Latest News

നടിയുടെ പേര് വെളിപ്പെടുത്തിയ അജുവിനെതിരെ കേസ് റിമയ്‌ക്കെതിരെ കേസില്ല; പോലീസ് വെട്ടില്‍

2017-08-02 02:24:50am |

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ നടി റിമ കല്ലിങ്കലിനെതിരെ കേസെടുക്കാത്ത പോലീസ് വെട്ടില്‍. ഇതേ കുറ്റത്തിന് നടന്‍ അജു വര്‍ഗീസിനെതിരായി എടുത്ത കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി ഇന്ന് വ്യക്തമാക്കിയിരുന്നു. നടിക്ക് പരാതിയില്ലെങ്കിലും കേസ് നിലനില്‍ക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അജു കോടതിയെ സമീപിച്ചത്. ഇരയ്ക്ക് പരാതിയില്ലെന്നും അജു കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതേ കുറ്റം ചെയ്ത റിമയ്‌ക്കെതിരെ പോലീസ് കേസെടുക്കാത്തത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് റിമയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് നടിയുടെ പേര് വെളിപ്പെടുത്തിയത്. നടിയുടെ പേര് കുറിപ്പിന്റെ അവസാനമാണ് ചേര്‍ത്തിരുന്നത്. പിന്നീട് റിമ ഇത് നീക്കം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ സ്വദേശിയായ അബ്ദുള്ള പോലീസില്‍ പരാതി നല്‍കിയെങ്കിലും നടിക്ക് പരാതി ഇല്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്നായിരുന്നു പോലീസ് നിലപാട്.

അജുവിനെതിരായ കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ റിമയ്‌ക്കെതിരെ കേസെടുക്കാതിരുന്ന സാഹചര്യം പോലീസിന് വിശദീകരിക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ റിമ കല്ലിങ്കലിന്റെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് പോലീസ് നിയമോപദേശം തേടി.