Latest News

സോഷ്യൽ മീഡിയ പറയുന്നു, ഐ.വി. ശശിയും സീമയും വേർപിരിയുന്നു! സത്യാവസ്ഥ ഇതാണ്

2017-06-22 03:15:47am |

താരദമ്പതിമാരെ അവർ പോലും അറിയാതെ വിവാഹമോചിതരാക്കുന്ന സോഷ്യൽ മീഡിയയുടെ ഏറ്റവും പുതിയ ഇര ഐ.വി.ശശി – സീമ ദമ്പതികൾ. ഇരുവരും 37 വർഷത്തെ ദാമ്പത്യത്തിന് വിരാമമിട്ട് വേർപിരിയുകയാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതുസംബന്ധിച്ച് സത്യാവസ്ഥ അറിയാൻ വനിത ഓൺലൈൻ ഐ.വി. ശശിയുടെ നമ്പരിൽ ബന്ധപ്പെട്ടു. ഫോൺ എടുത്തത് ഭാര്യ സീമ. സംഗതി പറഞ്ഞപ്പോൾ സീമ പൊട്ടിച്ചിരിച്ചു കൊണ്ട് ഫോൺ ഭർത്താവിന് നൽകി.

ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് വേറേ പണിയൊന്നുമില്ലേ എന്നായിരുന്നു ഐ.വി. ശശിയുടെ പ്രതികരണം. എന്തൊരു വിഡ്ഢിത്തമാണിത്. ഇത്രയും വർഷമായി ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നു. ഇനിയാണ് വിവാഹമോചനം. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടതെന്നു അദ്ദേഹം ‘വനിത ഓൺലൈനോ’ട് പറഞ്ഞു. നീണ്ട എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം മൂന്നു ഭാഷകളിൽ നിർമിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐ.വി.ശശി. ബേർണിംങ് ബെൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ കാസ്റ്റിങ് പൂർത്തിയായി വരുന്നതേയുള്ളൂ.

ഏറ്റവും ഒടുവിലായി നടി കനിഹയാണ് സോഷ്യൽ മീഡിയയുടെ ‘ഡിവോഴ്സിന്’ ഇരയായത്. ഐ.വി. ശശിയുടെ വിവാഹ മോചന വാർത്ത പോലെ മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ഓൺലൈൻ പോർട്ടലുകൾ അന്നും അതു വാർത്തയാക്കിയിരുന്നു. ‘വനിത’യിലൂടെയാണ് കനിഹ ഈ വാർത്തയുടെ സത്യാവസ്ഥ ആരാധകരെ അറിയിച്ചത്.

ഐ.വി.ശശി– സീമ ദമ്പതികളുടെ വിവാഹമോചന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ചുവടെ:

 

സിനിമ താരങ്ങളുടെ വിവാഹ മോചനം ഇപ്പോള്‍ സാധാരണമായ വാര്‍ത്തയാണ്. പ്രണയ വിവാഹിതരായി വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിഞ്ഞ് പ്രിയദര്‍ശനും ലിസിയും, ദിലീപും മഞ്ജുവുമൊക്കെ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു താര ദമ്പതികള്‍ കൂടി വേര്‍പിരിയുന്നതായാണ് സൂചന. മലയാള സിനിമയിലെ പ്രീയ സംവിധായകന്‍ ഐവി ശശിയും നടി സീമയും വിവാഹ മോചിതരാകുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

1980ല്‍ ആണ് ഇരുവരും വിവാഹിതരായത്. ശശി സംവിധാനം ചെയ്ത അവരുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ 16-ാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച സീമ, പിന്നീട് ശശിയുടെ 30 ചിത്രങ്ങളില്‍ നായികയായി. ഇതിനിടെ ഇരുവരും പ്രണയത്തിലായി. അനു, അനി എന്നീ രണ്ടു മക്കളുണ്ട് താര ദമ്പതികള്‍ക്ക്. വിവാഹമോചനത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്ത എത്രത്തോളം സത്യമാണെന്നും വ്യക്തമല്ല.