ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷന്റെ ക്രിസ്തുമസ്‌-ന്യൂഈയർ ആഘോഷം ഡിസംബർ 28ന് ; മുഖ്യ അതിഥി യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർപിള്ള ; കലാവിരുന്നിന് ശോഭയേകുവാൻ യുക്മ ദേശീയ കലാപ്രതിഭ ടോണി അലോഷ്യസും എത്തുന്നു. ഏവർക്കും സ്വാഗതം

2019-12-23 09:28:06am |

ലണ്ടൻ: ഗിൽഫോർഡ് അയൽക്കൂട്ടം കൾച്ചറൽ അസ്സോസിയേഷന്റെ ക്രിസ്മസ്-ന്യൂഇയർ ആഘോഷം ഡിസംബർ 28 ശനിയാഴ്ച്ച വിപുലമായ പരിപാടികളോടെ നടത്തുന്നു. ഫെയർലാൻഡ്സ് കമ്മ്യൂണിറ്റി സെന്ററിൽ സംഘടിപ്പിക്കുന്ന ആഘോഷപരിപാടികളിൽ യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാർ പിള്ളയും
ഗിൽഫോർഡ് മേയർ കൗൺസിലർ റിച്ചാർഡ് ബില്ലിംഗ്ടനും മുഖ്യഅതിഥികളായി പങ്കെടുക്കും. കലാവിരുന്നിന് ശോഭയേകുവാനായി യുക്മ ദേശീയ കലാപ്രതിഭ ടോണി അലോഷ്യസും പങ്കെടുക്കുന്നു.

ജി എ സി എ യുടെ കുരുന്നു പ്രതിഭകളും യുവ പ്രതിഭകളും ചേർന്ന് അവതരിപ്പിക്കുന്ന നവ്യാനുഭവം സമ്മാനിക്കുന്ന നേറ്റിവിറ്റി ഷോയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കുന്നത് . തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ജി എ സി എ പ്രസിഡണ്ട് ശ്രീ നിക്സൺ ആന്റണി അധ്യക്ഷത വഹിക്കും. യുക്മ ദേശീയ പ്രസിഡണ്ട് മനോജ് കുമാർ പിള്ള ക്രിസ്മസ് ന്യൂ ഇയർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കും. ഗിൽഫോർഡിൽ പ്രവർത്തിച്ചിരുന്ന അയൽക്കൂട്ടം എന്ന കൂട്ടായ്മ പുനഃസംഘടിപ്പിച്ച് രൂപീകൃതമായ അയൽക്കൂട്ടം കൾച്ചറൽ അസോസിയേഷന്റെ ഔദ്യോഗികമായ ഉദ്ഘാടനവും ബഹു: ഗിൽഫോർഡ് മേയർ കൗൺസിലർ റിച്ചാർഡ് ബില്ലിംഗ് ടൺ നിർവഹിക്കുന്നതുമാണ് .

സ്വാദിഷ്ടമായ വിഭവങ്ങൾ അടങ്ങിയ ക്രിസ്മസ് ലഞ്ചിന് ശേഷം വൈവിധ്യമാർന്ന പരിപാടികളാണ് കൾച്ചറൽ കോർഡിനേറ്റർസ് ആയ മോളി ക്ളീറ്റ്‌സും ഫാൻസി നിക്‌സനും ചേർന്ന് ക്രമീകരിച്ചിരിക്കുന്നത് . ജി എ സി എ യുടെ കലാകാരന്മാരും കലാകാരികളും ചേർന്ന് അവതരിപ്പിക്കുന്ന പുതുമയാർന്ന കലാപരിപാടികളോടൊപ്പം ഇക്കഴിഞ്ഞ യുക്മ നാഷണൽ കലാമേളയിൽ പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും ഒന്നാം സമ്മാനം കരസ്ഥമാക്കി യുക്മ ദേശീയ കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ട ടോണി അലോഷ്യസ് ആരെയും വിസ്മയിപ്പിക്കുന്ന മാസ്മരിക കലാപ്രകടനങ്ങളുമായി ആഘോഷപരിപാടികളെ വർണ്ണാഭമാക്കുവാനായി എത്തുന്നു. ടോണിയുടെ സഹോദരിയും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലോൽത്സവത്തിൽ രണ്ടുതവണ കലാതിലകവും, പ്രശസ്ത ഗായകരായ ശ്രീ ജി വേണുഗോപാൽ, ശ്രീ സ്റ്റീഫൻ ദേവസി എന്നിവരോടൊപ്പം ഗാനങ്ങളും ആലപിച്ചിട്ടുള്ള യുകെയിലെ അറിയപ്പെടുന്ന ഗായികയും നർത്തകിയുമായ ആനി അലോഷ്യസും ജി എ സി എ യുടെ ആഘോഷപരിപാടികളെ സംഗീത സാന്ദ്രമാക്കുവാനായി പങ്കെടുക്കുന്നു.

എല്ലാവർക്കും പുതുമയാർന്നതും ഹൃദ്യവുമായ കലാ വിരുന്ന് സമ്മാനിക്കുന്ന ജി എ സി എ യുടെ ക്രിസ്മസ് ന്യുഇയർ ആഘോഷ പരിപാടിയിൽ സഹൃദയരായ മുഴുവൻ ആളുകളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡണ്ട് നിക്സൺ ആന്റണി, സെക്രട്ടറി സനു ബേബി ട്രഷറർ ഷിജു മത്തായി എന്നിവർ അഭ്യർത്ഥിച്ചു.

സ്ഥലത്തിന്റെ വിലാസം:
FAIRLANDS COMMUNITY CENTRE, GUILDFORD, GU3 3NA

TIME: 12pm- 5pm