Latest News

അയാളുടെ പേര് കേട്ട് ഞാന്‍ ഞെട്ടി; സിനിമയിലെ പാരയെക്കുറിച്ച് ഭാമയുടെ വെളിപ്പെടുത്തല്‍

2017-08-13 03:45:43am |

മലയാള സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന വാര്‍ത്ത ശരിവച്ച് നടി ഭാമ. പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭാമ ഇക്കാര്യം സ്ഥിരീകരിച്ചത്. ഇവര്‍ വിവാഹിതരായാല്‍ എന്ന സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ സജി സുരേന്ദ്രനെ ഒരാള്‍ വിളിച്ചു. ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ എല്ലാം ഫിക്‌സ് ചെയ്തു കഴിഞ്ഞു എന്ന് പറഞ്ഞപ്പോള്‍ ഭാമ തലവേദനയാകുമെന്ന് മുന്നറിയിപ്പ്. എന്നാല്‍ സജി സുരേന്ദ്രന്‍ അത് കാര്യമാക്കാതെ മുന്നോട്ട് പോകുകയായിരുന്നു.

സജി സുരേന്ദ്രന്‍ അടക്കം പല സംവിധായകരും തന്നോട് ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് ഭാമ പറഞ്ഞു. അടുത്ത കാലത്ത് മറുപടി എന്ന സിനിമയില്‍ അഭിനയിച്ചു. ചിത്രീകരണം തീരാറായ ദിവസങ്ങളില്‍ വിനു പറഞ്ഞു, നീ എനിക്ക് തലവേദന ഒന്നും ഉണ്ടാക്കിയില്ലല്ലോ. സിനിമ തുടങ്ങുന്നതിന് മുന്‍പ് ഒരാള്‍ വിളിച്ച് ഭാമയെ മാറ്റണമെന്ന് ആവശ്യപ്പെട്ടുവെന്ന് ഭാമയോട് വിനു വെളിപ്പെടുത്തി.

തുടര്‍ന്ന് വിഎം വിനുവിനോട് അയാള്‍ ആരാണെന്ന് ഭാമ ചോദിച്ചു. ഒരു കരുതലിന് വേണ്ടിയാണ് പേര് ചോദിച്ചത്. വിനുച്ചേട്ടന്‍ പറഞ്ഞ പേര് കേട്ട് ഞാന്‍ ഞെട്ടി. ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന ആള്‍. ചില ചടങ്ങുകളില്‍ വച്ച് അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. മറ്റൊരു ബന്ധവും അദ്ദേഹവുമായി ഇല്ല. മറ്റ് പ്രശ്‌നങ്ങളുമില്ല. എന്നിട്ടും എന്റെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ അദ്ദേഹം ശ്രമിച്ചത് എന്തിനാണെന്ന് അറിയില്ല-ഭാമ പറഞ്ഞു.

പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്തതും ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ പറയുന്നതും കൊണ്ടാകാം തന്റെ അവസരം ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിച്ചതെന്നും ഭാമ പറഞ്ഞു.