Latest News

ഭര്‍ത്താവ് മരിച്ചു, വീട്ടില്‍ വരെ വരണം: ആവര്‍ത്തിച്ച് വിളിച്ച സ്ത്രീയുടെ വീട്ടില്‍ എത്തിയ എം എല്‍ എ മുകേഷ് കണ്ടത്

2017-06-13 03:35:13am |

പ്രത്യേക നിയമസഭാ സമ്മേളനം കഴിഞ്ഞു കൊല്ലത്തേയ്ക്കു പോകുമ്പോഴായിരുന്നു എം എല്‍ എ മുകേഷിന് ഒരു സ്ത്രീയുടെ ഫോണ്‍ കോള്‍ വന്നത്. തന്റെ ഭര്‍ത്താവ് മരിച്ചു എന്നും അടിയന്തരമായി എം എല്‍ എ എത്തണം എന്നുമായിരുന്നു ആവശ്യം. എം എല്‍ എ ആയതുകൊണ്ട് വരില്ലെന്നും പറയാന്‍ കഴിയില്ല. യാത്രക്കിടയില്‍ രണ്ടു മൂന്നു തവണ ആ സ്ത്രീ വിളിച്ചു. ശവസംസ്‌കാര ചടങ്ങിനു വരണം എന്നും ആവശ്യപെട്ടു. ഇടയ്ക്ക് ഒരു സിനിമയുടെ ഷൂട്ടിന് എത്തേണ്ടതും ഉണ്ട്. എത്താമെന്നു സംവിധായകനു വാക്കു കൊടുത്തിരുന്നു. അതുകൊണ്ട് ഷൂട്ടിങ്ങിനു പോയിട്ട് അടുത്ത ദിവസം മരണവീട്ടില്‍ പോകാമെന്ന് തിരുമാനിച്ചു. ഇതിനിടയില്‍ മരിച്ചയാളുടെ വിവരം തിരക്കി. ഒരു അസുഖവും ഇല്ലാതിരുന്നയാള്‍ പെട്ടെന്നു മരിക്കുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.

ആ സ്ത്രീ വീണ്ടും വിളിച്ചപ്പോള്‍ മുകേഷ് ആശ്വാസവാക്കുകള്‍ പറഞ്ഞു. പക്ഷേ വീട്ടില്‍ വരണമെന്ന് അവര്‍ എം എല്‍ എയെ നിര്‍ബന്ധിച്ചു. ഒടുവില്‍ അവരുടെ വീട്ടില്‍ പോകാന്‍ തന്നെ തീരുമാനിച്ചു. മെയിന്‍ റോഡ് കഴിഞ്ഞു വളഞ്ഞും തിരിഞ്ഞും വണ്ടി മുന്നോട്ടു നീങ്ങി. മരണവീടിനു തൊട്ടടുത്തുള്ള ചെറിയ ജംഗ്ഷനില്‍ മരിച്ചയാളുടെ വിവരങ്ങളടങ്ങിയ ഫ്‌ളക്‌സ് കണ്ട് എം എല്‍ എ വണ്ടി നിര്‍ത്താന്‍ ആവശ്യപെട്ടു. ഫോട്ടോയും പേരും കണ്ട് എം എല്‍ എ ഞെട്ടിയത്രെ. നൂറുവയസുണ്ടായിരുന്നു മരിച്ചയാള്‍ക്ക്. 100 വയസുവരെ ജീവിച്ചിരുന്നതു ഭാഗ്യം എന്ന് പറഞ്ഞ് സ്ത്രീയെ ആശ്വസിപ്പിച്ച് എം എല്‍ എ തിരിച്ചു പോന്നു. സിനിമ നടന്‍ എം എല്‍ എ ആയതുകൊണ്ടാകാം അവര്‍ തന്നെ വിളിച്ചതെന്നു താരം പറയുന്നു.