Latest News

"നീ കണ്ടോടാ, ഇൗ സിനിമ ഞാന്‍ മറ്റവനെക്കൊണ്ട് ചെയ്യിക്കും, പിന്നെ നിന്റെ അവസാനമായിരിക്കും" മമ്മൂട്ടിയോട് സംവിധായകന്‍ പറഞ്ഞത്, ആ മറ്റവന്‍ ആരാണ്?

2017-06-11 03:54:28am | രമേഷ്‌ പുതിയമഠം

മമ്മൂട്ടിയും മോഹന്‍ലാലും. ഇതിഹാസസമാനമായ രണ്ട് അഭിനയപ്രതിഭകള്‍. അവരുടെ ജീവിതം മാറ്റിമറിച്ച ചില അനുഭവങ്ങള്‍ ക്യാമറയ്ക്ക് പിന്നിലുണ്ട്. 'രാജാവിന്റെ മകന്‍ ' മോഹന്‍ലാലിന് സൂപ്പര്‍താരപദവി നേടിക്കൊടുത്തപ്പോള്‍ 'ന്യൂഡല്‍ഹി' മമ്മൂട്ടിയെ വന്‍പതനത്തില്‍ നിന്ന് രക്ഷിച്ച് മെഗാസ്റ്റാറാക്കി. രണ്ടു റിക്കാര്‍ഡ് ഹിറ്റ് സിനിമകള്‍ക്കു പിറകിലെ അറിയാക്കഥകള്‍ വെളിപ്പെടുത്തുന്നു തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്.

ഞാന്‍ തിരക്കഥയെഴുതിയ മൂന്നാമത്തെ സിനിമയായിരുന്നു 'ശ്യാമ'. ജോഷി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം. 'ശ്യാമ'യുടെ എഡിറ്റിംഗും മിക്‌സിംഗും റെക്കോഡിംഗും മദ്രാസില്‍ നടക്കുന്ന സമയത്ത് ജോഷിക്കൊപ്പം ഫുള്‍ടൈം ഞാനുമുണ്ടായിരുന്നു. ജോഷിയുമായി എന്റെ ആദ്യ ചിത്രമായ 'നിറക്കൂട്ട്' മുതലുള്ള ബന്ധമാണ്. അക്കാലത്ത് ജോഷിയെക്കാണാന്‍ സ്ഥിരമായി ഒരു സുഹൃത്ത് വരാറുണ്ട്.
തമ്പി കണ്ണന്താനം. ഒരുമിച്ച് ഒരേ കാലഘട്ടത്തില്‍ അസിസ്റ്റന്റ് ഡയറക്‌ടേഴ്‌സായി വന്നവരാണ് ഇരുവരും. തമ്പി, ശശികുമാര്‍ സാറിനും ജോഷി ക്രോസ്‌ബെല്‍റ്റ് മണിക്കുമൊപ്പം. ഒരു വര്‍ഷം പതിനഞ്ച് സിനിമകള്‍ വരെ സംവിധാനം ചെയ്യുന്ന കാലത്താണ് ശശികുമാര്‍ സാറിനൊപ്പം തമ്പി പ്രവര്‍ത്തിച്ചത്. പിന്നീട് ജോഷി സ്വതന്ത്രനായപ്പോള്‍ തമ്പിയെ അസോസിയേറ്റായി ഒപ്പം കൂട്ടി.

കാലമേറെക്കഴിഞ്ഞില്ല, തമ്പിയും സ്വന്തം പടം ചെയ്തു. തമ്പിയുടെ 'ആ നേരം അല്‍പ്പദൂരം' എന്ന സിനിമയുടെ അണിയറപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ഇതേ കാലത്താണ്. മമ്മൂട്ടി നായകനായ െ്രെകംത്രില്ലറാണത്. 'ശ്യാമ'യ്ക്കു മുമ്പുതന്നെ 'ആ നേരം അല്‍പ്പദൂരം' റിലീസ് ചെയ്തു.
സിനിമ സാമ്പത്തികമായി പരാജയപ്പെട്ടു. ഒരു സിനിമ പൊളിഞ്ഞാല്‍ അടുത്ത സിനിമ കിട്ടുക പ്രയാസമാണ്. എന്നാല്‍ എന്റെ സിനിമകള്‍ വിജയിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഒരിക്കല്‍ ജോഷി എന്നോടു പറഞ്ഞു.

