Latest News

വിവാഹം കഴിക്കാൻ വേണ്ടിയല്ല ക്രിസ്തുമതം സ്വീകരിച്ചത്’– മതംമാറിയതിനു പിന്നിലെ യഥാർഥ കാരണം മാതു വെളിപ്പെടുത്തുന്നു

2017-06-06 03:31:45am |

ക്രിസ്ത്യാനിയായ ഡോ. ജേക്കബിനെ വിവാഹം കഴിച്ച് അമേരിക്കയില്‍ സെറ്റിൽ ചെയ്ത മാതു മതംമാറിയെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. പക്ഷേ, മതം മാറിയതിനു പിന്നിലെ യഥാർഥകാരണം അതല്ലെന്ന് ‘വനിത’യോടു മാതു തുറന്നുപറഞ്ഞു. ‘‘അമര’ത്തിൽ അഭിനയിക്കുന്ന കാലത്തേ ഞാൻ ക്രിസ്തുമതത്തിൽ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നിൽ എന്റെ മനസ്സിനെ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി വളരെ നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിനു തയാറായി ഇരിക്കുമ്പോഴാണ് എനിക്കു വച്ചിരുന്ന റോളിൽ മോനിഷ അഭിനയിച്ചു തുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാൻ. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നിൽ ഞാൻ കരഞ്ഞുപ്രാർഥിച്ചു.

വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോൺകോളെത്തി, ‘അമര’ത്തിൽ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളിൽ അഭിനയിക്കാൻ താത്പര്യമില്ല എന്നു പറഞ്ഞ് ഞാൻ ഫോൺ കട്ടുചെയ്തു. വീണ്ടും വിളിച്ചപ്പോൾ അമ്മയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോൾ വലിയ സന്തോഷമായി. അന്നുമുതൽ ഞാൻ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂർണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റിൽ കാർഡിൽ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. വിവാഹം ചെയ്തത് ക്രിസ്ത്യനെ ആണ്. മക്കളെയും ആ വിശ്വാസപ്രകാരം വളർത്തുന്നു. മുടങ്ങാതെ പള്ളിയിൽ പോകും. പ്രാർഥനയാണ് എന്നെ തുണയ്ക്കുന്നത്, അതാണ് എന്റെ ശക്തിയും.’’