Latest News

പാര്‍ട്ടി വിളിച്ചുവരുത്തി നിര്‍ദേശം നല്‍കി; ദിലീപിനെതിരേ മുകേഷ്‌ വാ തുറന്നു

2017-07-12 01:57:26am |

കൊല്ലം: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടു ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ യോഗത്തില്‍ മാധ്യമങ്ങളോടു പൊട്ടിത്തെറിച്ച നടനും എം.എല്‍.എയുമായ മുകേഷിനെ സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റി അടിയന്തരമായി വിളിച്ചുവരുത്തി. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ കൊല്ലം ജില്ലാ സെക്രട്ടറിക്കു ഫോണില്‍ വിളിച്ചു നിര്‍ദേശം നല്‍കുകയായിരുന്നു.
കണ്ണൂരിലായിരുന്ന മുകേഷ്‌ കൊച്ചിയില്‍ ഇന്നലെ നടന്‍ മമ്മൂട്ടിയുടെ വസതിയില്‍ നടന്ന 'അമ്മ'യുടെ എക്‌സിക്യൂട്ടിവ്‌ യോഗത്തില്‍ പങ്കെടുക്കാതെയാണ്‌ ഉച്ചകഴിഞ്ഞു രണ്ടിനു കൊല്ലത്തെ പാര്‍ട്ടി ഓഫീസില്‍ എത്തിയത്‌. ദിലീപിനെ അനുകൂലിച്ചു രംഗത്തെത്തിയ മുകേഷിനോടു നിലപാടു വ്യക്‌തമാക്കാന്‍ ജില്ലാ സെക്രട്ടറി കെ.എന്‍.ബാലഗോപാല്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണു പരസ്യമായി പ്രതികരിക്കാന്‍ മുകേഷ്‌ തയാറായത്‌.

ദിലീപിനെ അറസ്‌റ്റ്‌ ചെയ്‌തെന്ന വാര്‍ത്ത ഞെട്ടലോടെയാണു താന്‍ കേട്ടതെന്നും ദിലീപിനെ കണ്ടതു സഹോദരനെ പോലെയാണെന്നും ഇത്തരക്കാരനാണെന്ന്‌ അറിഞ്ഞിരുന്നില്ലെന്നും സി.പി.എം. ജില്ലാ കമ്മിറ്റി ഓഫിസില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ മുകേഷ്‌ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
പള്‍സര്‍ സുനി തന്റെ ഡ്രൈവറായി നിന്നത്‌ ഒരു വര്‍ഷംമാത്രമാണ്‌. സുനിയെ അന്നു പുറത്താക്കിയത്‌ ക്രിമിനലാണെന്ന്‌ അറിഞ്ഞുകൊണ്ടല്ല. വാഹനം ഓടിക്കുന്നതിലുള്ള ഓവര്‍ സ്‌പീഡ്‌ കൊണ്ടാണു പുറത്താക്കിയത്‌. തന്റെ സഹപ്രവര്‍ത്തകകൂടിയായ നടി ആക്രമിക്കപ്പെട്ടപ്പോള്‍ അവരെ നേരിട്ടു ഫോണില്‍ വിളിച്ചിരുന്നു. ആദ്യം വിളിച്ചപ്പോള്‍ കിട്ടിയില്ല. പിന്നീടാണു വീണ്ടും വിളിച്ചത്‌. അന്വേഷണത്തില്‍ തൃപ്‌തിയുണ്ടോയെന്നു ആരാഞ്ഞിരുന്നു. എന്തു സഹായത്തിനും കൂടെയുണ്ടാകുമെന്ന്‌ ഉറപ്പും നല്‍കി.

ദിലീപ്‌ കുറ്റക്കാരനാണെന്ന്‌ അറിഞ്ഞപ്പോള്‍ ഏറ്റവും ശക്‌തമായ നിലപാടാണു തന്റെ പാര്‍ട്ടിയും സംഘടനയും എടുത്തത്‌. കഴിഞ്ഞ 'അമ്മ'യുടെ യോഗം നടക്കുന്ന സമയത്ത്‌ അദ്ദേഹം ആരോപണവിധേയനായിരുന്നു. അന്നയാള്‍ പറഞ്ഞതു നിരപരാധിയാണെന്നാണ്‌. അതു താന്‍ വിശ്വസിക്കുകയും ചെയ്‌തു. ഇപ്പോഴാണ്‌ കുറ്റം ചെയ്‌തെന്ന്‌ അറിയുന്നത്‌. ഇപ്പോള്‍ സത്യം തിരിച്ചറിഞ്ഞുവെന്നും മുകേഷ്‌ പറഞ്ഞു. 'അമ്മ'യുടെ യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംഭവിച്ച കാര്യത്തില്‍ താന്‍ ഖേദം പ്രകടിപ്പിച്ചതാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളാണു പ്രകോപനമുണ്ടാക്കിയതെന്നും ചോദ്യത്തിനു മറുപടിയായി മുകേഷ്‌ പറഞ്ഞു.