''എന്റെ അടുത്ത സുഹൃത്താണ് തമ്പി. ഡെന്നീസ് അവന് ഒരു സ്‌ക്രിപ്റ്റ് എഴുതിക്കൊടുക്കണം.''
ഞാനന്ന് എറണാകുളം എസ്.ആര്‍.എം റോഡിലെ പ്രിന്റിംഗ് പ്രസ്സിന് പിറകിലെ മുറിയിലാണ് താമസം. ജോഷി പറഞ്ഞതനുസരിച്ച് ഒരുനാള്‍ തമ്പി എന്നെക്കാണാന്‍ വന്നു. ഒന്നു രണ്ടു കഥകള്‍ തമ്പിയോട് പറഞ്ഞെങ്കിലും അതൊന്നും ഇഷ്ടപ്പെട്ടില്ല.ഒടുവിലാണ് ഒരു അധോലോക നായകന്റെ കഥ പറയുന്നത്. അത് പറഞ്ഞുതീരുന്നതിനു മുമ്പുതന്നെ തമ്പി ഓകെ പറഞ്ഞു. സോമന്‍സുകുമാരന്‍ കാലഘട്ടം കഴിഞ്ഞ് മമ്മൂട്ടി താരമായി വരുന്ന സമയമാണത്. മമ്മൂട്ടിയുടെ എല്ലാ സിനിമകളും വിജയിക്കുന്നു. എല്ലാംകൊണ്ടും നമ്പര്‍ വണ്‍.

സൂപ്പര്‍താരമായിട്ടില്ലെങ്കിലും മാര്‍ക്കറ്റ് മമ്മൂട്ടിക്കാണ്. മോഹന്‍ലാലാവട്ടെ രണ്ടാമതും. അതുകൊണ്ടുതന്നെ മമ്മൂട്ടിയെ മുന്നില്‍ക്കണ്ടാണ് 'രാജാവിന്റെ മകന്‍' എന്ന സിനിമയുടെ എഴുത്ത് ആരംഭിക്കുന്നത്. സ്വന്തം സ്ഥലവും കാറും വിറ്റ് ആ സിനിമ നിര്‍മ്മിക്കാന്‍ തമ്പിയും തയ്യാറായി. ഷാരോണ്‍ പിക്‌ചേഴ്‌സ് എന്ന കമ്പനിയുണ്ടാക്കി. തമ്പിക്ക് മമ്മൂട്ടിയോടും ലാലിനോടും വ്യക്തിപരമായ അടുപ്പമുണ്ട്. ഒരു ദിവസം ഞാനും തമ്പിയും മമ്മൂട്ടിയോട് കഥ പറഞ്ഞു. സംവിധായകന്‍ തമ്പിയാണെന്ന് പറഞ്ഞപ്പോള്‍ ഡേറ്റ് തരില്ലെന്ന് മമ്മൂട്ടി തുറന്നടിച്ചു. തുടര്‍ച്ചയായി നാലഞ്ച് പടങ്ങള്‍ പരാജയപ്പെട്ട ഡയറക്ടര്‍ എത്ര വലിയ സുഹൃത്താണെന്നു പറഞ്ഞാലും അയാളെവച്ച് പടം ചെയ്യാന്‍ അന്നും ഇന്നും മമ്മൂട്ടി ഒരുക്കമല്ല. മമ്മൂട്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അയാള്‍ സ്വന്തം കരിയറാണ് നോക്കിയത്. നിര്‍മ്മാതാവ് കൂടിയായ തമ്പിക്ക് ഇത് വലിയൊരു ഷോക്കായി. എന്റെ മുമ്പില്‍വച്ചുതന്നെ തമ്പി മമ്മൂട്ടിയോട് ചൂടായി. ''നീ കണ്ടോടാ, ഇതു ഞാന്‍ മറ്റവനെക്കൊണ്ട് ചെയ്യിക്കും. പടം റിലീസ് ചെയ്യുന്ന ദിവസം നിന്റെ സ്റ്റാര്‍ഡത്തിന്റെ അവസാനമായിരിക്കും. രാജാവിന്റെ മകന്‍ ഇറങ്ങിയാല്‍ നീയൊരിക്കലും അവന്റെ മുകളിലായിരിക്കില്ല.'' ദേഷ്യത്തോടെ തമ്പി മുറി വിട്ട് പുറത്തിറങ്ങി. തമ്പിയുടെ ദേഷ്യം മമ്മൂട്ടി അത്ര മുഖവിലയ്‌ക്കെടുത്തില്ല. വിഷമം കൊണ്ട് പറഞ്ഞതായിരിക്കും എന്നു കരുതി ചിരിച്ചുതള്ളി. തമ്പി പോയപ്പോള്‍ മമ്മൂട്ടി പറഞ്ഞു.
''ഡെന്നീസിന്റെ സ്‌ക്രിപ്റ്റ് എനിക്ക് ഇഷ്ടമായി. പക്ഷേ തമ്പിയോട് സഹകരിക്കാന്‍ താല്‍പ്പര്യമില്ല.''
എന്റെ സിനിമകള്‍ ഓടുന്നതുകൊണ്ടാണ് മമ്മൂട്ടി അങ്ങനെ പറഞ്ഞത്.

('രാജാവിന്റെ മകന്‍' സിനിമയുടെ പിന്നാമ്പുറം- ഡെന്നീസിന്റെ അഭിമുഖം)