Latest News

ലൈംഗികച്ചുവയോടെ സംസാരിച്ചെന്നു നടിയുടെ പരാതി ; ജീന്‍ ഒരു വാക്കു പോലും അശ്ലീലം പറയാത്ത ആള്‍; നടി നനഞ്ഞിടം കുഴിക്കുന്നെന്ന് ലാല്‍

2017-07-26 03:40:33am |

കൊച്ചി: നായികനടി ആക്രമിക്കപ്പെട്ട കേസിന്റെ അന്തരീക്ഷം നിലനില്‍ക്കുന്നതിനാല്‍ എന്തും പറയാമെന്ന സ്ഥിതിയിലാണ് തന്റെ മകന്‍ ജീന്‍ പോള്‍ ലാലിനെതിരേ യുവനടി പോലീസില്‍ പരാതി നല്‍കിയതെന്ന് നടനും സംവിധായകനുമായ ലാല്‍. െലെംഗികച്ചുവയോടെ സംസാരിച്ചെന്നും അഭിനയിച്ചതിനു പ്രതിഫലം നല്‍കിയില്ലെന്നുമുള്ള പരാതിയില്‍ ലാല്‍ ജൂനിയറിനെതിരേ യുവനടി പരാതിപ്പെട്ട സാഹചര്യത്തിലാണു ലാലിന്റെ പ്രതികരണം.

പരാതി നല്‍കിയ നടിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ലാല്‍ ഉയര്‍ത്തിയത്. പരാതിക്കാരി നനഞ്ഞിടം കുഴിക്കുകയാണ്. ചിത്രീകരണം കഴിഞ്ഞ് ഇതുവരെയും പരാതി പറയാതിരുന്ന നടി ഇപ്പോള്‍ രംഗത്തുവന്നതിന്റെ കാരണം അവരോടുതന്നെ ചോദിക്കണം. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ പോയ പരാതിക്കാരി ഒട്ടും പ്രഫഷണലല്ല. അവരുടേത് ആദ്യ സിനിമയാണ്. അമ്പതിനായിരം രൂപയാണ് പ്രതിഫലം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അഭിനയം ഒട്ടും നല്ലതായിരുന്നില്ലെന്നും ചിത്രീകരണ ആവശ്യത്തിനുവേണ്ടി െകെയില്‍ താല്‍ക്കാലിക ടാറ്റൂ കുത്തണമെന്ന ആവശ്യത്തോട് മുഖം തിരിച്ചെന്നും ലാല്‍ പറഞ്ഞു.

ശ്രീനിവാസന്റെയും ലെനയുടെയും ഭാഗമാണ് ആദ്യം ഷൂട്ട് ചെയ്തത്. ഇതിനായി അല്‍പനേരം കാത്തിരുന്നപ്പോള്‍ത്തന്നെ യുവതി അസ്വസ്ഥത പ്രകടിപ്പിച്ചു. ഇതിനിടെ ശ്രീനാഥ് ഭാസിയുമൊത്തുള്ള സീന്‍ എടുത്തു. അടുത്ത സീനിനു വിളിച്ചപ്പോള്‍ ''കംഫര്‍ട്ടബിള്‍ അല്ല'' എന്നായിരുന്നു മറുപടി. ചിത്രീകരണവുമായി ബന്ധപ്പെട്ട് ടെന്‍ഷനിലായിരുന്ന സംവിധായകന്‍ ജീന്‍ പോളിന് ഇതോടെ ദേഷ്യം വന്നു. തുടര്‍ന്ന് ലൊക്കേഷന്‍ വിടാന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം സഹസംവിധായകനോടു പറഞ്ഞ് നടി മടങ്ങുകയും ചെയ്തു.

സെറ്റില്‍ ഇങ്ങനെ പെരുമാറിയ അവര്‍ക്കു പണം നല്‍കേണ്ടതില്ലെന്ന് താനാണു പറഞ്ഞത്. ഒരു മാസം മുന്‍പ് വക്കീല്‍ നോട്ടീസ് വന്നിരുന്നു. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ ചെന്ന് യഥാര്‍ഥ തിരക്കഥയും നടി അഭിനയിക്കാതെ പോയതിനാല്‍ തിരുത്തിയ തിരക്കഥയും കാണിച്ചു. അവര്‍ പകുതി അഭിനയിച്ചു രംഗങ്ങളും പോലീസ് കണ്ടു. ഈ നടി പോയശേഷം മറ്റൊരാളെ വച്ചാണ് പിന്നീടു ചിത്രീകരണം നടത്തിയത്.

നടിയുടേത് അനാവശ്യമായ പരാതിയാണ്. ഇതിനെ പിന്തുണച്ചാല്‍ ന്യായം അര്‍ഹിക്കുന്നവര്‍ക്കു കിട്ടാതെ വരും. ജീന്‍ ഒരു വാക്കു പോലും അശ്ലീലം പറയാത്ത ആളാണ്. താനും അങ്ങനെതന്നെ. ഞങ്ങളെ അറിയുന്ന എല്ലാവര്‍ക്കും അതറിയാമെന്നും ലാല്‍ പറഞ്ഞു. ജീന്‍ പോളും ശ്രീനാഥും ടിവിയില്‍ എത്തി മാപ്പുപറയണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. കേസ് നിയമപരമായി നേരിടും. പണം കൊടുത്ത് കേസ് ഒത്തുതീര്‍ക്കാനില്ലെന്നും ലാല്‍ വ്യക്തമാക്കി.

െലെംഗികച്ചുവയോടെ സംസാരിച്ചെന്നും സിനിമയില്‍ അഭിനയിച്ചതിനു പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്നുമുള്ള യുവനടിയുടെ പരാതിയില്‍ ലാല്‍ ജൂനിയര്‍ അടക്കം നാലു സിനിമാ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. സംവിധായകനും നടനുമായ ലാലിന്റെ മകനാണ് ലാല്‍ ജൂനിയര്‍ എന്ന ജീന്‍ പോള്‍ ലാല്‍.

യുവനടന്‍ ശ്രീനാഥ് ഭാസി, ടെക്‌നീഷ്യന്‍മാരായ അനൂപ്, അനിരുദ്ധ് എന്നിവര്‍ക്കും എതിരേയാണ് കൊച്ചി പനങ്ങാട് പോലീസ് കേസെടുത്തത്. ഹണിബീ, ഹണിബീ ടു, ഹായ് ഐ ആം ടോണി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ജീന്‍ പോള്‍ ലാല്‍. 2016 ല്‍ ഹണിബീ ടു ചിത്രീകരണത്തിനിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്നെന്നു പറയപ്പെടുന്ന സംഭവത്തിന്റെ പേരിലാണു കേസ്. അഭിനയിച്ചതിനു പ്രതിഫലം നല്‍കാത്തതിനെത്തുടര്‍ന്നുള്ള തര്‍ക്കത്തിനിടെ അശ്ലീലച്ചുവയോടെ സംസാരിച്ചെന്നാണു പരാതി.

നടി ഇന്നലെ നേരിട്ടെത്തിയാണ് സിറ്റി പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയത്. വഞ്ചന, സ്ത്രീകള്‍ക്കെതിരേ അപമര്യാദയായി പെരുമാറല്‍ എന്നിവയ്ക്ക് ഐ.പി.സി 420 എ, 354, 509 എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിഫലം ചോദിച്ചപ്പോള്‍ ജീനും സുഹൃത്തുക്കളും ചേര്‍ന്ന് പരിഹസിച്ചെന്നും െലെംഗികച്ചുവയോടെ സംസാരിച്ചുവെന്നുമാണ് യുവനടിയുടെ മൊഴി.