ്രസിഡന്റും, മലയാളിയും ആയ ശ്രീ വി. മുരളീധരന് ഡിസംബർ 18 വ്യാഴാഴ്ച വൈകീട്ട് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ വക ഗംഭീര സ്വീകരണമൊരുക്കി.

സിഖ് മതാചാര്യനായ ശ്രീ ഗുരു നാനാക് ദേവ്ജിയുടെ 550-ആം ജന്മ വാർഷിക ആഘോഷങ്ങളിൽ സംബന്ധിക്കാനായി ഇന്ത്യൻ ഗവൺമെന്റ്  പ്രതിനിധിയായി യുകെയിൽ എത്തിച്ചേർന്ന കേന്ദ്രമന്ത്രിയെ ആദരിക്കാനായി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശ്രീമതി. രുചി ഗനശ്യാം ആണ് നെഹ്‌റു സെന്ററിൽ സ്വീകരണമൊരുക്കിയത്. ചടങ്ങിൽ ശ്രീമതി രുചി ഗനശ്യാം, ലോർഡ് രമീന്ദാർ സിംഗ് റേഞ്ചർ എന്നിവർക്ക് പുറമെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട ഇന്ത്യൻ വംശജർ പങ്കെടുക്കുകയുണ്ടായി.

ഇന്ത്യയുടെ മഹത്തായ പൈതൃകവും, നൂറ്റാണ്ടുകളെ അതിജീവിച്ച സംസ്കാരവും തന്റെ പ്രസംഗത്തിൽ ഉയർത്തിക്കാട്ടിയ കേന്ദ്ര മന്ത്രി ശ്രീ. മുരളീധരൻ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മറ്റു ലോക രാജ്യങ്ങൾ ബഹുമാനിക്കാൻ തുടങ്ങിയിരിക്കുന്നത് ശുഭോതർക്കമാണെന്നു സൂചിപ്പിച്ചു. നമ്മുടെ അയൽ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മാറി മാറി ഭരിക്കുന്ന രാഷ്ട്രീയ മുന്നണികൾ എന്നും ഇന്ത്യക്കു സുശക്തമായ സർക്കാരുകളെയാണ് നൽകിയിട്ടുള്ളത്. ബ്രിട്ടനിലും ഇന്ത്യയിലും പിന്തുടരുന്ന ജനാധിപത്യത്തിന്റെ ശക്തിയാണ് ഇത് എടുത്തുകാണിക്കുന്നതെന്നു ശ്രീ. മുരളീധരൻ അഭിപ്രായപ്പെട്ടു.

ക്ഷണം ലഭിച്ചതനുസരിച്ച് സ്വീകരണ ചടങ്ങിൽ സംബന്ധിച്ച യുക്മ നാഷണൽ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മയുടെ ലണ്ടൻ ഓർഗനൈസർ എബ്രഹാം ജോസ് പൊന്നുംപുരയിടം, യുക്മ ന്യൂസ് എഡിറ്റർ സുരേന്ദ്രൻ ആരക്കോട്ട് എന്നിവർ കേന്ദ്ര മന്ത്രി ശ്രീ. വി. മുരളീധരനുമായി നേരിട്ട് സംസാരിക്കുകയും യുകെയിലെ മലയാളികളെയാകെ ഒറ്റക്കുടക്കീഴിൽ അണിനിരത്തുന്ന യുക്മ എന്ന സംഘടന നടത്തുന്ന സാമൂഹിക – സാംസ്കാരിക പരിപാടികളെക്കുറിച്ചും ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ചും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, സംഘടനയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ഹൈക്കമ്മീഷന്റെ എല്ലാ സഹായവും ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതാണെന്നു ഉറപ്പു നൽകി.